ഐ ഫോണ്‍ 16 സീരിസ് ഇന്നലെയാണ് ഇന്ത്യയില്‍ വില്‍പ്പന തുടങ്ങിയത്. പുത്തന്‍ ഫോണ്‍ വാങ്ങാന്‍ 21 മണിക്കൂറോളം ക്യൂ നിന്നവരുടെ വാര്‍ത്തകള്‍ പുറത്തുവന്നിട്ട് അധികം നേരമായില്ല. ക്യൂ നിന്ന് കാലുകഴയ്ക്കേണ്ടെന്നും ഓര്‍ഡര്‍ ചെയ്താല്‍ വെറും 10 മിനിറ്റില്‍ ഫോണ്‍ വീട്ടിലെത്തിക്കാമെന്നുമാണ് പ്രമുഖ ഡെലിവറി ശൃഖലയായ ബിഗ്ബാസ്കറ്റിന്‍റെ വാഗ്ദാനം. വീട്ടുപടിക്കല്‍ ഐ ഫോണ്‍ എത്തിക്കുന്ന ബിഗ്ബാസ്കറ്റിന്‍റെ ഈ സൗകര്യം ബെംഗളൂരു, ഡല്‍ഹി–എന്‍സിആര്‍, മുംബൈ എന്നീ നഗരങ്ങളിലാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴുമിനിറ്റില്‍ ബെംഗളൂരുവിലെ ഉപഭോക്താവിന് ഇന്നലെ തന്നെ ഫോണ്‍ എത്തിച്ചുവെന്നും കമ്പനി വ്യക്തമാക്കുന്നു. ടാറ്റയുടെ കീഴില്‍ വരുന്ന ബിഗ്ബാസ്കറ്റും ക്രോമയും ചേര്‍ന്ന് സ്മാര്‍ട്ട്ഫോണ്‍ മുതല്‍ ലാപ്ടോപും പ്ലേ സ്റ്റേഷനും വരെ ഇത്തരത്തില്‍ വീട്ടിലെത്തിച്ച് നല്‍കുന്നുണ്ട്.
ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രേലിയ, കാനഡ, ചൈന, ഫ്രാന്‍സ്, ജപ്പാന്‍, മലേഷ്യ, യുഎഇ എന്നിങ്ങനെ 58രാജ്യങ്ങളിലാണ് ഇന്നലെ വിപണിയിലെത്തിയത്.
1,19.900 രൂപയാണ് ഐ ഫോണ്‍ 16 പ്രൊയുടെ വില. പ്രൊ മാക്സിന്‍റെ വില 1,44,900ത്തില്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. 128 ജിബി, 256 ജിബി,512 ജിബി 1 ടിബി എന്നിങ്ങനെയുള്ള സ്റ്റോറജോട് കൂടിയാണ് ഐ ഫോണ്‍ 16 പ്രൊയം ഐ ഫോണ്‍ 16 പ്രൊ മാക്സും വിപണിയില്‍ എത്തുന്നത്. ഐ ഫോണുകളില്‍ ഏറ്റവും വലിയ സ്ക്രീനും ഇത്തവണ ഇറങ്ങിയ ഫോണിലാണുള്ളത്. 6.3 ഇഞ്ച് മുതല്‍ 6.9 ഇഞ്ച് വരെയാണ് ഐ ഫോണ്‍ 16 സീരിസിന്‍റെ ഡിസ്പ്ലേ. ഐ ഫോണ്‍ 16 ന് 79,900ത്തിലും ഐ ഫോണ്‍ 16 പ്ലസിന് 89,900ത്തിലുമാണ് വില ആരംഭിക്കുന്നത്. ഐ ഫോണ്‍ 16 ഉം ഐ ഫോണ്‍ 16 പ്ലസും 128 ജിബി, 256 ജിബി,512 ജിബി സ്റ്റോറജുകളില്‍ ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. എല്ലാ മോഡലുകളും രാജ്യത്തെ ആപ്പിള്‍ സ്റ്റോറുകളിലും മറ്റ് റീടെയില്‍ സ്റ്റോറുകളിലും ഓണ്‍ലൈനായും വാങ്ങാന്‍ കഴിയും.
സൂപ്പറാണ് ആപ്പിള്‍ ഇന്‍റലിജന്‍റ്സ്
ആപ്പിള്‍ ഇന്‍റലിജന്‍റ്സ് യുഎസ് ഇംഗ്ലിഷ് പതിപ്പാണ് ഐ ഫോണ്‍ 16 സീരിസിന്‍റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. ആപ്പിള്‍ ഇന്‍റലിജന്‍റ്സിന്‍റെ സഹായത്തോടെ ടെക്സ്റ്റുകള്‍ മാറ്റിയെഴുതാനും തെറ്റു തിരുത്താനും സംഗ്രഹിക്കാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. നോട്സില്‍ ഉപഭോക്താവിന് റെക്കോര്‍ഡ് ചെയ്യാനും അത് പകര്‍ത്തിയെഴുതാനും ശബ്ദം റെക്കോര്‍ഡ് ചെയ്തത് സംഗ്രഹിക്കാനും ആപ്പിള്‍ ഇന്‍റലിജന്റ്സ് സഹായിക്കും. ഇനി സംസാരിക്കുന്നതിനിടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്താല്‍, അതിലെ പ്രസക്തമായ കാര്യങ്ങള്‍ മാത്രമായി ആപ്പിള്‍ ഇന്‍റലിജന്‍റ്സ് വിവരിച്ച് നല്‍കുകയും ചെയ്യും.6 കോര്‍ ജിപിയു ചിപ്സെറ്റുള്ള A18 പ്രൊ ചിപ്പാണ് ഐ ഫോണ്‍ 16 സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോണിലെ നിര്‍മിത ബുദ്ധി പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനാണ് ഇത് സഹായിക്കുക. മുന്‍തലമുറ ഫോണിനെക്കാള്‍ 20 ശതമാനം വേഗതയും വര്‍ക്ക് ലോഡിന്‍റെ കാര്യത്തില്‍ 15 ശതമാനം വേഹതയും ചിപ്പ് നല്‍കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.