ആപ്പിളിന്‍റെ ഏറ്റവും പുതിയ മോഡലായ ഐ ഫോണ്‍ 16 സീരിസിന് വിലക്കേര്‍പ്പെടുത്തി ഇന്തൊനീഷ്യ. വിദേശത്ത് നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങി ഇന്തൊനീഷ്യയിലെത്തിച്ച് ഉപയോഗിക്കാമെന്ന് കരുതരുതെന്നും നിയമവിരുദ്ധമാണ് അത്തരം നടപടിയെന്നും വ്യവസായ മന്ത്രി അഗസ് ഗൂമിവാങ് കാതസാസ്മിത വ്യക്തമാക്കി. ആരെങ്കിലും ഉപയോഗിക്കുന്നത് കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. പുതിയ മോഡലിന് ഐഎംഇഐ (IMEI) നമ്പറില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 12 ശതമാനമാണ് ഇന്തൊനീഷ്യന്‍ വിപണിയിലെ ആപ്പിളിന്‍റെ സാന്നിധ്യം.
വിലക്കിന് കാരണം എന്ത്?
വന്‍ നിക്ഷേപ പദ്ധതികളാണ് ഇന്തൊനീഷ്യയില്‍ ആപ്പിള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 95 ദശലക്ഷം ഡോളറിന്‍റെ നിക്ഷേപം മാത്രമാണ് ടെക് ഭീമന്‍ നടത്തിയത്. 14.75 ദശലക്ഷം ഡോളറിന്‍റെ നിക്ഷേപം വെറും വാഗ്ദാനത്തിലൊതുങ്ങി. വാക്കു പാലിക്കാന്‍ ആപ്പിള്‍ പഠിക്കേണ്ടതുണ്ടെന്നായിരുന്നു ഇക്കാര്യത്തില്‍ മന്ത്രിയുടെ പ്രതികരണം. ആപ്പിള്‍ അവരുടെ വാഗ്ദാനം നടപ്പിലാക്കിയ ശേഷം ഐ ഫോണ്‍ 16ന് രാജ്യത്ത് വില്‍പ്പനാനുമതി നല്‍കുന്നത് ആലോചിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫോണിന്‍റെ പുതിയ മോഡലിന് അനുമതി നല്‍കുന്നതിന് തടസമുണ്ടെന്ന് ഈ മാസം ആദ്യമാണ് കതസാസ്മിത പ്രഖ്യാപിച്ചത്. ഇന്തൊനീഷ്യയില്‍ വില്‍പ്പന നടത്തണമെങ്കില്‍ നിബന്ധനകള്‍ പാലിക്കണമെന്നും ആപ്പിളിന് മാത്രമായി ഇളവുകളില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ഗവേഷണ, വികസന പദ്ധതിയുടെ ഭാഗമായി ആപ്പിള്‍ അക്കദമിക്സ് ഇന്തൊനീഷ്യയില്‍ കമ്പനി പ്രഖ്യാപിച്ചെങ്കിലും നടപ്പിലാക്കിയില്ല. ഇന്തൊനീഷ്യയില്‍ ഐ ഫോണ്‍ നിര്‍മാണശാലകള്‍ ആരംഭിക്കുന്നതടക്കം പരിഗണനയിലാണെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് തന്‍റെ സന്ദര്‍ശനത്തിനിടെ വാഗ്ദാനം ചെയ്തിരുന്നു.
സെപ്റ്റംബര്‍ 20ന് പുറത്തിറങ്ങിയ ആപ്പിള്‍ ഐ ഫോണ്‍ ഇപ്പോഴും ഇന്തൊനീഷ്യയില്‍ ലഭ്യമല്ല. ഇതിന് പുറമെ ആപ്പിളിന്‍റെ പുതിയ വാച്ച് സീരിസും ലഭ്യമല്ല. ഇന്തൊനീഷ്യ മുന്നോട്ട് വച്ചിരിക്കുന്ന നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമേ ആപ്പിളിന് ഐ ഫോണ്‍ വില്‍പ്പനയ്ക്കുള്ള അനുമതി നല്‍കുകയുള്ളൂവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.