കമ്മ്യൂണിറ്റി നാവിഗേഷൻ ആപ്പായ വേസ് ഉപയോഗിച്ച് ട്രാഫിക് അലേർട്ടുകൾ ഗൂഗിള്‍ മാപ്പിലും ലഭ്യമാക്കാനൊരുങ്ങി ഗൂഗിള്‍. ട്രാഫിക് മുന്നറിയിപ്പ് മുതല്‍ വഴിയിലെ പൊലീസുകാരുടെ സാന്നിധ്യം വരെ വേസ് വഴി ഇനി ഗൂഗിള്‍ മാപ്പില്‍ ലഭ്യമാകുമെന്നാണ് 9to5Google റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാർ, ബൈക്ക് ഉപയോക്താക്കൾക്ക് മാത്രമായി നിർമ്മിച്ച ഒരു കമ്മ്യൂണിറ്റി-ഡ്രൈവ് നാവിഗേഷൻ ആപ്പാണ് വേസ്. പൊലീസ് അലർട്ടുകൾ, അപകട മുന്നറിയിപ്പുകൾ, ഗതാഗതക്കുരുക്ക് സംബന്ധിച്ച വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് വേസിലൂടെ പങ്കുവെക്കാനാകും. ഗൂഗിള്‍ മാപ്‌സിൽ നിന്ന് വ്യത്യസ്തമായി ട്രാഫിക് സാഹചര്യങ്ങള്‍ അനുസരിച്ച് സ്വയം വേസ് റൂട്ട് മാറ്റും. ഏറ്റവും സുഗമവും എളുപ്പവുമായ വഴികള്‍ നിര്‍ദേശിക്കുകയും ചെയ്യും.
ജൂലൈയിൽ വേസും ഗൂഗിൾ മാപ്‌സും കൂടുതല്‍ ഡാറ്റ പരസ്പരം കൈമാറുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. ഇതുവഴി പൊലീസ് സാന്നിധ്യം, അടച്ചിട്ട റോഡുകള്‍, വഴിയിലെ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍, സ്പീഡ് ക്യാമറകൾ തുടങ്ങിയ അലര്‍ട്ടുകളെല്ലാം ഗൂഗിള്‍ മാപ്പില്‍ ലഭ്യമാകും. ഗൂഗിൾ മാപ്‌സ് ഇതിനകം തന്നെ ട്രാഫിക് അലർട്ടുകൾ നല്‍കുന്നുണ്ടെങ്കിലും വേസ് നല്‍കുന്നപോലുള്ള അപ്‌ഡേറ്റുകൾ ഇതാദ്യമാണ്. ഉപയോക്താക്കൾക്ക് വഴിയില്‍ തടസം നേരിട്ടാല്‍ ഗൂഗിള്‍ മാപ്പില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും.
2008ല്‍ ഒരു ഇസ്രയേലി കമ്പനിയാണ് വേസ് നിര്‍മ്മിച്ചത്. ഇത് പിന്നീട് 2013ല്‍ ഗൂഗിള്‍ ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്‍റെ ഭാഗമാണ് വേസ്. 2022ലാണ് ഗൂഗിള്‍ മാപും വേസും പരസ്പരം സഹകരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. എന്നാൽ വേസ് ഒരു വേറിട്ട പ്ലാറ്റ്ഫോമായി തന്നെ തുടരുമെന്നും കമ്പനി അറിയിച്ചിരുന്നു.