ഒന്നര മിനുട്ട് ഇനി പഴങ്കഥ, മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള റീലുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കാം.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാം സി.ഇ.ഒ ആദം മോസേരി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അടുത്തിടെ ഗൂഗിളും യൂട്യൂബ് ഷോര്‍ട്സിന്‍റെ ദൈര്‍ഘ്യം മൂന്ന് മിനുട്ടാക്കിയായിരുന്നു. അമേരിക്കയില്‍ ടിക് ടോക് ബാന്‍ പിന്‍വലിക്കുന്നതിനും ഏതാനും മണിക്കൂറുകള്‍ മുന്‍പായിരുന്നു ഇത്.എന്തൊക്കെ പറഞ്ഞാലും 60 മിനുട്ട് വരെ ദൈര്‍ഘ്യമുള്ള വിഡിയോ അപ്ലോഡ് ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന ടിക്ടോകിനെ കടത്തിവെട്ടാന്‍ ആവില്ലെന്നാണ് ടെക് ലോകത്തെ സംസാരം.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീലില്‍ മൊസേരി പറയുന്നതിങ്ങനെയാണ്. 'നിങ്ങള്‍ക്കിനി മൂന്ന് മിനുട്ട് വരെയുള്ള റീലുകള്‍ ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്യാം, മുന്‍പ് ഇത് 90 സെക്കന്‍റായിരുന്നു.അത് ഇന്‍സ്റ്റാഗ്രാമില്‍ ദൈര്‍ഘ്യം കുറഞ്ഞ വിഡിയോകള്‍ പങ്കുവെച്ചാല്‍ മതിയെന്ന ഉദ്ദേശത്തോടുകൂടെയായിരുന്നു.എന്നാല്‍ പല ക്രിയേറ്റേഴ്സും 90 സെക്കന്‍റ് ദൈര്‍ഘ്യം വളരെ കുറവാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഇനി ക്രിയേറ്റേഴ്സിന് തങ്ങളുടെ സ്റ്റോറികള്‍ നന്നായി ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ'. ഇതിനോടൊപ്പം ഇന്‍സ്റ്റാഗ്രാമിന്‍റെ പ്രൊഫൈല്‍ ഗ്രിഡ് സൈസിലും മാറ്റം വന്നു.നിലവില്‍ സമചതുരാകൃതിയിലാണ് ഇന്‍സ്റ്റഗ്രാമില്‍ ഗ്രിഡ് കാണാന്‍ കഴിയുക. ഇത് ദീര്‍ഘചതുരാകൃതിയിലാകും ഇനിമുതല്‍ ലഭ്യമാകുക. തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അനാവശ്യമായി ക്രോപ്പ് ചെയ്ത് കാണുന്നതിനേക്കാള്‍ ഇങ്ങനെ കാണാനാകും ആളുകള്‍ക്ക് ഇഷ്ടമെന്ന് ഇന്‍സ്റ്റഗ്രാം മേധാവി പറയുന്നു.
റീല്‍സിനെ പ്രത്യേകമായി കാണിക്കുന്നിടത്തും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ സുഹൃത്തുക്കള്‍ ലൈക്ക് ചെയ്ത വീഡിയോകള്‍ പ്രത്യേകമായി കാണിക്കുന്ന വിഭാഗം കൂടി ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചുകഴിഞ്ഞു. ഈ വീഡിയോകള്‍ പ്രത്യേക ഫീഡിലാണ് ഇനി കാണാന്‍ കഴിയുക. ആദ്യഘട്ടത്തില്‍ തിരഞ്ഞടുക്കപ്പെട്ട ചില രാജ്യങ്ങളില്‍ മാത്രമാണ് ഈ മാറ്റങ്ങള്‍ ലഭ്യമാകുക. മറ്റ് രാജ്യങ്ങളിലേക്ക് പിന്നീടാണ് ഈ മാറ്റങ്ങളെത്തുക.