ഐഫോണ്‍ പ്രേമികള്‍ക്ക് ആവേശമായി 2022ന് ശേഷം ആദ്യമായി എസ്ഇ സീരീസ് ഐഫോണ്‍ വിപണിയിലേക്ക്. ആപ്പിളിന്‍റെ ബജറ്റ്-ഫ്രണ്ട്‌ലി എന്ന് വിശേഷിപ്പിക്കാവുന്ന എസ്ഇ 4 സ്മാര്‍ട്ട്‌ഫോണ്‍ അടുത്ത ആഴ്‌ച പുറത്തിറക്കിയേക്കുമെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതീക്ഷിച്ചതിലും നേരത്തെയാണിത്. ഫോണ്‍ അടുത്ത ആഴ്ച ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്.
ആപ്പിളിന്‍റെ ഫ്ലാഗ്‌ഷിപ്പ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിലക്കുറവാണ് എന്നതാണ് ഐഫോണ്‍ എസ്ഇ സീരീസിന്‍റെ പ്രത്യേകത. 2022ല്‍ ഇറങ്ങിയ എസ്ഇ 3 സ്മാര്‍ട്ട്ഫോണിന് ഇന്ത്യയില്‍ 39,999 രൂപയായിരുന്നു വില. എന്നാല്‍ എസ്ഇ 4ന്‍റെ വില ഇതിലും ഉയരും. എ18 ചിപ്പ്, ആപ്പിള്‍ ഇന്‍റലിജന്‍സ്, 48 എംപി ക്യാമറ അടക്കമുള്ള പ്രീമിയം ഫീച്ചറുകള്‍ ചേരുന്നതാണ് ഐഫോണ്‍ എസ്ഇ 4ന്‍റെ വില ഉയരാന്‍ ഇടയാക്കുന്നത്.
ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ കഴിയുന്ന രീതിയില്‍ 48 എംപിയുടെ സിംഗിള്‍ റീയര്‍ ക്യാമറയായിരിക്കും ഐഫോണ്‍ എസ്ഇ 4ന്‍റെ ഒരു സവിശേഷത. മൂന്നാം തലമുറ എസ്ഇയിലുണ്ടായിരുന്നത് 12 എംപി സെന്‍സര്‍ മാത്രമായിരുന്നു. ആപ്പിളിന്‍റെ കരുത്തുറ്റ എഐ18 ചിപ്പില്‍ വരുന്ന എസ്ഇ 4 ഫോണില്‍ എഐ ഫീച്ചറുകളുണ്ടാകും. ഐഫോണ്‍ 16 സിരീസ് ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ക്ക് ഉപയോഗിച്ച ചിപ്പാണ് എ18. ചരിത്രത്തിലാദ്യമായി എസ്ഇ സീരീസില്‍ ഫേസ് ഐഡി വരുന്നു എന്ന സവിശേഷതയും ഐഫോണ്‍ എസ്ഇ നാലാം തലമുറ ഫോണിനുണ്ട്.
ഡിസൈനിലുമുണ്ടാകും ഐഫോണ്‍ എസ്ഇ 4ന് മാറങ്ങള്‍. ഐഫോണ്‍ 14ന്‍റെ അതേ മോഡലിലാണ് എസ്ഇ 4 പുറത്തിറക്കുക എന്നാണ് സൂചന. 6.1 ഇഞ്ച് വരുന്ന ഫുള്‍-സ്ക്രീന്‍ ഡിസ്‌പ്ലെയാണ് ഫോണിന് വരിക. അതായത്, ഹോം ബട്ടണോ ബെസ്സെല്‍സോ ഫോണിലുണ്ടാവില്ല. ക്യാമറ, ചിപ്പ് എന്നിവയ്ക്ക് പുറമെ ബാറ്ററിയിലും ഐഫോണ്‍ എസ്ഇ 4 വമ്പന്‍ അപ്‌ഡേറ്റ് കൊണ്ടുവരും എന്നാണ് പ്രതീക്ഷ.