image: x.com/Bubblebathgirl
ജീന്‍സിന്‍റെ ബാക്ക് പോക്കറ്റിലിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പരുക്ക്. ബ്രസീലിലെ അനപൊലിസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പച്ചക്കറിയും സാധനങ്ങളും വാങ്ങുന്നതിനായി സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ യുവതിയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സ്മാര്‍ട്ട്ഫോണുകള്‍ അകാരണമായി പൊട്ടിത്തെറിക്കുന്നതിന്‍റെ കാരണങ്ങളെ കുറിച്ച് ഇതോടെ ചര്‍ച്ചകളും സജീവമായി.
ഇളംനീല ജീന്‍സും വെള്ള ടീഷര്‍ട്ടും ധരിച്ച യുവതിയെ ദൃശ്യങ്ങളില്‍ കാണാം. ഭര്‍ത്താവുമൊത്ത് സൂപ്പര്‍മാര്‍ക്കറ്റിലെത്തിയതായിരുന്നു യുവതി. റാക്കിലിരിക്കുന്ന സാധനങ്ങള്‍ തിരയുന്നതിനിടെ പെട്ടെന്ന് ജീന്‍സിന്‍റെ പിന്‍ഭാഗത്തെ പോക്കറ്റിലിരുന്ന ഫോണ്‍ തീ പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ ആല്‍ഫ്രെദോ അബ്രോവ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ കയ്യിലും നെറ്റിയിലും പിന്‍ഭാഗത്തും പുറത്തും സാരമായ പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിന്‍റെ നടുക്കം ഇതുവരെയും തന്നെയും ഭാര്യയെയും വിട്ടുമാറിയിട്ടില്ലെന്ന് യുവതിയുടെ ഭര്‍ത്താവായ മത്തേവൂസ് ലീമ പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചു.
ഒരു വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ള മോട്ടറോളെ മോട്ടോ ഇ32 എന്ന ഫോണാണ് പൊട്ടിത്തെറിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൊബൈല്‍ഫോണ്‍ ശരീരത്തിലെ അവയവങ്ങളിലൊന്നിനെ പോലെ ആയതിന് പിന്നാലെ ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നത് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് ആളുകള്‍ പറയുന്നു. ബാറ്ററി അമിതമായി ചൂടായി പൊട്ടിത്തെറിക്കുന്നതാണെന്നും ബാറ്ററിയുടെ തകരാറുകളാണ് ഇത്തരം അപകടങ്ങളുണ്ടാക്കുന്നതെന്നുമാണ് പലരും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നത്.
നിലവാരമുള്ള ബാറ്ററി കമ്പനികള്‍ ഉപയോഗിക്കണമെന്നും പണം മുടക്കി വാങ്ങുന്ന ജനങ്ങളുടെ ജീവനെടുക്കുന്നതാവരുത് മൊബൈല്‍ ഫോണെന്നും ഒരാള്‍ വിഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തു. നിലവാരമില്ലാത്ത ബാറ്ററികള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഫോണുകള്‍ നിരോധിക്കണമെന്നും ചിലര്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ഹിമാചല്‍പ്രദേശിലെ സലൂണിയില്‍ കഴിഞ്ഞ ഡിസംബറില്‍ മൊബൈല്‍ഫോണ്‍ പൊട്ടിച്ചെറിച്ച് യുവതി മരിച്ചിരുന്നു.