airpod

TOPICS COVERED

ലോകത്ത് 10ല്‍ ഒരാള്‍ക്ക് കേള്‍വി സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നാണ് പഠനം. പ്രശ്നം ഗുരുതരമാകാതെ വൈദ്യസഹായം തേടുന്നവര്‍ കുറവാണ്. അപ്പോഴേക്കും ശ്രവണ സഹായികള്‍ അനിവാര്യമായിക്കഴിഞ്ഞിട്ടുണ്ടാകും. എന്നാല്‍ നമ്മുടെ സമൂഹം ശ്രവണസഹായി ഉപയോഗിക്കുന്നവരോട് സ്വീകരിക്കുന്ന മനോഭാവം മൂലം പലരും അവ ഉപയോഗിക്കാറില്ല. ഇവരെ ലക്ഷ്യമിട്ടാണ് ആപ്പിളിന്‍റെ പുതിയ പദ്ധതി.

Also Read; ഐ ഫോണ്‍ 16 വിലക്കി ഇന്തൊനീഷ്യ; ഉപയോഗം നിയമവിരുദ്ധം; ആപ്പിളിന് തിരിച്ചടി

അമേരിക്കയിലെ വൈദ്യരംഗത്തെ റെഗുലേറ്റിങ് ബോഡിയായ ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍റെ (എഫ്.ഡി.എ) അംഗീകാരമാണ് ആപ്പിളിന് ലഭിച്ചത്. അതായത് ശ്രവണ സഹായിക്ക് പകരം എയര്‍പോഡ് പ്രോ 2 ഉപയോഗിക്കാം. അടുത്ത അപ്ഡേറ്റ് മുതലാണ് ശ്രവണസഹായിയാകാനുള്ള ശേഷി എയര്‍പോഡ് പ്രോ രണ്ടിന് കൈവരുക. അമേരിക്കയിലും കാനഡയിലുമാണ് പുതിയ സേവനം ലഭിക്കുക. വലിയ ശബ്ദങ്ങളില്‍ നിന്ന് നമ്മുടെ കാതുകളെ സംരക്ഷിക്കുന്ന ഫീച്ചറും ഇതിലുണ്ടാകും. ഐഫോണിനൊപ്പം ഉപയോഗിക്കാനാകും. അടുത്ത ആഴ്ചയിലെ IOS18 അപ്ഡേറ്റില്‍ ഇത് പുഷ് ചെയ്യുമെന്നാണ് ആപ്പിള്‍ അറിയിക്കുന്നത്.

Also Read; വൈദ്യുതി ഊറ്റി കുടിക്കുന്ന AI; ന്യൂക്ലിയർ ഊർജ്ജത്തിലേക്ക് കടക്കാൻ കമ്പനികൾ

ശ്രവണ പരിശോധനയും ഐഫോണിലൂടെ നടത്താനാകും. എഫ്ഡിഎ അംഗീകൃത സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ലഭിച്ചാല്‍ ഇത് പരിശോധിക്കാനുള്ള ഫീച്ചര്‍ ഉണ്ടാകും. ശബ്ദമില്ലാത്ത ഒരു മുറിക്കുള്ളിലിരുന്ന് 10 മിനുറ്റിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാം. ഇതിന്‍റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും എയര്‍പോഡ് പ്രോ 2 പ്രവര്‍ത്തിക്കുക. ഇതിലൂടെ ചെറിയ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്താനും, ഇയര്‍ഫോണ്‍ ഉപയോഗിച്ച് പ്രശ്നം ഗുരുതരമാകുന്നത് തടയുകയും ചെയ്യും. പ്രശ്നം ഗുരുതരമാണെങ്കില്‍ വൈദ്യസഹായം തേടാനും നിര്‍ദേശിക്കും.

ആരോഗ്യ മേഖലയിലേക്ക് കടക്കാനുള്ള ആപ്പിളിന്‍റെ ശ്രമത്തിന്‍റെ ഭാഗമായാണ് പുത്തന്‍ നീക്കം. അമേരിക്കയിലെ ആരോഗ്യ മേഖല 2030ഓടെ 15 ട്രില്ല്യണ്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് പഠനം. ശ്രവണ സഹായിയേക്കാള്‍ വിലകുറവായതിനാലും, കാഴ്ചയില്‍ ഇയര്‍ഫോണായതിനാലും എയര്‍പോഡുകള്‍ക്ക് ആവശ്യക്കാരുണ്ടാകും. നിലവില്‍ മന്ദഗതിയിലായ എയര്‍പോ‍ഡ് പ്രോ 2 വിന്‍റെ വില്‍പന ഇതിലൂടെ വര്‍ദ്ധിപ്പിക്കാമെന്നാണ് ആപ്പിളിന്‍റെ കണക്കുകൂട്ടല്‍.

Also Read; AIക്കും അപ്പുറം; ക്വാണ്ടം കംപ്യൂട്ടിങ് എന്ന മഹാവിപ്ലവം

2019 മുതലാണ് ആപ്പിള്‍ ഇതില്‍ പഠനം ആരംഭിച്ചത്. 160,000 പേര്‍ പരീക്ഷണങ്ങളുടെ ഭാഗമായതായി കമ്പനി അറിയിക്കുന്നത്. 118 കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് എയര്‍പോഡിന് എഫ്.ഡി.എ അംഗീകാരം നല്‍കിയത്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള ‘ഡി നോവോ’ ടെസ്റ്റും എയര്‍പോഡ് പ്രോ 2 പാസായിരുന്നു.

ENGLISH SUMMARY:

Apple turning AirPods into hearing aids underscores effort to crack massive health market