mq-9b-drones

ഇന്ത്യന്‍ സായുധസേനകള്‍ക്ക് ഗെയിം ചേഞ്ചറാകാനെത്തുന്നു MQ 9B ഡ്രോണുകള്‍. മൂന്ന് സേനകള്‍ക്കുമായി 31 ഡ്രോണുകള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പിട്ടു. 32,000 കോടി രൂപയുടെ കൂറ്റന്‍ പ്രതിരോധ ഇടപാടാണിത്.

ഇന്ത്യയുടെ കര– സമുദ്ര– വ്യോമ അതിര്‍ത്തികള്‍ കാക്കാനും ആവശ്യമെങ്കില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ലക്ഷ്യങ്ങളെ ആക്രമിക്കാനും ലക്ഷ്യമിട്ടാണ് ഹണ്ടര്‍ കില്ലറുകള്‍ എന്ന് വിളിപ്പേരുള്ള 31 MQ - 9 ബി ഡ്രോണുകള്‍ ഇന്ത്യ വാങ്ങുന്നത്. അമേരിക്കന്‍ കമ്പനിയായ ജനറല്‍ ആറ്റോമിക്സില്‍നിന്നാണ് ഡ്രോണുകളെത്തുക. നാവികസേനയ്ക്കായി 15 സീ ഗാര്‍ഡിയന്‍ ഡ്രോണുകളും കര–വ്യോമ സേനകള്‍ക്കായി എട്ട് വീതം സ്കൈ ഗാര്‍ഡിയന്‍ ഡ്രോണുകളുമാണ് വാങ്ങുക. ഹെല്‍ഫയര്‍ മിസൈലുകളും ലേസര്‍ നിയന്ത്രിത ബോംബുകളടക്കം ആയുധങ്ങളുടെ വലിയൊരു നിര തന്നെ ഓരോ ഡ്രോണുകളിലുമുണ്ടാകും. 

അല്‍ ഖായിദ തലവനായിരുന്ന അയ്മന്‍ അല്‍ സവാഹിരിയെ 2022 ജൂലൈയില്‍ കാബൂളില്‍വച്ച് അമേരിക്ക വധിച്ചത് ഇതേ ഡ്രോണുകളില്‍നിന്ന് വര്‍ഷിച്ച ഹെല്‍ഫയര്‍ മിസൈല്‍ ഉപയോഗിച്ചാണ്. നാല് ഹെല്‍ഫയര്‍ മിസൈലുകളും 450 കിലോഗ്രാം ബോംബുകളും വഹിച്ച് 35 മണിക്കൂര്‍ വരെ പറക്കാന്‍ ഡ്രോണുകള്‍ക്ക് കഴിയും. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി സംഘര്‍ഷം തുടരുമ്പോള്‍ MQ  9 ബി ഡ്രോണുകളുടെ വരവ് ഇന്ത്യയ്ക്ക് വന്‍ മുതല്‍ക്കൂട്ടാണ്. ആവശ്യം വന്നാല്‍ പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാംപുകളെയും ലക്ഷ്യമിടാം.

ENGLISH SUMMARY:

India and the United States have signed a deal for the purchase of 31 MQ-9B drones for the three armed forces. This massive defense deal, worth ₹32,000 crore, is set to be a game-changer for the Indian military.