റോഡിലെ നിയമലംഘനങ്ങള്‍ പോലെ കൃഷി സ്ഥലത്തിറങ്ങുന്ന വന്യമൃഗങ്ങളേയും എഐ പിടികൂടിയോലോ. വന്യമൃഗങ്ങളെ തുരത്താന്‍ എഐ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയാണ് ശിവാനി ശിവകുമാറും ജയസൂര്യയും. രണ്ട് പേരും എറണാകുളം ഭവന്‍സ് ആദര്‍ശ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്.
പടക്കം എറിയേണ്ട, പന്തവും പാട്ടയും വേണ്ട, രാത്രിയും പകലുമില്ലാതെ കൃഷിയിടത്തിന് കാവലിരിക്കേണ്ട, അതെല്ലാം ഇനി എഐ ചെയ്യും. വന്യമൃഗം കൃഷിയിടത്തില്‍ പ്രവേശിച്ചാലുടന്‍ ക്യാമറ മൃഗത്തെ തിരിച്ചറിയും, മൊബൈല്‍ ഫോണില്‍ ജാഗ്രതാ നിര്‍ദേശവും എത്തും. അള്‍ട്രാ ശബ്ദ തരംഗങ്ങള്‍, സ്ട്രാബ് ലൈറ്റുകള്‍, വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത ഓര്‍ഗാനിക് റിപ്പല്ലന്‍റ് എന്നിവ ഉടന്‍ പ്രവര്‍ത്തിക്കും. സ്മാര്‍ട്ട് അലര്‍ട്ട് സിസ്റ്റം ഫോര്‍ ഫാര്‍മേഴ്സ് എന്നാണ് പേര്.
രണ്ടുവര്‍ഷത്തെ ശിവാനിയുടേയും ജയസൂര്യയുടേയും അധ്വാനമാണിത്. കേരള സര്‍ക്കാരിന്‍റെ യങ് ഇന്നൊവേറ്റേഴ്സ് പ്രേഗ്രാം ഉള്‍പ്പെടെ നിരവധി വേദികളില്‍ പ്രോജക്ട് ശ്രദ്ധിക്കപ്പെട്ടു.