vodafone-satellite

TOPICS COVERED

യൂറോപ്യൻ മൊബൈൽ ഓപ്പറേറ്ററായ വൊഡഫോണിന്‍റെ സിഇഒ മാർഗരിറ്റ ഡെല്ല വാലെ, കമ്പനി എഞ്ചിനീയറുമായി തിങ്കളാഴ്ച ഒരു വീഡിയോ കോൾ ചെയ്തു. ലോക മൊബൈല്‍ ടെക്നോളജി മേഖലയില്‍ പുതിയ ചരിത്രമാണ് ഇതിലൂടെ വൊഡഫോണ്‍  കുറിച്ചത്. ലോകത്ത് ആദ്യമായി സ്റ്റാൻഡേർഡ് സ്‍മാർട്ട്‌ഫോണിലൂടെ  നടത്തിയ ആദ്യ സാറ്റ്‌ലൈറ്റ്  വീഡിയോ കോളായിരുന്നു അത്. വിദൂരസ്ഥലങ്ങളില്‍ നിന്ന് നടത്തിയ ഈ കോള്‍ ഇനി യൂറോപ്പിലുടനീളം സാധ്യമെനാണ് വൊഡഫോണ്‍ ഗ്രൂപ്പിന്‍റെ അവകാശവാദം. ഈ സാങ്കേതികവിദ്യയുടെ ഈ വർഷം അവസാനമോ അടുത്ത വർഷമോ വാണീജ്യഅടിസ്ഥാനത്തില്‍ ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനം.

നെറ്റ്‌വർക്ക് സിഗ്നൽ ഇല്ലാത്ത  വെൽസ് മൗണ്ടഡ് റേഞ്ചിലുണ്ടായിരുന്ന കമ്പനി എഞ്ചിനീയർ റോവൻ ചെസ്‌മറാണ് സിഇഒയെ വിളിച്ചത്. പ്രത്യേക സാറ്റലൈറ്റ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ആയിരുന്നു ഈ വീഡിയോ കോൾ നടത്തിയത്. ബുധനാഴ്ച ഒരു അഭിമുഖത്തിലാണ് വോഡാഫോൺ സിഇഒ ഈ വീഡിയോ കോളിനെക്കുറിച്ച് പറഞ്ഞത്. 'ഒരു സാധാരണ സ്‍മാർട്ട്‌ഫോണ്‍ ഉപയോക്താക്കൾക്ക് പൂർണ്ണമായ മൊബൈൽ അനുഭവം നൽകുന്നതിന് മാത്രമാണ് ഞങ്ങൾ സാറ്റലൈറ്റ് സേവനം ഉപയോഗിക്കുന്നത്. ഉപഗ്രഹ സേവനത്തിലൂടെ ഉപയോക്താക്കൾക്ക് വീഡിയോ, വോയ്സ്, മെസ്സേജ് ഡാറ്റകള്‍ കൈമാറാൻ കഴിയുമെന്ന് കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാലാണ് ഞങ്ങൾ  വീഡിയോ കോൾ ചെയ്തത്' - വോഡഫോൺ സിഇഒ മാർഗരിറ്റ ഡെല്ല വാലെ പറഞ്ഞു. ഈ സേവനം എത്രയും വേഗം ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്നും മാർഗരിറ്റ ഡെല്ല വാലെ വ്യക്തമാക്കി.

എ.എസ്.ടി. സ്‌പേസ്‌മൊബൈലിന്റെ ഉപഗ്രഹസേവനമാണ് വോഡഫോണ്‍ പുതിയ സേവനത്തിനായി ഉപയോഗിച്ചത്. ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഭൂമിയെ ചുറ്റുന്ന അഞ്ച് ബ്ലൂബേഡ് ഉപഗ്രഹങ്ങളാണ് ഈ പുതിയ സങ്കേതികവിദ്യക്കായി ഉപയോഗിച്ചത്.  ഇതിലൂടെ സാധാരണ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സെക്കന്‍ഡില്‍ 120 മെഗാബിറ്റ് വേഗതയിലാണ് ഡാറ്റ ട്രാന്‍സ്മിഷന്‍ നടത്താനാകും. 

അതേസമയം നെറ്റ്‌വർക്ക് കവറേജിലെ പ്രശ്‌നങ്ങൾ മറികടക്കാൻ വോഡഫോൺ ഉൾപ്പെടെ പല ടെലികോം കമ്പനികളും ഇപ്പോൾ സാറ്റ്‌ലൈറ്റ് സേവനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.  സാംസങിന്‍റെ ഏറ്റവും പുതിയ ഗാലക്‌സി എസ് 25 അൾട്രാ, ഐഫോൺ ലൈനപ്പുകൾക്കും സാറ്റ്‌ലൈറ്റ് കണക്റ്റിവിറ്റി നിലവില്‍ ലഭ്യമാണ്. 

ENGLISH SUMMARY:

Vodafone has achieved a historic milestone by completing the first-ever video call using a standard smartphone connected to a satellite network. The successful test, conducted in the remote Welsh mountains, marks a breakthrough in mobile communication technology, providing coverage where terrestrial networks don't exist.