AI Generated Images
മൊബൈല്‍ ഫോണിന്‍റെ പേരില്‍ തമ്മിലടി കൂടിയ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. സഹോദരിയുടെ മൊബൈല്‍ ഫോണ്‍ സഹോദരന്‍ അടിച്ചുപൊട്ടിച്ചു. പിന്നാലെ സഹോദരി വീടിനടുത്തുള്ള കിണറ്റിലേക്ക് ചാടി. സഹോദരിയെ രക്ഷിക്കാനായി ചാടിയ സഹോദരനും മുങ്ങിമരിച്ചു. തമിഴ്നാട്ടിലെ പുതുക്കോട്ടിയിലാണ് സംഭവം.
പതിനെട്ടുകാരനായ മണികണ്ഠന്‍, സഹോദരി പവിത്ര (16) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. മക്കള്‍ കിണറ്റില്‍ വീണതോടെ മാതാപിതാക്കള്‍ ഉറക്കെ കരഞ്ഞ് ബഹളം വച്ചു. ഇത് കേട്ടെത്തിയ സമീപവാസികളാണ് പൊലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് എത്തുമ്പോഴേക്കും ഇരുവരും മുങ്ങിമരിച്ചിരുന്നു. മൃതദേഹങ്ങള്‍ തിരുച്ചി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.
മണ്ടയൂര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ഐടിഐ കഴിഞ്ഞ് ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു മണികണ്ഠന്‍. പവിത്ര മണ്ടയൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. അഞ്ചേക്കര്‍ സ്വകാര്യ സ്ഥലം നോക്കി നടത്തുന്നയാളാണ് ഇവരുടെ അച്ഛന്‍ ചിത്രകുമാര്‍.