10 ദിവസത്തെ ദൗത്യവുമായി ബഹിരാകാശത്തേക്ക് പോയ സുനിത വില്യംസും ബുഷ് വില്‍മറും മടങ്ങിയെത്താന്‍ മാസങ്ങള്‍ വൈകിയേക്കുമെന്ന് നാസ. തിടുക്കത്തില്‍ ഇരുവരും ഭൂമിയിലെത്തേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും പ്രൊജക്ടിന്‍റെ കാലാവധി 45 ദിവസത്തില്‍ നിന്നും 90 ദിവസമായി നീട്ടുകയാണെന്നും നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച് വ്യക്തമാക്കി.
സുനിതയും ബുഷ് വില്‍മറും ബഹിരാകാശത്തേക്ക് പോയ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ നിന്നും ഹീലിയം ചോരുകയും സഞ്ചാരം സുഗമമാക്കുന്ന ചെറു റോക്കറ്റുകള്‍ തകരാറിലാവുകയും ചെയ്തതോടെയാണ് ഭൂമിയിലേക്കുള്ള മടക്കയാത്ര രണ്ട് തവണ നേരത്തെ മാറ്റിവച്ചത്. പേടകത്തിന്‍റെ സഞ്ചാരം സുഗമമാക്കാനും ദിശമാറ്റാനുമായി 28 ചെറിയ റോക്കറ്റുകളാണ് സ്റ്റാര്‍ലൈനറില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇതില്‍ അഞ്ച് റോക്കറ്റുകള്‍ക്കാണ് നിലവില്‍ തകരാറുള്ളത്. ഇതിന് പുറമെ അഞ്ചിടത്ത് ഹീലിയം ചോര്‍ച്ചയും കണ്ടെത്തി. പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായ 14 ചെറു റോക്കറ്റുകളുടെ സഹായത്തോടെ മാത്രമേ സുരക്ഷിതമായി പേടകത്തിന് ഭൂമിയില്‍ എത്താന്‍ കഴിയൂവെന്നാണ് രൂപകല്‍പ്പന അനുസരിച്ചുള്ള വിലയിരുത്തല്‍. എന്നാല്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുമ്പോള്‍ തന്നെ പേടകത്തില്‍ ഹീലിയം ചോര്‍ച്ച സംഭവിച്ചുവെന്നും ചോര്‍ച്ചയോ, ചെറു റോക്കറ്റുകള്‍ കേടായതോ മടങ്ങിവരവിനെ ബാധിക്കില്ലെന്നും നാസ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
സഞ്ചാരത്തിന്‍റെ ആദ്യചുവടില്‍ തന്നെ ചെറു റോക്കറ്റുകള്‍ തകരാറിലായത് എങ്ങനെയെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്. സ്റ്റാര്‍ലൈനറില്‍ എങ്ങനെ തകരാറ് സംഭവിച്ചുവെന്നതിനെ കുറിച്ച് എഞ്ചിനീയര്‍മാര്‍ക്ക് ഒരെത്തും പിടിയും ഇതുവരെ കിട്ടിയിട്ടില്ലെന്നായിരുന്നു സ്റ്റിചും പ്രോഗ്രാം വൈസ് പ്രസിഡന്‍റായ മാര്‍ക് നാപിയും നേരത്തെ വെളിപ്പെടുത്തിയിരുന്നത്. ജൂലൈ രണ്ടോടെ ന്യൂമെക്സികോയിലെ വൈറ്റ് സാന്‍ഡ്സില്‍ വച്ച് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ഭൂമിയില്‍ നിന്നുള്ള പരീക്ഷണം നടത്തി നോക്കാനാണ് നാസയുടെയും ബോയിങിന്‍റെയും നിലവിലെ പദ്ധതി. ഭൂമിയില്‍ വച്ച് നടത്തുന്ന പരീക്ഷണം എത്രത്തോളം ഫലം കാണുമെന്നതില്‍ തീര്‍ച്ചയില്ലെങ്കിലും രണ്ടാഴ്ചയോളം സമയം ഇതിന് ആവശ്യമായി വരും.
സ്റ്റാര്‍ലൈനറില്‍ നിന്ന് ലഭ്യമാകുന്നത്രയും വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് പരീക്ഷണം ഇതുവരെ വൈകിച്ചതെന്നും സ്റ്റിച് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബഹിരാകാശത്തേതിന് സമാനമായ സാഹചര്യങ്ങള്‍ ഭൂമിയില്‍ സൃഷ്ടിച്ചാകും പരീക്ഷണം നടത്തുന്നത്. ഇങ്ങനെ വിശദ പരിശോധന നടത്തിയ ശേഷം മാത്രമേ സുനിതയും ബുഷും മടങ്ങി വരുന്ന തീയതി നിശ്ചയിക്കുകയുള്ളൂ. സുനിതയും ബുഷും ബഹിരാകാശത്ത് കുടുങ്ങിയിട്ടില്ലെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ പേടകത്തില്‍ സുരക്ഷിതമായി ഭൂമിയില്‍ എത്തിച്ചേരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 210 ദിവസം കഴിയാനുള്ള രീതിയിലാണ് പേടകം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ബോയിങിന്‍റെ സുരക്ഷയില്‍ തെല്ലും സംശയമില്ലെന്നും സുനിതയുടെയും ബുഷിന്‍റെയും ജീവന്‍ അപകടത്തില്‍ അല്ലെന്നും നാപി പറഞ്ഞു.