Image: x.com/isro/status

Image: x.com/isro/status

ഇന്ത്യയുടെ പ്രഥമ സൂര്യ ദൗത്യമായ ആദിത്യ സൂര്യന് ചുറ്റും ആദ്യ ഭ്രമണം പൂര്‍ത്തിയാക്കി. സാങ്കല്‍പിക ഭ്രമണപഥത്തില്‍ ആദ്യ വലംവയ്ക്കല്‍ പൂര്‍ത്തിയാക്കിയതിന്‍റെ വിവരം ഐ.എസ്.ആര്‍.ഒയാണ് പങ്കുവച്ചത്. 178 ദിവസങ്ങളാണ് ഇതിനായി വേണ്ടി വന്നത്.  നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് എല്‍–1 പോയിന്‍റിന് ചുറ്റും ആദ്യ ഭ്രമണം ആദിത്യ പൂര്‍ത്തിയാക്കിയതെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. 

halo-orbit

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിക്കപ്പെട്ട പേടകം ജനുവരി ആറിനാണ് ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്‍റില്‍ എത്തിയത്. ഭ്രമണപഥത്തില്‍ നിന്ന് വഴുതിപ്പോകാതിരിക്കാന്‍ ഫെബ്രുവരി 22നും ജൂണ്‍ ഏഴിനുമായി ദൗത്യ പേടകത്തിലെ ബൂസ്റ്ററുകള്‍ ജ്വലിപ്പിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച നടന്ന മൂന്നാം ജ്വലിപ്പിക്കലോടെ ഭ്രമണപഥത്തില്‍ തന്നെ പേടകത്തെ നിലനിര്‍ത്താനായെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു. യു.എസ്.എസ്.സിയും ഇസ്രോയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഫ്ലൈറ്റ് ഡൈനാമിക്സ് സോഫ്റ്റ്​വെയറാണ് ഭ്രമണം പൂര്‍ത്തിയാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. 

isro-aditya-new

അഞ്ച് വര്‍ഷത്തോളം സൂര്യനെ നിരീക്ഷിക്കുകയെന്ന ബൃഹത്തായ ലക്ഷ്യമാണ് ആദിത്യയില്‍ നിക്ഷിപ്തമായിരിക്കുന്നത്. സൗര പിണ്ഡങ്ങളുടെ വികിരണത്തോത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ആദിത്യ എല്‍–1 നേരത്തെ കൈമാറിയിരുന്നു. പേലോഡിലെ പ്ലാസ്മ അനലൈസറായിരുന്നു ഇത് കണ്ടെത്താന്‍ സഹായിച്ചത്. സൂര്യന്‍റെ ഉപരിതലത്തെ കുറിച്ച്  പഠിക്കുന്നതിനായുള്ള മാഗ്നെറ്റോ മീറ്ററില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ ബഹിരാകാശ കാലാവസ്ഥയില്‍ സൗരപ്രതിഭാസങ്ങള്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കും. 

അങ്ങേയറ്റം സങ്കീര്‍ണമായ വെല്ലുവിളികള്‍ ഇനിയും ശേഷിക്കുന്നുണ്ടെന്നും ദൗത്യം പൂര്‍ത്തിയാകുന്നതോടെ ശാസ്ത്രലോകത്തിന് മുതല്‍ക്കൂട്ടാകുന്ന ഒട്ടനവധി വിവരങ്ങള്‍ കണ്ടെത്താനും വിശകലനം ചെയ്യാനും സാധിക്കുമെന്നും ഇസ്രോ പ്രതീക്ഷ പ്രകടിപ്പിച്ചു.

ENGLISH SUMMARY:

Aditya-L1 mission achieves milestone, completes first Halo Orbit around Sun-Earth L1 point.