കുടംപുളിയിട്ട് വച്ച മീന്‍കറിയില്‍ പച്ചവെളിച്ചെണ്ണ തൂകിയെടുക്കുമ്പോ ഉള്ള ആ മണം..സാമ്പാറില്‍ നിന്നുയരുന്ന കായത്തിന്റെ വാസന..എന്തിനേറെ പുട്ട് വേവുമ്പോള്‍ ആവിക്കൊപ്പം പരക്കുന്ന ആ വെന്ത തേങ്ങാമണം.. ആഹാ! ഓര്‍ക്കുമ്പോള്‍ തന്നെ ഒരു സുഖമില്ലേ.. പക്ഷേ ബഹിരാകാശത്ത് ഇങ്ങനെയൊന്നുമല്ല കാര്യങ്ങള്‍. എന്ത് കഴിച്ചിട്ടും ഒരു രുചിയും കിട്ടുന്നില്ലെന്നാണ് ബഹിരാകാശ സഞ്ചാരികളുടെ പരാതി. എന്തുകൊണ്ടാണ് ബഹിരാകാശത്തെത്തുമ്പോള്‍ ഭക്ഷണത്തിന് രുചി നഷ്ടമാകുന്നത്?
ബഹിരാകാശത്ത് എത്തുമ്പോള്‍ അനുഭവപ്പെടുന്ന ഗുരുത്വബലമില്ലായ്മയാണ് ഭക്ഷണത്തിലെ രുചിയെ കൊല്ലുന്ന വില്ലന്‍ എന്നാണ് ഓസ്‌ട്രേലിയയിലെ ആര്‍എംഐടി സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍. ഭാരക്കുറവ് അനുഭവപ്പെടുന്നതിന് പുറമെ ബഹിരാകാശ സഞ്ചാരികളുടെ ശരീരത്തിലെ ദ്രാവകങ്ങള്‍ ശരീരത്തിന്റെ മേല്‍ഭാഗത്തേക്ക് കയറും. ഇത് മുഖം തുടുക്കുന്നതിനും മേല്‍ഭാഗത്തേക്ക് വണ്ണംവയ്ക്കുന്നതിനും കാരണമാകുന്നു. ഈ ദ്രാവകമാറ്റം ശരീരത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നതാണ് ഭക്ഷണത്തിന്റെ രുചിയിലും പ്രതിഫലിക്കുന്നത്. മുഖം വീര്‍ക്കുന്നതിനൊപ്പം ജലദോഷ സമയത്തേത് പോലെ മൂക്കും പണിമുടക്കും. ഇതിന്റെ ഫലമായി ഗന്ധം തിരിച്ചറിയുന്നതിനുള്ള ശേഷിയും കുറയും.
രാജ്യാന്തര ബഹിരാകാശ നിലയത്തിലേതിന് സമാനമായ സാഹചര്യങ്ങള്‍ പുനസൃഷ്ടിച്ച ശേഷം 54 പേരെ അതിനുള്ളിലാക്കിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. വനില, ബദാം, നാരങ്ങ എന്നിവയുടെ മണം എങ്ങനെയായിരിക്കും എന്ന് വിര്‍ച്വല്‍ റിയാലിറ്റിയുടെ സഹായത്തോടെയാണ് കണ്ടെത്തിയത്. ബഹിരാകാശ സമാനമായ സാഹചര്യങ്ങളില്‍ വനിലയുടെയും ബദാമിന്റെയും ഗന്ധം കൂടുതല്‍ തീവ്രമായപ്പോള്‍ നാരങ്ങയുടെ മണത്തിന് മാറ്റമുണ്ടായില്ല. വനിലയുടെയും ബദാമിന്റെയും മണം തീവ്രമാകാന്‍ കാരണം അവയില്‍ അടങ്ങിയിരിക്കുന്ന മധുരമുള്ള രാസപദാര്‍ഥമായ ബെന്‍സാല്‍ഡൈഹൈഡാണ്. ഇതിനൊപ്പം ഗന്ധം തിരിച്ചറിയുന്നതിനുള്ള വ്യക്തികളുടെ കഴിവും കൂടി ചേരുമ്പോഴാണ് ഓരോ ഗന്ധവും സവിശേഷമാകുന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ജൂലിയ ലോ പറയുന്നു.
ഉണക്കിയതും, ശീതീകരിച്ചതും, ജലാശം പൂര്‍ണമായും നീക്കിയതുമായ ഭക്ഷണമാണ് ബഹിരാകാശത്തേക്ക് യാത്രികര്‍ കൊണ്ടുപോകുന്നത്. വെള്ളം മാത്രം ചേര്‍ത്ത് കഴിക്കാനാകുന്ന തരത്തില്‍ പാകം ചെയ്ത ഭക്ഷണപദാര്‍ഥങ്ങളാണിവ. ബഹിരാകാശ നിലയത്തിലെ വാസം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്നതോടെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രുചിയും മണവുമെല്ലാം പഴയത് പോലെ അനുഭവിക്കാനാകും. എന്നാല്‍ ഭൂമിക്ക് പുറത്ത് മറ്റുഗ്രഹങ്ങളിലേക്ക് മനുഷ്യന്‍ വാസമുറപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുമ്പോള്‍ ഭക്ഷണത്തിന്റെ രുചിയില്ലായ്മയ്ക്ക് പരിഹാരം കാണേണ്ടതായി വരും. അര്‍ത്തെമിസ് പോലെയുള്ള ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യങ്ങളില്‍ സഞ്ചാരികള്‍ക്കായി പ്രത്യേക ഡയറ്റ് തന്നെ ആവശ്യമാണ്. ഇതിലേക്ക് പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.