TOPICS COVERED

രാത്രി ആകാശത്തേക്ക് നോക്കുമ്പോള്‍ ഭൂമിയെ നോക്കി വെള്ളിച്ചിരി വിടര്‍ത്തുന്ന അമ്പിളിയമ്മാവനെ കണ്ടില്ലെങ്കില്‍ എന്താകും അവസ്ഥ? എന്നാല്‍ കേട്ടോളൂ... ചന്ദ്രന്‍ ഭൂമിയില്‍ നിന്നും അകലുകയാണത്രേ!

യുഎസിലെ വിസ്‌കോൻസിൻ സർവകലാശാലയിലെ ഗവേഷകരാണ് പുതിയ പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയില്‍ നിന്നും പതിയെ അകന്നുപോകുന്നെന്നാണ് കണ്ടെത്തല്‍. വര്‍ഷം തോറും 3.8 സെന്‌റിമീറ്റർ എന്നതോതിലാണ് ചന്ദ്രന്‍ ഭൂമിയില്‍ നിന്നും ‘വേര്‍പിരിയുന്നത്’. ഈ അകല്‍ച്ചയെ അത്ര നിസാരമായി കാണാനും സാധിക്കില്ല. ഭൂമിയിലെ ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ പോലും ഇത് വ്യത്യാസങ്ങളുണ്ടാക്കാം.

ചന്ദ്രന്‍റെ ഈ അകല്‍ച്ച ദിവസത്തിന്‍റെ ദൈര്‍ഘ്യം 25 മണിക്കൂറാക്കിയേക്കാം എന്നാണ് പഠനം പറയുന്നത്. എന്നാല്‍ അതിന് 20 കോടി വര്‍ഷങ്ങളെങ്കിലും സമയമെടുക്കും. കൃത്യമായി സ്ഥിരത നിലനിര്‍ത്തിയാണ് ചന്ദ്രന്‍റെ ഈ പോക്ക്. 140 കോടി വർഷങ്ങൾക്ക് മുൻപ് ചന്ദ്രൻ ഭൂമിയോട് ഇപ്പോഴുള്ളതിനേക്കാൾ വളരെ അടുത്തായിരുന്നുവെന്നും പഠനം പറയുന്നു. അന്ന് ഒരു ദിവസം 18 മണിക്കൂര്‍ മാത്രമായിരുന്നു. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം കൂടുന്നതിനനുസരിച്ച് ഭൂമിയിലെ പകലിന്റെ ദൈർഘ്യം വർദ്ധിച്ചതാണെന്നാണ് പഠനം പറയുന്നത്. ഭാവിയിലും ഈ സ്ഥിതി തുടര്‍ന്നുപോകാം. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഗുരുത്വാകർഷണം തന്നെയാണ് ഈ അകല്‍ച്ചയ്ക്കും കാരണം.

എന്നാല്‍ ഈതാദ്യമായല്ല ചന്ദ്രന്‍ ഭൂമിയില്‍ നിന്നും അകലുന്നു എന്ന് കണ്ടെത്തുന്നത്. പണ്ടുകാലം മുതലേ ഈ വിഷയത്തില്‍ വാദപ്രതിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഭൂമിയേയും ജീവജാലങ്ങളെയും ഈ ‘അകല്‍ച്ച’ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചുള്ള കൂടുതല്‍‌ സമഗ്രമായ അറിവുകളാണ് വിസ്‌കോൻസിൻ   സർവകലാശാലയുടെ പഠനത്തില്‍ പങ്കുവച്ചിരിക്കുന്നത്.

ENGLISH SUMMARY:

Moon is receding from Earth at a rate of approximately 3.8 centimetres per year, says studies