sunita-buch-health

പത്തുദിവസത്തെ ദൗത്യത്തിന് ബഹിരാകാശത്തെത്തിയ സുനിതാ വില്യംസും ബച്ച് വിൽമോറും രണ്ട് മാസമായി ബഹിരാകാശ നിലയത്തില്‍ തുടരുകയാണ്. എന്നാല്‍ നാസയുടെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ പ്രകാരം ഇവര്‍‌ അടുത്ത വര്‍ഷം ആദ്യംവരെ നിലയത്തില്‍ തുടരേണ്ടിവരും.

SPACE-EXPLORATION/BOEING-STARLINER

ജൂണ്‍ ആറിനാണ് നാസയുടെ ബോയിങ് സ്റ്റാര്‍ലൈനറില്‍ സുനിതാ വില്യംസും ബച്ച് വിൽമോറും ബഹിരാകാശത്തെത്തിയത്. ജൂണ്‍ 14ന് തിരിച്ചത്തേണ്ടതായിരുന്നു. എന്നാല്‍ പേടകത്തിന്‍റെ തകരാറ് കാരണം മടക്കയാത്ര പലതവണ നീട്ടിവച്ചു. ഒടുവില്‍ നാസ പറയുന്നത് സ്റ്റാര്‍ലൈനറിലെ മടക്കയാത്ര സുരക്ഷിതമല്ലെങ്കില്‍ ഇലോണ്‍ മസ്കിന്‍റെ സ്പെയ്സ് എക്സിനെത്തന്നെ ആശ്രയിക്കേണ്ടിവരുമെന്നാണ്. എന്നാല്‍ അതിനായി 2025 ഫെബ്രുവരി വരെ ഇരുവര്‍ക്കും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കാത്തിരിക്കേണ്ടിവരും. 

സുനിതയെയും ബച്ച് വില്‍മോറിനേയും തിരികെയെത്തിക്കാന്‍ സ്പെയ്സ് എക്സിന്‍റെ ക്രൂ ഡ്രാഗണ്‍ ഉള്‍പ്പെടെ വിവിധ പ്ലാറ്റ്ഫോമുകള്‍ നാസ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം, ബഹിരാകാശനിലയത്തില്‍ ഇരുവരും സുരക്ഷിതരാണെന്നും ആവശ്യത്തിന് ഭക്ഷണവും മറ്റും ഉണ്ടെന്നും നാസ അറിയിച്ചു. 

Image: Reuters

Image: Reuters

ദൗത്യം അനിശ്ചിതമായി നീളുമ്പോള്‍ യാത്രികര്‍ക്ക് വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. മൈക്രോഗ്രാവിറ്റി കാരണം അസ്ഥിക്ഷയം ഉണ്ടാകുന്നതാണ് പ്രധാന പ്രശ്നം. അണുവികിരണം, പരിമിതമായ ജീവിത സാഹചര്യങ്ങള്‍, ഒറ്റപ്പെടല്‍ എന്നിവയും വെല്ലുവിളികളാണ്. മൈക്രോഗ്രാവിറ്റി മൂലമുണ്ടാകുന്ന ഫ്ലൂയിഡ് റീഡിസ്ട്രിബ്യൂഷനാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇത് മുഖത്തെയും തലയോട്ടിയിലെയും വീക്കം വര്‍ധിപ്പിക്കും. ചിന്തിക്കാനും ഓര്‍മിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവുകളെ ബാധിക്കും. കോസ്മിക് റേഡിയേഷന്‍ കാന്‍സറിനും കാരണമാകാം.

ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യമായിരുന്നു ഇത്. സാങ്കേതികപ്പിഴവുകളാൽ രണ്ടുതവണ ദൗത്യം മാറ്റിവച്ചിരുന്നു. പേടകം വിക്ഷേപിക്കാനിരിക്കേ അവസാനഘട്ടത്തിൽ ഹീലിയം വാതകചോർച്ച ദൗത്യം ദുഷ്കരമാക്കിയിരുന്നെങ്കിലും, വിക്ഷേപണവുമായി മുന്നോട്ട് പോകുകയായിരുന്നു. ഹീലിയം ചോർച്ച ഗൗരവമുള്ളതല്ലെന്നും ഇത് ദൗത്യത്തെ ബാധിക്കില്ലെന്നുമായിരുന്നു എഞ്ചിനീയര്‍മാരുടെ കണക്കുകൂട്ടല്‍.

എന്നാൽ ദൗത്യത്തിനിടെ നാലുവട്ടം ഹീലിയം ചോര്‍ച്ചയുണ്ടയി. 28 മനൂവറിംഗ് ത്രസ്റ്ററുകളിൽ അഞ്ചെണ്ണത്തിന് തകരാറുണ്ടായി. ഇതോടെ മടക്കയാത്ര അനിശ്ചിതത്വത്തിലായി. 14 മനൂവറിംഗ് ത്രസ്റ്ററുകളുടെ സഹായത്തോടെ മാത്രമേ പേടകത്തിന് സുരക്ഷിതമായി ഭൂമിയില്‍ എത്താന്‍ കഴിയൂ. പേടകത്തിന്‍റെ സഞ്ചാരം സുഗമമാക്കാനും ദിശമാറ്റാനുമാണ് ഇവ ഉപയോഗിക്കുന്നത്.

ബഹിരാകാശത്തേക്ക് സുനിത വില്യംസ് നടത്തുന്ന മൂന്നാമത്തെ യാത്രയാണിത്. സ്റ്റാര്‍ലൈനര്‍ മിഷന് മുന്‍പ് 322 ദിവസത്തോളം സുനിത ബഹിരാകാശത്ത് ചിലവഴിച്ചിട്ടുണ്ട്. 2006ലായിരുന്നു കന്നിയാത്ര. രണ്ടാമത്തേത് 2012 ലും. 50 മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഏഴ് ആകാശ നടത്തങ്ങളും സുനിതയുടെ പേരിലുണ്ട്. അമേരിക്കന്‍ നേവിയിലെ മുന്‍ ക്യാപ്റ്റനാണ് ബുഷ് വില്‍മോര്‍. 178 ദിവസം അദ്ദേഹം ബഹിരാകാശത്ത് ചെലവിട്ടിട്ടുണ്ട്.

ENGLISH SUMMARY:

Sunita Williams and Butch Wilmore, who arrived in space for a 10-day mission, have remained on the space station for two months. According to NASA, they will have to stay in the station until the beginning of 2025.