പത്തുദിവസത്തെ ദൗത്യത്തിനായെത്തി രണ്ട് മാസമായി ബഹിരാകാശ നിലയത്തില്‍ തുടരുകയാണ് സുനിതാ വില്യംസും ബച്ച് വിൽമോറും. എത്രയുംപെട്ടെന്ന് ഇരുവരെയും തിരിച്ചെത്തിക്കാനാകാമെന്ന പ്രതീക്ഷയില്‍ ശാസ്ത്രലോകം തുടരുമ്പോള്‍ മടക്കയാത്രയില്‍ അടുത്ത കുറച്ച് ദിവസങ്ങളിലും അനിശ്ചിതത്വം തുടരുമെന്നാണ് നാസ പറയുന്നത്.
ബോയിങിന്‍റെ സ്റ്റാർലൈനർ പേടകത്തിലോ അല്ലെങ്കില്‍ സ്‌പേസ് എക്‌സിന്‍റെ ഡ്രാഗൺ ക്യാപ്‌സ്യൂളിലോ ഇരുവരെയും തിരികെ ഭൂമിയിലെത്തിക്കാനാണ് ശ്രമം. എന്നാല്‍ ഇക്കാര്യത്തില്‍ ഓഗസ്റ്റ് 24 ശനിയാഴ്ച നടക്കുന്ന അവലോകനത്തിന് പിന്നാലെ നാസ അന്തിമ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റാര്‍ലൈനറിന്‍റെ തകരാറിലായ അഞ്ച് ത്രസ്റ്ററുകളിൽ നാലെണ്ണം ഓൺലൈനിലേക്ക് തിരികെ കൊണ്ടുവരാൻ എന്‍ജിനീയര്‍മാര്‍ക്ക് കഴിഞ്ഞുവെന്നാണ് നാസ പറയുന്നത്. 28 ത്രസ്റ്ററുകളാണ് സ്റ്റാര്‍ലൈനറിലുള്ളത്. 14 മനൂവറിംഗ് ത്രസ്റ്ററുകളുടെ സഹായത്തോടെ പേടകത്തിന് സുരക്ഷിതമായി ഭൂമിയില്‍ എത്താന്‍ കഴിയും. പേടകത്തിന്‍റെ സഞ്ചാരം സുഗമമാക്കാനും ദിശമാറ്റാനുമാണ് ത്രസ്റ്ററുകള്‍ ഉപയോഗിക്കുന്നത്. എങ്കിലും മടക്കയാത്രയിലെ ആശങ്ക ഇപ്പോളും തുടരുകയാണ്.
സ്റ്റാർലൈനറിന്‍റെ സുരക്ഷ ബോയിങ് പ്രഖ്യാപിച്ചെങ്കിലും നാസ അധികൃതർ വിയോജിക്കുകയാണ്. ശനിയാഴ്ച സ്റ്റാർലൈനർ യാത്ര ചെയ്യാൻ യോഗ്യമല്ലെന്ന് നാസ കരുതുകയാണെങ്കില്‍ പേടകം യാത്രക്കാരില്ലാതെ ഓര്‍ബിറ്റിങ് ലാബില്‍ നിന്നും അണ്‍ഡോക്ക് ചെയ്യും.
ജൂണ്‍ ആറിനാണ് നാസയുടെ ബോയിങ് സ്റ്റാര്‍ലൈനറില്‍ സുനിതാ വില്യംസും ബച്ച് വിൽമോറും ബഹിരാകാശത്തെത്തിയത്. ജൂണ്‍ 14ന് തിരിച്ചത്തേണ്ടതായിരുന്നു. എന്നാല്‍ പേടകത്തിന്‍റെ തകരാറ് കാരണം മടക്കയാത്ര പലതവണ നീട്ടിവച്ചു. ബഹിരാകാശ നിലയത്തിലെ എട്ട് ദിവസത്തെ താമസം രണ്ട് മാസത്തിലധികം നീണ്ടു. സ്റ്റാർലൈനറിലെ ത്രസ്റ്ററുകളുടെ പരാജയം, പ്രൊപ്പൽഷൻ സിസ്റ്റത്തിലെ ഹീലിയം ചോർച്ച എന്നിവയാണ് മടക്കയാത്ര പ്രതിസന്ധിയിലാക്കിയത്.
ബഹിരാകാശത്തേക്ക് സുനിത വില്യംസ് നടത്തുന്ന മൂന്നാമത്തെ യാത്രയാണിത്. സ്റ്റാര്‍ലൈനര്‍ മിഷന് മുന്‍പ് 322 ദിവസത്തോളം സുനിത ബഹിരാകാശത്ത് ചിലവഴിച്ചിട്ടുണ്ട്. 2006ലായിരുന്നു കന്നിയാത്ര. രണ്ടാമത്തേത് 2012 ലും. 50 മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഏഴ് ആകാശ നടത്തങ്ങളും സുനിതയുടെ പേരിലുണ്ട്. അമേരിക്കന്‍ നേവിയിലെ മുന്‍ ക്യാപ്റ്റനാണ് ബുഷ് വില്‍മോര്‍. 178 ദിവസം അദ്ദേഹം ബഹിരാകാശത്ത് ചെലവിട്ടിട്ടുണ്ട്.