image:x.com/AstroHague/

പുതിയ വര്‍ഷത്തിലെ ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്ത് സുനിതാ വില്യംസ്. നാസയുടെ ബഹിരാകാശ യാത്രികനായ നിക് ഹേഗുമൊത്താണ് 2025ലെ ആദ്യ ബഹിരാകാശ നടത്തത്തിന് സുനിത ഇറങ്ങുന്നത്. ജനുവരി 16 വ്യാഴാഴ്ച ഏഴുമണിയോടെ (ഇന്ത്യന്‍ സമയം വൈകിട്ട് 5.30)യാകും ഇരുവരും നടക്കാനിറങ്ങുക. ആറര മണിക്കൂറെടുത്താകും ഈ നടത്തം പൂര്‍ത്തിയാകുകയെന്നും നാസ വ്യക്തമാക്കി. 

ബഹിരാകാശ നടത്തത്തിനിടയില്‍ ബഹിരാകാശ നിലയത്തിന്‍റെ അടിയന്തര അറ്റകുറ്റപ്പണികളും ഇരുവരും ചേര്‍ന്ന് ചെയ്യും. റേറ്റ് ഗൈറോ അസംബ്ലി മാറ്റി സ്ഥാപിക്കുന്നതിനും ന്യൂട്രോണ്‍ സ്റ്റാര്‍ എക്സ്റെ ടെലസ്കോപ് സര്‍വീസ് ചെയ്യുകയുമാണ് പ്രധാന ജോലികള്‍. ഇതിന് പുറമെ ആല്‍ഫ മാഗ്നറ്റിക് സ്പെക്ട്രോമീറ്റര്‍ പുതുക്കുന്നതിനായി സജ്ജമാക്കാനും ഇരുവരും ശ്രമിക്കും. ബഹിരാകാശത്തെ പ്രതിഭാസങ്ങളെ കുറിച്ചുള്ള വിവരം ഭൂമിയിലേക്ക് എത്തുന്നതില്‍ നിര്‍ണായക പങ്കാണ് ആല്‍ഫ മാഗ്നറ്റിക് സ്പെക്രോമീറ്ററിന് ഉള്ളത്. 

സുനിതയുടെയും നിക്കിന്‍റെയും ബഹിരാകാശ നടത്തം നാസ ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. ബഹിരാകാശ പേടകത്തിന് എന്തൊക്കെ തരത്തിലുള്ള അറ്റകുറ്റപ്പണികളാണ് വേണ്ടതെന്നത് സംബന്ധിച്ച് ഈ നടത്തത്തോടെ പൂര്‍ണധാരണ നാസയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുവപ്പന്‍ വരകളുള്ള സ്യൂട്ട് ധരിച്ചാകും നടക്കാനിറങ്ങുക. സുനിത വില്യംസാവട്ടെ പ്രത്യേകിച്ച് അടയാളങ്ങളൊന്നുമില്ലാത്ത സ്യൂട്ടും ധരിക്കും. സുനിതയുടെ എട്ടാമത്തെയും നിക്കിന്‍റെ നാലാമത്തെയും ബഹിരാകാശ നടത്തമാണിത്. ബഹിരാകാശ നിലയത്തിന്‍റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കേടുപാടുകള്‍ പരിഹരിക്കുന്നതിനും കൂടിയാണ് ബഹിരാകാശ യാത്രികര്‍ ഈ നടത്തം നടക്കുന്നത്. ജനുവരി 23നാണ് അടുത്ത ബഹിരാകാശ നടത്തം നിശ്ചയിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

NASA astronauts Nick Hague and Commander Suni Williams are set to conduct the first spacewalk of 2025. The two astronauts will exit the airlock on Thursday, January 16, at 5:30 PM IST. This mission, designated U.S. Spacewalk 91, will take place outside the International Space Station (ISS) and is expected to last approximately six and a half hours