സുനിത വില്യംസും ബുഷ് വില്‍മോറുമായി ബഹിരാകാശത്തേക്ക് പോയ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ നിന്നും വിചിത്ര ശബ്ദങ്ങള്‍ കൃത്യമായ ഇടവേളകളില്‍ കേള്‍ക്കുന്നതായി റിപ്പോര്‍ട്ട്. സ്റ്റാര്‍ലൈനര്‍ പേടകം ആളില്ലാതെ ഭൂമിയിലേക്ക് മടങ്ങാനിരിക്കെയാണ് ആശങ്കപ്പെടുത്തുന്ന സന്ദേശം സുനിതയും ബുഷ് വില്‍മോറും ഹൂസ്റ്റണിലെ ജോണ്‍സന്‍ സ്പേസ് സെന്‍ററിലേക്ക് പങ്കുവച്ചത്.
സോണര്‍ തംരംഗം പോലെ കൃത്യമായ ഇടവേളകളില്‍ പേടകത്തില്‍ നിന്നും മിടിപ്പ് ഉയരുന്നതായാണ് ബുഷ് വില്‍മോര്‍ പറയുന്നത്. പേടകത്തിന്‍റെ ഉള്ളിലെ സ്പീക്കറില്‍ നിന്നുമാണ് ശബ്ദം പുറത്തേക്ക് വരുന്നത്. വില്‍മോര്‍ റെക്കോര്‍ഡ് ചെയ്ത് അയച്ച ശബ്ദം വിശദമായി പരിശോധിക്കുകയാണെന്ന് നാസ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയോടെ ബഹിരാകാശത്ത് നിന്നും പുറപ്പെടുന്ന സ്റ്റാര്‍ലൈനര്‍ പേടകം ന്യൂമെക്സികോ മരുഭൂമിയില്‍ ഇറക്കാനാണ് നാസയുടെ പദ്ധതി.
പത്തുദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് പോയ സുനിതയും വില്‍മോറും പേടകത്തിന്‍റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു. 2025 ഫെബ്രുവരി വരെ ഇരുവരും ബഹിരാകാശത്ത് തുടരും. തുടര്‍ന്ന് സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ കാപ്സ്യൂളില്‍ ഭൂമിയിലേക്ക് തിരികെ എത്തും. നിലവില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ക്കൊപ്പം പരീക്ഷണ നിരീക്ഷണങ്ങളിലാണ് ഇരുവരും.
സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ നിന്നും ഹീലിയം ചോര്‍ച്ചയും പിന്നാലെ പേടകത്തിന്‍റെ യാത്ര നിയന്ത്രിക്കുന്ന ത്രസ്റ്ററുകള്‍ക്ക് (ചെറു റോക്കറ്റുകള്‍) തകരാറും സ്ഥിരീകരിച്ചിരുന്നു. ഇത് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഭൂമിയിലേക്കുള്ള ഇരുവരുടെയും യാത്ര അനിശ്ചിതമായി നീളുകയായിരുന്നു. ഒടുവിലാണ് ഫെബ്രുവരിയില്‍ മാത്രമേ ഇരുവരും മടങ്ങി വരികയുള്ളൂവെന്ന് നാസ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.