ഭൂമിയിലേക്ക് സ്വയം മടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ നിന്ന് കേട്ട വിചിത്ര ശബ്ദങ്ങളില്‍ വിശദീകരണവുമായി നാസ. രാജ്യാന്തര ബഹിരാകാശ നിലയവും സ്റ്റാര്‍ലൈനര്‍ പേടകവും തമ്മിലുള്ള ശബ്ദവിന്യാസമാണ് നാഡീമിടിപ്പിന് സമാനമായ ശബ്ദത്തിന് പിന്നിലെന്നാണ് നാസയുടെ കണ്ടെത്തല്‍. സുനിതയ്ക്കൊപ്പം സ്റ്റാര്‍ലൈനറില്‍ ബഹിരാകാശത്തെത്തിയ ബുഷ് വില്‍മോറാണ് ആദ്യമായി ഈ വിചിത്ര ശബ്ദം കേട്ടതും ഹൂസ്റ്റണിലെ സ്പേസ് സെന്‍ററിലേക്ക് റിപ്പോര്‍ട്ട് ചെയ്തതും. നാസയുടെ കണ്ടെത്തലോടെ മണിക്കൂറുകള്‍ നീണ്ട ആശങ്കയാണ് നീങ്ങിയത്. 

അതിസങ്കീര്‍ണമായ ശബ്ദ സംവിധാന ശൃംഖലയാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ളതെന്ന് നാസ വിശദീകരിക്കുന്നു. പലവിധത്തിലുള്ള പേടകങ്ങളുമായി ബന്ധിപ്പിക്കാന്‍ പാകത്തിലാണ് ഇതിന്‍റെ രൂപകല്‍പ്പന. അതുകൊണ്ട് തന്നെ ഇത്തരം ശബ്ദങ്ങള്‍ സ്വാഭാവികമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും നാസ വ്യക്തമാക്കുന്നു. നിലവില്‍ പേടകം പുറപ്പെടുവിക്കുന്ന ശബ്ദം ബഹിരാകാശ സഞ്ചാരികള്‍ക്കോ, പേടകത്തിനോ, ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കോ ഒരുതരത്തിലുമുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്നും നാസ പ്രസ്താവനയില്‍ വിശദമാക്കി. നിലവിലെ ശബ്ദം നിര്‍ത്തലാക്കിയെന്നും, ഭാവിയില്‍ ഇത്തരം ശബ്ദങ്ങള്‍ കേട്ടാല്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിവരം കൈമാറണമെന്നും പ്രസ്താവനയില്‍ പറുന്നു. 

സെപ്റ്റംബര്‍ ഏഴിന് ബഹിരാകാശത്ത് നിന്നും പുറപ്പെടുന്ന സ്റ്റാര്‍ലൈനര്‍ പേടകം ന്യൂമെക്സികോയിലെ വൈറ്റ് സാന്‍ഡ്സ് സ്പേസ് ഹാര്‍ബറിലാകും ലാന്‍ഡ് ചെയ്യുക.  അതേസമയം പത്ത് ദിവസത്തെ ദൗത്യത്തിനായി ജൂണ്‍ അഞ്ചിന് ബഹിരാകാശത്തേക്ക് പോയ വില്‍മോറും സുനിതയും സ്പേസ് എക്സിന്‍റെ പേടകത്തില്‍ 2025 ഫെബ്രുവരിയില്‍ മടങ്ങിവരും. 

ENGLISH SUMMARY:

NASA explains Strange Noises in Sunita Williams's starliner aircraft. NASA has clarified that the sounds were the result of an audio configuration issue between the space station and Starliner.