എട്ടു മാസമായി ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസും ബുച്ച് വില്‍മോറും അടുത്തവര്‍ഷം എത്താനിരിക്കുന്ന സ്പേസ് എക്സ് പേടകത്തിനായി കാത്തിരിക്കുകയാണ്. മാസങ്ങളോളം ബഹിരാകാശത്ത് കഴിയേണ്ടി വരുമ്പോള്‍ ഇരുവരുടേയും ശരീരത്തിന് നേരിക്കേണ്ടി വരുന്നത് ചില്ലറ പ്രശ്നങ്ങളല്ല. ഭൂമിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ സാഹചര്യത്തില്‍ ഒരുപാടുകാലം കഴിയേണ്ടിവരുന്നത് ശരീരത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം എന്ന് വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പുനല്‍കിയിരുന്നു.

ഇതേക്കുറിച്ച് സുനിതാ വില്യംസ് നേരത്തേ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ബഹിരാകാശത്ത് കഴിയുമ്പോള്‍ മുടിയും നഖവും വേഗത്തില്‍ വളരാന്‍ തുടങ്ങുമെന്നും ശരീരത്തിന്‍റെ ഉയരം വര്‍ധിക്കുമെന്നുന്നാണ് സുനിത അഭിമുഖത്തില്‍ പറഞ്ഞത്. ഇതിന്‍റെ കാരണങ്ങളും അവര്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെത്തിയപ്പോള്‍ കുട്ടികളുമായി സംസാരിക്കുന്നതിനിടെയാണ് സുനിത ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ബഹിരാകാശത്തെത്തിയാല്‍ കാലിലെ തഴമ്പ് ഇല്ലാതാകും കാരണം നമ്മള്‍ നടക്കാറില്ല. മുന്‍പ് ബഹിരാകാശത്ത് എത്തിയപ്പോഴെല്ലാം നഖവും മുടിയും പതിവിലും വേഗത്തില്‍ വളരാന്‍ തുടങ്ങിയത്  ശ്രദ്ധിച്ചിരുന്നുവെന്നും സുനിത പറയുന്നു. ഗുരുത്വാകര്‍ഷണത്തിന്‍റെ അഭാവത്തില്‍ മുഖത്തെ ചുളിവുകള്‍ താല്‍ക്കാലികമായി ഇല്ലാതാകുകയും മുഖം മിനുസമുള്ളതായി മാറുകയും ചെയ്യും. കശേരുക്കൾക്കിടയിലുള്ള തരുണാസ്ഥികളില്‍ സമ്മര്‍ദം അനുഭവപ്പെടാത്തതിനാല്‍ നട്ടെല്ല് വികസിക്കാന്‍ തുടങ്ങും. ഇത് ശരീരത്തിന്‍റെ ഉയരം അല്‍പമെങ്കിലും വര്‍ധിപ്പിച്ചേക്കാം. 

എന്നാല്‍ ഈ കാര്യങ്ങളെല്ലാം താല്‍ക്കാലികമാണെന്നും സുനിത പറയുന്നുണ്ട്. ഭൂമിയിലേക്ക് മടങ്ങിയെത്തിയാൽ ശരീരത്തില്‍ ഗുരുത്വാകർഷണം സ്വാധീനം ചെലുത്താന്‍ ആരംഭിക്കും. അതോടെ ഈ മാറ്റങ്ങൾ വിപരീതമാകും. ശരീരം സാധാരണ ഉയരത്തിലേക്ക് മാറും ഇത് നട്ടെല്ലിന് വേദനയുണ്ടാക്കിയേക്കാം. ഭൂമിയില്‍ തിരിച്ചെത്തിയാലും കാര്യങ്ങള്‍ ‘നോര്‍മലാകാന്‍’ സമയമെടുക്കുമെന്നും സുനിത പറയുന്നുണ്ട്. 

ദൗത്യം നീളുമ്പോള്‍ യാത്രികര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചില്ലറയല്ല. മൈക്രോഗ്രാവിറ്റി കാരണം അസ്ഥിക്ഷയം ഉണ്ടാകും. ഇതിനെ പ്രതിരോധിക്കാൻ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് വ്യായാമം ചെയ്യാറുണ്ടെന്നാണ് സുനിത പറഞ്ഞത്. അണുവികിരണം, പരിമിതമായ ജീവിത സാഹചര്യങ്ങള്‍, ഒറ്റപ്പെടല്‍ എന്നിവയും വെല്ലുവിളികളാണ്. അണുവികിരണം പോലുള്ളവ ഇന്നും ബഹിരാകാശയാത്രികർക്ക് പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ലെന്നും സുനിത വെളിപ്പെടുത്തി. കോസ്മിക് റേഡിയേഷന്‍ കാന്‍സറിനും കാരണമാകാം.

പത്ത് ദിവസത്തെ ദൗത്യത്തിനായി ജൂണ്‍ അഞ്ചിന് ബഹിരാകാശത്തേക്ക് പോയ വില്‍മോറും സുനിതയും സ്പേസ് എക്സിന്‍റെ പേടകത്തില്‍ 2025 ഫെബ്രുവരിയില്‍ മടങ്ങിവരുമെന്നാണ് നാസ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇരുവരെയും ബഹിരാകാശത്തെത്തിച്ച സ്റ്റാര്‍ലൈനര്‍ പേടകം സെപ്റ്റംബര്‍ ഏഴിന് ബഹിരാകാശത്ത് നിന്നും പുറപ്പെടും. ന്യൂമെക്സികോയിലെ വൈറ്റ് സാന്‍ഡ്സ് സ്പേസ് ഹാര്‍ബറിലാകും പേടകം ലാന്‍ഡ് ചെയ്യുക.

ENGLISH SUMMARY:

Astronaut Sunita Williams revealed in her old interview that your hair and fingernails start growing much faster and you get taller in space. Although NASA has announced that Wilmore and Sunita will return to earth using SpaceX probe in February 2025. But the Starliner spacecraft, which took both of them into space, will leave the space on September 7.