ഭൂമിയുടെ അന്തരീക്ഷത്തില്‍ വച്ച് ഉല്‍ക്ക പൊട്ടിത്തെറിക്കുന്ന അതിശയകരമായ ദൃശ്യം പകര്‍ത്തി നാസയുടെ ബഹിരാകാശ യാത്രികനായ മാത്യു ഡൊമിനിക്ക്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുമാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. ഉത്തരാഫ്രിക്കയ്ക്കു മുകളില്‍ വച്ച് ടൈം ലാപ്സ് മോഡ് ഉപയോഗിച്ചാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത്.
സെക്കന്‍റില്‍ ഒരു ഫ്രെയിം എന്ന വേഗതയിലാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്. ഉല്‍ക്ക എത്തുന്നതിന് തൊട്ടുമുന്‍പ് ഉത്തരാഫ്രിക്കയുടെ ഇരുള്‍ നിറഞ്ഞ അന്തരീക്ഷം കാണാനാകും. താഴെ വന്‍കര വിളക്കുകളാല്‍ പ്രകാശപൂരിതമാണ്. ഇതിനിടയിലേക്ക് ഉല്‍ക്ക പാഞ്ഞെത്തുന്നതും അന്തതരീക്ഷത്തെ പ്രകാശമാനമാക്കി പൊട്ടിത്തെറിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഉല്‍ക്കയുടെ പൊട്ടിത്തെറി മാത്രമല്ല അറോറകളുടെ നിറമുള്ള പശ്ചാത്തലവും തിളങ്ങുന്ന നക്ഷത്രങ്ങളും ദൃശ്യത്തെ മിഴുവുറ്റതാക്കുന്നു.
സ്പെയ്സ് എക്സ് ക്രൂ 8 മിഷന്‍റെ ഭാഗമായാണ് ഡൊമിനിക്ക് ബഹിരാകാശ നിലയത്തിലെത്തിയത്. ഭൂമിയുടെ അന്തരീക്ഷത്തിലെ അറോറകള്‍ മുതല്‍ മിന്നലുകള്‍ വരെയുള്ള പ്രകൃതി പ്രതിഭാസങ്ങളെയും അദ്ദേഹം രേഖപ്പെടുത്തിവരുന്നുണ്ട്. സെപ്റ്റംബർ 3 ന് ബഹിരാകാശ നിലയം മെഡിറ്ററേനിയൻ കടലിനു മുകളില്‍ എത്തിയപ്പോളാണ് ഉല്‍ക്കപൊട്ടിത്തെറിക്കുന്ന ദൃശ്യം പങ്കിട്ടത്. സ്പാനിഷ് അതിർത്തിയോട് ചേർന്നുള്ള പോർച്ചുഗീസ് പ്രവിശ്യയായ ബെയ്‌റ ബെയ്‌സയിലാണ് പൊട്ടിത്തെറിയുണ്ടായത്.
ബഹിരാകാശത്തു നിന്ന് ഭൂമിയിലെ അന്തരീക്ഷത്തിലേക്ക് ഉല്‍ക്കകള്‍ പ്രവേശിക്കുമ്പോള്‍ പൊട്ടിത്തെറിക്കുന്നതിനെ ബോളിഡ് എന്നാണ് വിളിക്കുന്നത്. ഈ വർഷമാദ്യം പോർച്ചുഗലിലും സ്‌പെയിനിലും ഉല്‍ക്കകള്‍ പൊട്ടിത്തെറിച്ചപ്പോളുണ്ടായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.