പത്തുദിവസത്തെ ദൗത്യത്തിന് ബഹിരാകാശത്തെത്തിയ സുനിതാ വില്യംസും ബച്ച് വിൽമോറും ഇനി 2025 വരെ ബഹിരാകാശത്തു തന്നെ തുടരേണ്ടിവരുമെന്നത് ഉറപ്പാണ്. ദൗത്യം നീളുമ്പോള്‍ യാത്രികര്‍ക്കുണ്ടായേക്കാകുന്ന ആരോഗ്യ പ്രശ്നങ്ങളും ചര്‍ച്ചയാകുന്നുണ്ട്. ഇതിനിടയിലാണ് സുനിത വില്യംസിന് തന്‍റെ അന്‍പത്തിയൊന്‍പതാം പിറന്നാളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആഘോഷിക്കേണ്ടിവരും എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. തന്‍റെ രണ്ടാമത്തെ ജന്മദിനമാണ് സുനിത ബഹിരാകാശത്ത് ആഘോഷിക്കുന്നത്. ഈ വരുന്ന സെപ്തംബര്‍ 19 ന് സുനിതയ്ക്ക് 59 വയസ് പൂര്‍ത്തിയാകും.
2006ലാണ് സുനിത വില്യംസ് ആദ്യമായി ബഹിരാകാശത്തെത്തുന്നത്. 2012ല്‍ രണ്ടാമതും ബഹിരാകാശം സന്ദര്‍ശിച്ചു. 2021 ജൂലൈ 14 മുതല്‍ നവംബർ 18 വരെ നീണ്ടുനിന്ന രണ്ടാമത്തെ യാത്രക്കിടയിലാണ് സുനിത വില്യംസ് ബഹിരാകാശത്ത് ആദ്യമായി തന്‍റെ ജന്മദിനം ആഘോഷിക്കുന്നത്. 1965 സെപ്തംബര്‍ 19 ന് ഒഹായോയിലെ യൂക്ലിഡിൽ ഡോ. ദീപക്കിന്‍റെയും ബോണി പാണ്ഡ്യയുടെയും മകളായിട്ടാണ് സുനിതയുടെ ജനനം.
അതേസമയം, പത്ത് ദിവസത്തെ ദൗത്യത്തിനായി ജൂണ്‍ അഞ്ചിന് ബഹിരാകാശത്തേക്ക് പോയ വില്‍മോറും സുനിതയും സ്പേസ് എക്സിന്‍റെ പേടകത്തില്‍ 2025 ഫെബ്രുവരിയില്‍ മടങ്ങിവരുമെന്നാണ് നാസ അറിയിച്ചിട്ടുള്ളത്. അതുവരെ ഇരുവരും ബഹിരാകാശ നിലയത്തില്‍ തുടരേണ്ടി വരും. ഇരുവരെയും ബഹിരാകാശത്തെത്തിച്ച സ്റ്റാര്‍ലൈനര്‍ പേടകം യാത്രികരില്ലാതെ സെപ്തംബര്‍ ഏഴിന് ഭൂമിയില്‍ തിരിച്ചെത്തിയിരുന്നു.
സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ മൂന്നിടത്ത് ഹീലിയം ചോര്‍ച്ചയുണ്ടായതിന് പുറമെ പേടകത്തിന്‍റെ സഞ്ചാരം സുഗമമാക്കുന്ന ത്രസ്റ്ററുകള്‍ കൂടി പണി മുടക്കിയതിനാലാണ് സുനിതയുടെയും വില്‍മോറിന്‍റെയും മടക്കയാത്ര ആശങ്കിയലായത്. തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പാരാജയപ്പെട്ടതോടെ മടക്കയാത്രയും നീണ്ടു. ഒടുവിലാണ് ഫെബ്രുവരിയില്‍ സ്പേസ് എക്സ് പേടകത്തില്‍ ഇരുവരെയും ഭൂമിയിലെത്തിക്കാന്‍ അന്തിമ തീരുമാനമെടുക്കുന്നത്.