ഏകദേശം 6,000 വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച സൂര്യഗ്രഹണത്തെക്കുറിച്ചുള്ള പരാമർശം പുരാതന ഹിന്ദു ഗ്രന്ഥമായ ഋഗ്വേദത്തിൽ കണ്ട് അമ്പരന്ന് ജ്യോതിശാസ്ത്രജ്ഞർ. ബി.സി. 1500നോടടുപ്പിച്ച് രചിക്കപ്പെട്ട ഋഗ്വേദത്തില്‍ മതപരവും ദാര്‍ശനികവുമായ കാര്യങ്ങള്‍ക്കൊപ്പം ചരിത്രസംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
ഋഗ്വേദത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവങ്ങളിൽ ഭൂരിഭാഗവും അത് എഴുതിയ കാലത്തേതാണ്. ഒപ്പം ചരിത്രപരമായി പ്രാധാന്യമുള്ള ഭൂതകാലപരാമര്‍ശങ്ങളും കാണാം. ജേർണൽ ഓഫ് അസ്ട്രോണമിക്കൽ ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുരാതന ഗ്രഹണം ഋഗ്വേദത്തില്‍ പരാമര്‍ശിക്കപ്പെട്ടതായി പറയുന്നത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസർച്ചിലെ ജ്യോതിശാസ്ത്രജ്ഞരായ മായങ്ക് വാഹിയയും ജപ്പാനിലെ നാഷണൽ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയിലെ മിത്സുരു സോമയുമാണ് ഇക്കാര്യം കണ്ടെത്തിയത്.
ഋഗ്വേദത്തിലെ വിവിധ ഭാഗങ്ങളിൽ രാത്രിയും പകലും തുല്യമായി വരുന്ന വിഷുദിനത്തിലെ ഉദയ സൂര്യന്‍റെ സ്ഥാനം പരാമർശിച്ചിട്ടുണ്ട്. ഒരു പരാമര്‍ശത്തില്‍ സൂര്യന്‍ ഉദിക്കുന്നത് ഓറിയണിലാണെന്നും മറ്റൊന്നില്‍ പ്ലീയാഡിലാണെന്നും പരാമര്‍ശിച്ചിട്ടുണ്ട്. ഭൂമി അതിന്‍റെ അച്ചുതണ്ടിൽ കറങ്ങുമ്പോൾ, ഈ സുപ്രധാന ജ്യോതിശാസ്ത്ര സംഭവങ്ങളുടെ ആപേക്ഷികസ്ഥാനവും മാറുന്നു. നിലവിൽ, വിഷുവം മീനരാശിയിലാണ്, എന്നാൽ ബിസി 4500 ഓറിയോണിലും ബിസി 2230ല്‍ പ്ലീയാഡ്സിലും ഉണ്ടായിരുന്നു. ഇതാണ് ജ്യോതിശാസ്ത്രജ്ഞരെ സംഭവം നടന്ന സമയം കണ്ടെത്തുന്നതിന് സഹായിച്ചത്.
ഇതിനെ കുറിച്ച് വിവരിക്കുന്ന ഭാഗങ്ങളില്‍ ഗ്രഹണം എന്ന പ്രതിഭാസം പരാമർശിക്കുന്നില്ലെങ്കിലും സൂര്യൻ അന്ധകാരം കൊണ്ട് മൂടിയെന്നും. ‘ദുഷ്ടജീവികൾ സൂര്യന്‍റെ മാന്ത്രിക കലകൾ’ മറച്ചുവെന്നും പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ പുരാണങ്ങളിലെ രാഹു-കേതു കഥയുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ല.
ഈ പരാമർശങ്ങൾക്ക് ശേഷമുള്ള ഭാഗങ്ങൾ ശരത്കാല വിഷുദിനത്തിന് മൂന്ന് ദിവസം മുമ്പാണ് ഗ്രഹണം നടന്നതെന്നും അത് ഋഗ്വേദം രചിച്ചവര്‍ താമസിച്ചിരുന്ന സ്ഥലത്തുതന്നെ ദൃശ്യമായിട്ടുണ്ടാകാം എന്നും സൂചിപ്പിക്കുന്നു. ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഗ്രഹണം നടന്നിരിക്കാന്‍ സാധ്യതയുള്ള രണ്ട് തീയതികളാണുള്ളത്. ഒക്ടോബർ 22, 4202 ബിസി, ഒക്ടോബർ 19, 3811 ബിസി എന്നിവയാണവ. ഈ രണ്ട് തീയതികളും നിലവില്‍ രേഖപ്പെടുത്തിയ ഏറ്റവും പഴക്കം ചെന്ന സൂര്യഗ്രഹണ പരാമര്‍ശങ്ങളേക്കാള്‍ പഴയതാണ്.