ഭൂമിക്ക് മുകളില്‍ 400 കിലോമീറ്റര്‍ ഉയരത്തില്‍ വീണ്ടും ബര്‍ത്ത്ഡേ പാര്‍ട്ടി! ചരിത്രം കുറിച്ചിരിക്കുകയാണ് നാസയുടെ ബഹിരാകാശ യാത്രികയായ സുനിത വില്യംസ്. സുനിതയുടെ 59–ാം പിറന്നാളാണ് ഇന്നലെ രാജ്യാന്തര ബഹിരാകാശ നിലയത്തിലും ഭൂമിയിലും ഒരേസമയം ആഘോഷിക്കപ്പെട്ടത്. 2012ലായിരുന്നു ബഹിരാകാശത്ത് സുനിത ആദ്യമായി പിറന്നാള്‍ ആഘോഷിച്ചത്.
'ബാര്‍ ബാര്‍ ദിന്‍ ആയെ...'
ബഹിരാകാശത്ത് തിരക്കേറിയ ദിവസമായിരുന്നെങ്കിലും ഭൂമിയിലും സുനിതയുടെ ബര്‍ത്ത്ഡേ ആഘോഷമായി. മുഹമ്മദ് റഫിയുടെ 'ബാര്‍ ബാര്‍ ദിന്‍ ആയെ' എന്ന മനോഹരഗാനം പ്രമുഖ സംഗീത കമ്പനി സുനിതയ്ക്ക് സമര്‍പ്പിച്ചു. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍, സോനു നിഗം, ഷാന്‍, ഹരിഹരന്‍, നീതിമോഹന്‍ എന്നിവരൊത്ത് ചേര്‍ന്ന മനോഹരമായ വിഡിയോ ആശംസയായിരുന്നു അത്.
ബിസിയാണ് ബഹിരാകാശ നിലയത്തിലും
പിറന്നാള്‍ തലേന്നും സുനിത സ്പേസ് എക്സ് പേടകത്തിന്‍റെ പ്രവര്‍ത്തനം വിലയിരുത്തുന്ന തിരക്കിലായിരുന്നുവെന്നാണ് ബഹിരാകാശനിലയത്തില്‍ നിന്നുള്ള വര്‍ത്തമാനം. ഇതിന് പുറമെ പതിവ് വൃത്തിയാക്കല്‍ ജോലികളും ബഹിരാകാശ നിലയത്തിന്‍റെ സുരക്ഷാപരിശോധനകളിലും വ്യാപൃതയായിരുന്നു അവര്‍. സ്ഫിയര്‍ കാമറ–2 പരീക്ഷിക്കുന്ന തിരക്കിലായിരുന്നു ബുഷ് വില്‍മോര്‍. ബഹിരാകാശത്ത് നിന്നും ഹൈ റെസലൂഷന്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിവുണ്ട് സ്ഫിയര്‍ കാമറ–2ന്. ഇത് ഭാവിയിലെ ബഹിരാകാശ പര്യവേഷണങ്ങളെയും ശാസ്ത്രീയമായി സഹായിക്കാന്‍ പര്യാപ്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബോയിങ് സ്റ്റാര്‍ലൈനറില്‍ പത്ത് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് പോയ സുനിതയും സഹയാത്രികന്‍ ബുഷ് വില്‍മോറും പേടകത്തിന്‍റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു. 2025 ഫെബ്രുവരിയിലാകും ഇരുവരും സ്പേസ് എക്സിന്‍റെ പേടകത്തില്‍ തിരികെ ഭൂമിയില്‍ എത്തുക. നിലവില്‍ പരീക്ഷണ നിരീക്ഷണങ്ങളുമായി ബഹിരാകാശ നിലയത്തില്‍ കഴിയുകയാണ് ഇരുവരും.