ചൊവ്വയുടെ രഹസ്യങ്ങള്‍ തേടി 1975ലാണ് നാസ ‘വൈക്കിങ് 1’ ബഹിരാകാശ പേടകം അയക്കുന്നത്. ആറ് വർഷത്തിലേറെ തന്‍റെ രണ്ട‌് ലാൻഡറുകൾ ഉപയോഗിച്ച് വൈക്കിങ് ചൊവ്വയില്‍ പര്യവേഷണം നടത്തി, സാമ്പിളുകള്‍ ശേഖരിച്ചു. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് മനുഷ്യരാശിക്ക് വളരെകുറച്ച് മാത്രം അറിവുണ്ടായിരുന്ന കാലത്ത് ശാസ്ത്രത്തിന്‍റെ വലിയൊരു കുതിച്ചുചാട്ടമായിരുന്നു ചൊവ്വയിലെ പര്യവേഷണങ്ങള്‍. ആ പര്യവേഷണങ്ങള്‍ക്കിടെ ഒരു ദിവസം രണ്ട് ലാൻഡറുകളും ശേഖരിച്ച മണ്ണിന്‍റെ സാമ്പിളുകളില്‍ സൂക്ഷ്മജീവികളുടെ പ്രവർത്തനത്തിന്‍റെ അടയാളങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആ കണ്ടെത്തല്‍ ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. ചൊവ്വയില്‍ ജീവനുണ്ടെന്ന് പലരും തറപ്പിച്ചു പറഞ്ഞു. പതിറ്റാണ്ടുകളോളം ഈ ചര്‍ച്ചകള്‍ തുടര്‍ന്നു. എന്നാല്‍ ആ ചോദ്യം ഇന്നും ചോദ്യമായി തന്നെ അവശേഷിക്കുന്നു. ചൊവ്വയില്‍ ജീവനുണ്ടോ?
ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്ന ചോദ്യത്തിന് പിന്നാലെ ഇന്നും ശാസ്ത്രലോകം പരക്കം പായുമ്പോള്‍ പണ്ട് വൈക്കിങ് ലാന്‍ഡര്‍ കണ്ടെത്തിയ ഫലങ്ങള്‍ ശരിയല്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാല്‍ അരനൂറ്റാണ്ടിന് ശേഷം ഇതിനപ്പുറം ഭയപ്പെടുത്തുന്ന മറ്റൊരുവശം വൈക്കിങ് പര്യവേഷണങ്ങള്‍ക്ക് ഉണ്ടാകാം എന്ന തിയറിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജർമ്മനിയിലെ ടെക്‌നിഷെ യുണിവേഴ്‌സിറ്റി ബെർലിനിലെ ജ്യോതിശാസ്ത്രജ്ഞനായ ഡിർക്ക് ഷൂൾസ്-മാകുച്ച്. ചൊവ്വയിലെ ജീവന്‍റെ തുടിപ്പിനെ കൊന്നത് നാസയായിരിക്കാം എന്നാണ് ചൊവ്വയിലെ പര്യവേഷണങ്ങളെപ്പോലും ചോദ്യം ചെയ്തുകൊണ്ടുള്ള ഡിർക്ക് ഷൂൾസ്-മാകുച്ചിന്‍റെ ആശയം.
ഭൂമിയിലെ സൂക്ഷ്മാണുക്കളെ തിരിച്ചറിയാൻ സാധാരണയായി ഉപയോഗിക്കുന്ന കൾച്ചറിങ് ടെക്നിക്കുകളുടെ മാതൃകയിലാണ് വൈക്കിങ് പര്യവേഷണങ്ങളിലെ ലൈഫ് ഡിറ്റക്ഷൻ സിസ്റ്റം. അതായത് മണ്ണിന്‍റെ സാമ്പിളുകളിൽ വെള്ളവും പോഷകങ്ങളും വൈക്കിങ് ചേര്‍ക്കുന്നു. സൂക്ഷ്മാണുക്കളുണ്ടെങ്കില്‍ പ്രതിപ്രവര്‍ത്തനങ്ങളുണ്ടാകും. ഈ പ്രവര്‍ത്തനങ്ങളുടെ അടയാളങ്ങള്‍ നിരീക്ഷിക്കുകയാണ് വൈക്കിങ് ചെയ്തത്. ഈ പരീക്ഷണത്തിനിടയില്‍ വൈക്കിങ് ചൊവ്വയിൽ ജീവൻ കണ്ടെത്തിയിരിക്കാമെന്നും എന്നാല്‍ ഈ പരീക്ഷണങ്ങള്‍ തന്നെ അവയെ കൊന്നിട്ടുണ്ടാകാം എന്നുമാണ് നേച്ചർ ആസ്ട്രോണമി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.
ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥലങ്ങളിലൊന്നായ അറ്റകാമ മരുഭൂമിയേക്കാൾ വരണ്ടതാണ് ചൊവ്വ. അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുക്കുന്ന ലവണങ്ങൾ വഴിയാണ് അറ്റക്കാമയില്‍ സൂക്ഷ്മാണുക്കൾക്ക് വെള്ളം ലഭിക്കുന്നത്. വരണ്ട ഇടമായ ചൊവ്വയിലെ സൂക്ഷ്മജീവികളും ഇതേ ഗുണമുള്ളവയായിരിക്കാം. ദ്രവരൂപത്തിലുള്ള ജലത്തിനോട് ഈ ജീവികള്‍ വളരെ സെന്‍സിറ്റീവായിരിക്കും. ഒരു തുള്ളി പോലും അവരുടെ നിലനിൽപ്പിന് ഭീഷണിയായേക്കാം. അങ്ങിനെയെങ്കില്‍ ചൊവ്വയിലെ മണ്ണില്‍ വെള്ളവും പോഷകങ്ങളും ചേർത്തുള്ള പരീക്ഷണങ്ങള്‍ ഈ ജീവന്‍റെ തുടിപ്പിനെ ഇല്ലാതാക്കിയിട്ടുണ്ടാകാം എന്നാണ് ഗവേഷണത്തില്‍ പറയുന്നത്.
ഗവേഷണത്തെ കുറിച്ച് ഡിർക്ക് ഷൂൾസ്-മാകുച്ച് സ്പേസ്.കോമിനോട് നടത്തിയ സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍...
‘വൈക്കിങിന്‍റെ ലൈഫ് ഡിറ്റക്ഷൻ പരീക്ഷണങ്ങള്‍ എനിക്ക് എപ്പോളും കൗതുകമായിരുന്നു. മറ്റൊരു ഗ്രഹത്തിൽ ജീവന്‍ കണ്ടെത്താന്‍ നേരിട്ട് നടത്തിയ ഒരേയൊരു പരീക്ഷണമാണിത്. ഭൂമിയിലെ മിക്ക ജീവജാലങ്ങളെയും പോലെ തന്നെ ചൊവ്വയില്‍ ജീവനുണ്ടെങ്കില്‍ അവയ്ക്കും ദ്രാവക രൂപത്തിലുള്ള ജലം ആവശ്യമായി വരുമെന്ന അനുമാനത്തിലാണ് വൈക്കിങ് പരീക്ഷണങ്ങള്‍ നടത്തിയത്. ചൊവ്വയിലെ ജീവനെകുറിച്ചുള്ള അനുമാനങ്ങൾ കൃത്യമാണെങ്കിൽ ഭൂമിക്കുപുറത്തെ ജീവന്‍ കണ്ടെത്താനുള്ള വഴികള്‍ നാസ പുനർവിചിന്തനം ചെയ്യണം.
ചൊവ്വയിലെ സാഹചര്യങ്ങളുമായി സാമ്യമുള്ളതിനാൽ ചൊവ്വ പര്യവേഷണങ്ങളുടെ ടെസ്റ്റിങ് സൈറ്റാണ് അറ്റക്കാമ മരുഭൂമി. അവിടെ നടത്തിയ പര്യവേഷണങ്ങളില്‍ വരണ്ട കാലാവസ്ഥയില്‍ ജീവികൾ എങ്ങനെ നിലനിൽക്കും എന്നതിനെക്കുറിച്ചുള്ള ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇവിടെ ലവണങ്ങൾക്കും ലവണങ്ങളുടെ സഹായത്തോടെ ജീവജാലങ്ങൾക്കും അന്തരീക്ഷത്തിൽ നിന്ന് നേരിട്ട് വെള്ളം വലിച്ചെടുക്കാൻ കഴിയും. എന്നാല്‍ ഇത്തരത്തില്‍ ജീവിക്കാന്‍ കഴിയുന്ന ഒരു ജീവി ചൊവ്വയിൽ ഉണ്ടെന്ന് എനിക്ക് പറയാനാവില്ല. എന്നാൽ ഏകദേശം 4 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ചൊവ്വയില്‍ ഭൂമിയിലെന്ന പോലെ വെള്ളമുണ്ടായിരുന്നുവെന്ന് പഠനങ്ങള്‍ വന്നിട്ടുണ്ട്. അങ്ങനെയെങ്കില്‍ അത് വരണ്ടുണങ്ങുമ്പോൾ, മരുഭൂമിയാകുമ്പോള്‍ അതിലുണ്ടായിരുന്ന ജീവികള്‍ പുതിയ പരിതസ്ഥിതികളോട് പൊരുത്തപ്പെട്ട് അതിജീവിച്ചിട്ടുമുണ്ടാകാം. ആ ജീവികള്‍ക്ക് പില്‍ക്കാലത്ത് കൂടുതല്‍ അളവിലുള്ള വെള്ളം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല. വൈക്കിംഗ് ലൈഫ് ഡിറ്റക്ഷൻ പരീക്ഷണങ്ങളിൽ അതാണ് സംഭവിച്ചതെന്ന് ഞാൻ കരുതുന്നു. അറ്റകാമ മരുഭൂമിയിൽ പെയ്ത മഴയില്‍ 70-80% ബാക്ടീരിയകൾ ചത്തത് പെട്ടെന്ന് വെള്ളം കൈകാര്യം ചെയ്യാനാകാതെയാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു.
ജീവന് ജലം ആവശ്യമാണെന്ന അനുമാനത്തിലാണ് നമ്മുടെ പരീക്ഷണങ്ങള്‍. ഇത് അന്യഗ്രഹജീവികളെ കുറിച്ചുള്ള നമ്മുടെ അറിവുകളെ തടസപ്പെടുത്തുന്നു. ചൊവ്വയും ഭൂമിയും പലകാര്യങ്ങളിലും സാമ്യമുള്ളവയാണ്. ഒരേ തരത്തിലുള്ള ധാരാളം ധാതുക്കൾ രണ്ടിടത്തുമുണ്ട്. രണ്ടും ഭൗമ ഗ്രഹങ്ങളാണ്. സൂര്യനിൽ നിന്നുള്ള അകലത്തിലും സമാനതകളുണ്ട്. അതുകൊണ്ടുതന്നെ ചൊവ്വയിൽ ജീവനുണ്ടെങ്കില്‍ അത് ജലത്തെ ആശ്രയിച്ചായിരിക്കാമെന്ന് നാം പ്രതീക്ഷിക്കുന്നു. ചൊവ്വയിലെ ജീവജാലങ്ങൾക്ക് ഭൂമിയിലുള്ളതിന് സമാനമായ ഡിഎൻഎ ഉണ്ടെന്നാണ് അനുമാനമെങ്കില്‍ നമുക്ക് ഒരേ തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്താം. എന്നാൽ ഇത് വ്യത്യസ്തമായാലോ?
വൈക്കിങ് ലൈഫ് ഡിറ്റക്ഷൻ പരീക്ഷണങ്ങള്‍ തെറ്റാണെന്ന് ഞാന്‍ പറയില്ല. ചൊവ്വയെ കുറിച്ച് വളരെകുറച്ച് മാത്രം അറിവുണ്ടായിരുന്ന കാലത്ത് ആ സമീപനം ശരിയായിരുന്നുവെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. അത് അക്കാലത്തെ വളരെ പരിഷ്കൃതമായ ആശയമായിരുന്നു. എന്നാല്‍ ഇന്നാകട്ടെ കൂടുതൽ മികച്ച ഉപകരണങ്ങളും രീതികളും കൂടുതല്‍ അറിവുമുണ്ട്. നിഗമനത്തിലെത്താൻ ഒരു പരീക്ഷണത്തെ മാത്രം ആശ്രയിക്കരുത് എന്നാണ് എന്‍റെ കാഴ്ചപ്പാട്. ഇപ്പോൾ തന്നെ ധാരാളം വ്യത്യസ്ത രീതികൾ നിലവിലുണ്ട്. ഓരോന്നിനും ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എങ്കിലും ശാസ്ത്രത്തിൽ നിലവിലുള്ള മാതൃകയെ വെല്ലുവിളിക്കുന്നത് എല്ലായ്പ്പോഴും കഠിനമാണ്. ഏറ്റവും ആദരണീയരായ ശാസ്ത്രജ്ഞർക്ക് പോലും തെറ്റ് സംഭവിക്കാം. പക്ഷേ ആത്യന്തികമായി, ശാസ്ത്രം വിജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഒരു വർഷം മുമ്പ് നെതർലൻഡ്‌സ് രാജാവ് ആതിഥേയത്വം പ്രപഞ്ചത്തിലെ ജീവനെ കുറിച്ചുള്ള ഒരു കോണ്‍ഫറന്‍സില്‍ ഈ ആശയം അവതരിപ്പിച്ചിരുന്നു. പല യൂറോപ്യൻ ബഹിരാകാശ ശാസ്ത്രജ്ഞരും അവിടെ ഉണ്ടായിരുന്നു. തിരിച്ചടിച്ചേക്കാമെന്ന് കരുതിയെങ്കിലും എന്നെ ആശ്ചര്യപ്പെടുത്തി അവരത് സ്വീകരിച്ചു. ഞങ്ങളുടെ കണ്ടെത്തലുകൾ ശാസ്ത്രത്തിന് മുന്‍പില്‍ അവതരിപ്പിക്കുകയും വിശകലനം ചെയ്യുകയുമാണ് എന്‍റെ ലക്ഷ്യം. ചൊവ്വയിൽ ശരിക്കും സൂക്ഷ്മാണുക്കൾ ഉണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ ഞാന്‍ നിര്‍ദേശിച്ച ആശയം പ്രവർത്തിക്കുമെന്നും ജീവൻ വെളിപ്പെടുത്തുമെന്നും എനിക്ക് ആത്മവിശ്വാസമുണ്ട്. ഒരുപക്ഷേ ഞാന്‍ പറയുന്നത് തെറ്റായിരിക്കാം, ശരിയായിരിക്കാം. ഞങ്ങൾക്കറിയില്ല. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നമുക്ക് തെളിവുകൾ ലഭിക്കും. ഇത് രസകരമായ ഒരു ആശയമാണെന്ന് ഞാന്‍ കരുതുന്നു. എന്നാൽ ആത്യന്തികമായി ജീവന്‍റെ തുടിപ്പാണ് ലക്ഷ്യം. അതിനായി വിശാലമായി ചിന്തിക്കേണ്ടതുണ്ട്.’