അവസാനമായി 80,000 വർഷങ്ങൾക്ക് മുമ്പ് കണ്ട C/2023 A3 (ഷൂചിന്‍ഷാന്‍) വാല്‍നക്ഷത്രത്തിന്‍റെ ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നും പകര്‍ത്തി വാനനിരീക്ഷകര്‍. തിരുവനന്തപുരത്ത് കേരള സർവ്വകലാശാലയുടെ കീഴിലുള്ള ഒബ്സര്‍വേറ്ററിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 16 ഒക്ടോബറിനാണ് ഒബ്സര്‍വേറ്ററിയില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സെപ്റ്റംബര്‍ 27 മുതല്‍ ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളില്‍ കാണാമായിരുന്നെന്നും വാല്‍നക്ഷത്രത്തിന്‍റെ വരവിനായി കാത്തിരിക്കുകയായിരുന്നുവെന്നും ഒബ്സർവേറ്ററി ഡയറക്ടർ പ്രൊഫ. ഡോ. ആർ. ജയകൃഷ്ണൻ മനോരമ ന്യൂസിനോട് പറഞ്ഞു.
‘ഒക്ടോബര്‍ 12 ആയിരുന്നു വാല്‍നക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തുവന്ന ദിവസം. അന്ന് നഗ്നനേത്രങ്ങള്‍ക്കൊണ്ടും വാല്‍നക്ഷത്രത്തെ കാണാമായിരുന്നു. അതിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ആ ദിവസങ്ങളില്‍ മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു കേരളത്തിലേത്. തലേദിവസം മുതല്‍ നല്ലമഴയായിരുന്നു. ഒന്നും കാണാന്‍ സാധിച്ചില്ല. ഭാഗ്യത്തിന് 16ന് കണ്ടു. വെറും 12 മിനിറ്റു മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ’ ജയകൃഷ്ണൻ പറയുന്നു. ഒബ്സർവേറ്ററിയിലെ ടെലിസ്കോപ്പുകളുടെ ചുമതലയുള്ള രാഹുൽ ആർ, റിസർച്ച് അസിസ്റ്റൻ്റായ ഫാസിൽ സി.കെ എന്നിവർ ചേർന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
അതേസമയം, വാല്‍നക്ഷത്രം ഭൂമിയോട് അകന്നുകൊണ്ടിരിക്കുകയാണെന്നും ഇനി നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ സാധിക്കില്ല ടെലിസ്കോപ്പുകള്‍ ആവശ്യമായിവരുമെന്നും അദ്ദേഹം പറയുന്നു. ‘ഒക്ടോബര്‍ 16നും 17നും ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. 27വരെ ടെലിസ്കോപ്പ് വഴി ട്രാക്ക് ചെയ്യാം. അതിന് ശേഷം ഭൂമദ്ധ്യരേഖയ്ക്ക് മുകളിലുള്ളവര്‍ക്കേ കാണാന്‍ സാധിക്കൂ. കാണുന്നതിനായി പ്രകാശ മലിനീകരണം ഇല്ലാത്ത ഇടം തിരഞ്ഞെടുക്കണം. മേഘാവൃതമായ അന്തരീക്ഷമാണെങ്കിലും കാണാന്‍ സാധ്യത കുറവാണ്.’
‘എല്ലാവരും വാല്‍നക്ഷത്രത്തിന്‍റെ വാലിലേക്കാണ് നോക്കാറുള്ളത്. ഞങ്ങള്‍ വാല്‍നക്ഷത്രത്തിന്‍റെ ആകൃതിയാണ് പഠിക്കുന്നത്. രണ്ട് ദിശയിലേക്ക് വാലുണ്ട് എന്നതാണ് ഷൂചിന്‍ഷാന്‍ വാല്‍നക്ഷത്രത്തിന്‍റെ പ്രത്യേകത. ഒരു ‘യുണികോണ്‍’ ഘട്ടത്തിലാണ് വാല്‍നക്ഷത്രം. രണ്ട് ദിശയിലേക്ക് വാലുകളുള്ള ഘട്ടമാണിത്’ ജയകൃഷ്ണൻ പറയുന്നു.
‘നിലവില്‍ സൂര്യന്‍ അസ്തമിച്ച് കഴിയുമ്പോള്‍ തന്നെ വാല്‍നക്ഷത്രത്തെ കാണാനാകും. സൂര്യന്‍ അസ്തമിക്കുന്ന ഇടത്തുനിന്ന് 30 ഡിഗ്രി മുതല്‍ 45 ഡിഗ്രിവരെ മുകളിലോട്ട് വലതുഭാഗത്തായിട്ടുവേണം നോക്കാന്‍. തിരുവന്തപുരത്ത് വരും ദിവസങ്ങളില്‍ വൈകീട്ട് 6.40 മുതല്‍ 7.40 വരെ കാണാന്‍ സാധിക്കും. മറ്റു സ്ഥലങ്ങളില്‍ അഞ്ച് മിനിറ്റിന്‍റെ വരെ വ്യത്യാസം വന്നേക്കാം. കാണണമെങ്കില്‍ ടെലിസ്കോപ്പ് വേണമെന്നുമാത്രം.’ തിരുവനന്തപുരത്തെ ഒബ്സര്‍വേറ്ററി വൈകുന്നേരം 6 മണി മുതൽ രാത്രി 8.30വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നുണ്ട്. ആകാശം വ്യക്തമാണെങ്കിൽ അടുത്ത ദിവസങ്ങളിലായി വാല്‍നക്ഷത്രത്തെയും കാണാം.
ഷൂചിന്‍ഷാന്‍ വാല്‍നക്ഷത്രത്തിന് ശേഷം അടുത്തവര്‍ഷം ജനുവരി 15ഓടുകൂടി മറ്റൊരു വാല്‍നക്ഷത്രവും കേരളത്തിന്‍റെ ആകാശത്ത് വിരുന്നെത്തും. മൂന്ന് ദിവസത്തേക്ക് ടെലിസ്കോപ്പ് ഉപയോഗിച്ച് കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം വാല്‍നക്ഷത്രം C2023യുടെ ദൃശ്യങ്ങളും പകര്‍ത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. നാലു ദിവസം വാല്‍നക്ഷത്രത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. അതിരാവിലെ രണ്ടുമണിക്കും മൂന്നുമണിക്കും ഇടയിലുള്ള സമയത്താണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.