ഇന്ത്യയുടെ ഏറ്റവും പുതിയ വാർത്ത വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 (ജിസാറ്റ് എന്‍ 2) വിജയകരമായി വിക്ഷേപിച്ചു. വിദൂര പ്രദേശങ്ങളിലും വിമാനത്തിലും അതിവേഗ ഇന്റർനെറ്റ് സംവിധാനം ഒരുക്കാൻ ലക്ഷ്യമിട്ടുള്ള ഉപഗ്രഹം ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സ് കമ്പനിയാണ്  ബഹിരാകാശത്തെത്തിച്ചത്. അമേരിക്കയിലെ കേപ്പ് കാനവറയിലെ വിക്ഷേപണത്തറയിൽ നിന്ന്  ഫാൽകൻ 9 റോക്കറ്റ് ഉപയോഗിച്ച് ഇന്ന് പുലര്‍ച്ചെയാണ് വിക്ഷേപിച്ചത്.

ഇന്ത്യയുടെ എൽ.വി എം -3 റോക്കറ്റിന് വഹിക്കാൻ കഴിയുന്നതിനേക്കാൾ കൂടിയ ഭാരമുള്ളതിനാലാണ്  ഇസ്രോ സ്പേസ് എക്സുമായി കരാർ ഉണ്ടാക്കിയത്. 4700 കിലോയാണ്‌  ഉപഗ്രഹത്തിന്റെ ഭാരം. ഇസ്രോ സ്പേസ് എക്സ് ആയി വാണിജ്യ കരാറിൽ ഏർപ്പെടുന്നത് ഇതാദ്യമായാണ്. 

ഏകദേശം 27,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്താന്‍ എട്ടുമിനിട്ടുകള്‍ മാത്രമാണ് വേണ്ടി വന്നത്.  ഭൂനിരപ്പില്‍ നിന്നും 36000x170 കിലോമീറ്റര്‍ ഭൂസ്ഥിര കൈമാറ്റ ഭ്രമണപഥത്തിലാണ് ജിസാറ്റ് 20 എത്തിയത്. 

ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള എല്‍വിഎം 3 റോക്കറ്റിന് 4000 കിലോഗ്രാം വരെ ജിടിഒയിലും 8000 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ 500 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള താഴ്ന്ന ഭൗമ ഭ്രമണപഥത്തിലും എത്തിക്കാന്‍ കഴിയും.  ജിസാറ്റ് 24 ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചത്  ഏരിയന്‍ 5 റോക്കറ്റാണ്.  ഏരിയന്‍ അഞ്ചിന്‍റെ കാലാവധി കഴിയുകയും ആറിന്‍റെ നിര്‍മാണം പൂര്‍ത്തിയാകാതെയും വന്നതോടെയാണ് ഫാല്‍ക്കണിനെ ഇസ്റോ ആശ്രയിച്ചത്.  ഐഎസ്ആര്‍ഒയ്ക്ക് കീഴിലെ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡാണ് ജിസാറ്റ് 20 നിര്‍മിച്ചത്.

ENGLISH SUMMARY:

Elon Musk's SpaceX Successfully Launches Indian Satellite. GSAT N-2 or GSAT 20, the 4,700 kg fully commercial satellite, was launched from Space Complex 40 at Cape Canaveral in Florida