കൂടുതല്‍ ആഴത്തിനുള്ള പര്യവേഷണങ്ങള്‍ക്കായി 2040 ഓടെ ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ പദ്ധതിയിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാൻ ദൗത്യങ്ങളുടെ വിജയത്തിന് ശേഷം ചന്ദ്രനിലേക്ക് ബഹിരാകാശ സഞ്ചാരികളെ അയക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുന്ന രാജ്യത്തിന്‍റെ ദീര്‍ഘകാല ചാന്ദ്ര പര്യവേഷണത്തിന് അടിത്തറയാകാന്‍ ഒരുങ്ങുകയാണ് പുതിയ പദ്ധതിയെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ ചാന്ദ്ര പര്യവേഷണ രംഗത്തെ തങ്ങളുടെ സാന്നിധ്യം വ്യക്തമായി ഉറപ്പിക്കുകൂടിയാണ് ഇന്ത്യയുടെ ലക്ഷ്യം.
ചന്ദ്രയാൻ ദൗത്യങ്ങളുടെ വിജയങ്ങള്‍ക്കു ശേഷമുള്ള രാജ്യത്തിന്‍റെ വിപുലമായ പര്യവേഷണ പദ്ധതികള്‍ പ്രധാനമായും മൂന്ന് ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. ആദ്യ ഘട്ടം ഇതിനാവശ്യമായ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കലും റോബോട്ടിക് ദൗത്യങ്ങളിലൂടെയുള്ള പര്യവേഷണവുമാണ്. 2023ൽ ചന്ദ്രനിൽ ഇറങ്ങിയ ഇന്ത്യയുടെ അഭിമാനദൗത്യം ചന്ദ്രയാൻ-3ന്‍റെ വിജയത്തിന് വലിയ പ്രാധാന്യമാണുള്ളത്. ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ എത്തിക്കാനും കൂടുതൽ പര്യവേക്ഷണങ്ങൾക്കുമായി ചന്ദ്രയാൻ-4 ദൗത്യം 2028ഓടുകൂടി ആരംഭിക്കും.
2040ഓടുകൂടി ബഹിരാകാശ യാത്രികരെ ചന്ദ്രനിലെത്തിക്കുക എന്നാണ് രണ്ടാം ഘട്ടം. ചന്ദ്രനിലിറങ്ങിയതിനു ശേഷം പഠനങ്ങള്‍ക്കും തുടർ ദൗത്യങ്ങള്‍ക്കുമായി ചന്ദ്രനുചുറ്റും ഒരു ബഹിരാകാശ നിലയം വികസിപ്പിക്കുകയും ചെയ്യും. അതേസമയം ചന്ദ്രനിൽ സ്ഥിരമായ ഒരു ബഹിരാകാശ നിലയം എന്നതാണ് അവസാനഘട്ടം. ഇത് ചന്ദ്രനിലെ ദീർഘകാല ഗവേഷണങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരിക്കും. മാത്രമല്ല ചൊവ്വയിലേക്കുള്‍പ്പെടെയുള്ള ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ കേന്ദ്രവുമായിരിക്കും. ഭാവിയിലെ ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ വികസിപ്പിക്കാനും ഇത് സഹായിക്കും. ചന്ദ്രന്‍റെ വിഭവങ്ങളും ശാസ്ത്രജ്ഞർ പര്യവേക്ഷണം ചെയ്യും.
ചാന്ദ്ര ബഹിരാകാശ നിലയത്തിനു പുറമേ ഭൗമ ഭ്രമണപഥത്തിലെ ആദ്യത്തെ ബഹിരാകാശ നിലയം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ഐഎസ്ആര്‍ഒ. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (Bharatiya Antariksha Station/BAS) എന്നാണിത് അറിയപ്പെടുന്നത്. സ്റ്റേഷന്‍റെ ആദ്യ മൊഡ്യൂൾ 2028-ൽ സമാരംഭിക്കും. ചാന്ദ്ര ബഹിരാകാശ നിലയത്തിനാവശ്യമായ സാങ്കേതികവിദ്യകളുടെ പരീക്ഷണശാലകൂടിയായിരിക്കും ഇത്.
ചാന്ദ്ര പര്യവേഷണങ്ങളില്‍ ഓസ്‌ട്രേലിയയുടേയും ഇന്ത്യയുടേയും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി നടപ്പാക്കൽ കരാറില്‍ ഐഎസ്ആർഒയും ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസിയും (എഎസ്എ) നവംബർ 20ന് ഒപ്പുവച്ചു കഴിഞ്ഞു. ഗഗൻയാൻ ദൗത്യങ്ങൾക്കായുള്ള സഹകരണമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ അഭിമാന പദ്ധതിയാണ് ഗഗൻയാൻ ദൗത്യം. ദൗത്യത്തിന്റെ സഞ്ചാര പാത അനുസരിച്ച് ഓസ്‌ട്രേലിയന്‍ കടലിലായിരിക്കുമെന്നും ദൗത്യം തിരികെയിറങ്ങുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്രൂ മൊഡ്യൂൾ വീണ്ടെടുക്കുന്നതിനും തിരയുന്നതിനും രക്ഷാപ്രവർത്തനത്തിനും പിന്തുണ ഉറപ്പാക്കുന്നതിനായിക്കൂടിയാണ് കാരാര്‍.
അതേസമയം, ഏതാനും ദശകങ്ങൾക്കുള്ളിൽ ചന്ദ്രനില്‍ ബഹിരാകാശ നിലയം നിര്‍മിക്കാന്‍ ചൈനയും ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുടെ ബഹിരാകാശ ദൗത്യങ്ങളുടെയും ഗവേഷണങ്ങളുടെയും ഭാഗമായി ചൈന അക്കാദമി ഓഫ് സയൻസസ് (CAS), ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ, ചൈന മാൻഡ് സ്‌പേസ് ഏജൻസി എന്നിവരാണ് പദ്ധതികളും ലക്ഷ്യങ്ങളും പ്രഖ്യാപിച്ചത്. 2028 മുതൽ 2035 വരെയുള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിലായിരിക്കും ചൈനയുടെ ചാന്ദ്ര നിലയം ഒരുങ്ങുക. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള പദ്ധതികളും മറ്റു ഗ്രഹങ്ങളുടെ പര്യവേക്ഷണ പദ്ധതികളും ചൈനയും ലക്ഷ്യമിടുന്നുണ്ട്.