2022ൽ കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളില്‍ ആകാശത്തുവച്ച് ഒരു വസ്തു പൊട്ടിത്തെറിച്ചു. അതിശയിപ്പിക്കും വിധം പച്ചനിറത്തില്‍ അത് കത്തി താഴേക്കു പതിച്ചു. 2022 WJ1 എന്നു പേരുനല്‍കിയ ഛിന്നഗ്രഹമായിരുന്നു അത്. ഇതുവരെ കൃത്യമായി അളന്നതില്‍ വച്ച് ഏറ്റവും ചെറിയ ഛിന്നഗ്രഹമാണ് അന്ന് തെക്കൻ ഒന്‍റാറിയോയ്ക്ക് മുകളില്‍ വച്ച് തീഗോളമായി മാറിയത് എന്നാണ് പ്ലാനറ്ററി സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത്. ഭൂമിയുടെ അന്തരീക്ഷവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രം കണ്ടെത്തിയ ഛിന്നഗ്രഹത്തിന് ഒരു ശരാശരി വളർത്തുപൂച്ചയുടെ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ.
2022 നവംബർ 19 നാണ് 20 ഇഞ്ച് മാത്രം വീതിയുള്ള ഛിന്നഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തില്‍ വച്ച് കത്തിയെരിഞ്ഞത്. നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമുള്ള ആകാശത്തെ ഏകദേശം 10 സെക്കൻഡോളം ഇത് പ്രകാശപൂരിതമാക്കി. അരിസോണയിലെ കാറ്റലീന സ്കൈ സർവേയിൽ നിന്നുള്ള ജ്യോതിശാസ്ത്രജ്ഞരാണ് ഛിന്നഗ്രഹം കണ്ടെത്തിയത്. തെക്കൻ ഒന്‍റാറിയോയിലും ന്യൂയോർക്ക്, ഒഹായോ എന്നിവയുൾപ്പെടെ അമേരിക്കയുടെ ചില ഭാഗങ്ങളിലും ഛിന്നഗ്രഹം ദൃശ്യമായിരുന്നു. ഈ സമയം ഉച്ചത്തിലുള്ള സോണിക് ബൂം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
16 മുതൽ 24 ഇഞ്ച് വരെ (40 മുതൽ 60 സെൻ്റീമീറ്റർ വരെ) വലുപ്പമുള്ള ഛിന്നഗ്രഹമായിരുന്നു ഇതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 4.3 മീറ്റർ ലോവൽ ഡിസ്കവറി ടെലിസ്കോപ്പ്, വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയുടെ മെറ്റിയർ ക്യാമറ നെറ്റ്‌വർക്ക് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഛിന്നഗ്രഹത്തെ നിരീക്ഷിച്ചതും വലിപ്പം നിര്‍ണയിച്ചതും.
2022 WJ1 നേക്കാൾ ചെറിയ ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളും ഓരോ ദിവസവും ഭൂമിയിൽ പതിക്കുന്നുണ്ട്. എന്നാല്‍ അവയുടെ ഒന്നും വലിപ്പം കൃത്യമായി കണക്കാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കാരണം ഇവ മുന്‍കൂട്ടി കാണുന്നത് തന്നെ അപൂര്‍വമാണ്. അതേസമയം 2022 WJ1ഛിന്നഗ്രഹത്തിന്‍റെ വലിപ്പം കൃത്യമായി അളക്കാന്‍ സാധിച്ചത് വരുംകാലങ്ങളില്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ചുള്ള ഗവേഷണത്തിന് സഹായമാകുമെന്ന് അരിസോണയിലെ ലോവൽ ഒബ്സർവേറ്ററിയിലെ ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു.