തിളക്കമേറിയ നക്ഷത്രമായി ഇന്ന് രാത്രി ആകാശത്ത് വ്യാഴത്തെ കാണാം. ഭ്രമണത്തിനിടെ ഭൂമി സൂര്യനും വ്യാഴത്തിനും ഇടയിലെത്തുന്ന ദിവസമായതിനാലാണ് ഭൂമിയുടെ ആകാശത്ത് ഇന്ന് വിസ്മയക്കാഴ്ച ഒരുങ്ങുന്നത്. സൂര്യന് ചുറ്റുമുള്ള ഭ്രമണത്തിനിടെ 13 മാസത്തില്‍ ഒരിക്കലാണിത് സംഭവിക്കുക. പതിവായി പൊട്ടുപോലെ കാണപ്പെടുന്ന വ്യാഴത്തെ ഇന്നേ ദിനം ഇരട്ടി വലിപ്പത്തിലും തിളക്കത്തിലും മാനത്ത് കാണാമെന്നതാണ് സവിശേഷത.
അര്‍ധരാത്രിയോടെയാകും ഭൂമിയോട് ഏറ്റവുമടുത്തായി വ്യാഴമെത്തുക. ഈ സമയമാണ് കാണാന്‍ അനുയോജ്യമെന്ന് വാനനിരീക്ഷകര്‍ പറയുന്നു. വ്യാഴം ഇക്കുറി സൂര്യനടുത്തെത്തിയത് ഇന്നലെയും ഇന്നുമായി ആയിരുന്നുവെന്നും സൂര്യനും ഭൂമിക്കുമേറ്റവും അടുത്തായി വ്യാഴം വരുന്ന സന്ദര്‍ഭങ്ങളില്‍ വലിപ്പമേറിയ നിലയില്‍ കാണാന്‍ കഴിയുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. വൃഷഭ രാശിക്കടുത്തായാകും (taurus) വ്യാഴം ആകാശത്ത് സ്ഥിതി ചെയ്യുക.
ഭൂമിക്ക് തൊട്ടരികെ എത്തുമ്പോഴും 367 ദശലക്ഷം മൈല്‍ അകലെയാണ് വ്യാഴം ഈ ദിവസത്തിലുള്ളത്. വലിപ്പമേറുന്നതിനൊപ്പം സാധാരണ കാണുന്നതിലും 25 ശതമാനം കൂടുതല്‍ തിളക്കവും ഇന്ന് വ്യാഴത്തിനുണ്ടാകും. പ്രകാശം ഭൂമിയിലേക്കെത്താന്‍ 34 മിനിറ്റ് മാത്രമാകും വേണ്ടി വരിക.
വ്യാഴത്തിന്‍റെ നാല് പൂര്‍ണ ചന്ദ്രന്‍മാരായ യൂറോപ്പ, ഗ്യാനിമീഡ്, കലിസ്റ്റോ, ലോ എന്നിവയും ഒപ്പം മാനത്ത് ദൃശ്യമാകും. ഈ വര്‍ഷം ഈ വിസ്മയക്കാഴ്ച മിസ്സായിപ്പോയാലും സങ്കടം വേണ്ട, 2026 ജനുവരി 10ന് കുറച്ചുകൂടി തിളക്കമേറിയ വ്യാഴത്തെ കാണാം. പിന്നീട് 2027 ഫെബ്രുവരിയിലും 2028 മാര്‍ച്ച് 13നും വ്യാഴം വീണ്ടും ഭൂമിക്കരികിലെത്തും.