ഭൂമിയില്‍ പതിക്കുന്ന ഉല്‍ക്കകള്‍ക്ക് പിന്നെ എന്ത് സംഭവിക്കുമെന്ന് എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഓരോ ദിവസവും ഏകദേശം 48.5 ടൺ ഉല്‍ക്കകളാണ് ഭൂമിയെ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോള്‍ തീഗോളമായി മാറുന്നു. മിക്ക ചെറിയ ഉല്‍ക്കകളും ഇത്തരത്തില്‍ അന്തരീക്ഷത്തില്‍ വച്ച് കത്തിനശിക്കും. എന്നാല്‍ പൂര്‍ണമായും കത്തിനശിക്കാത്തവ ഭൂമിയിലേക്കെത്തും.
ഇത്തരത്തില്‍ ഭൂമിയിലെത്തുന്നവയില്‍ സമുദ്രത്തിൽ പതിക്കുന്ന ഉൽക്കകൾ പിന്നീട് ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയാറില്ല. അപ്പോള്‍ കരയില്‍ വീഴുന്നവയോ? കരയിലെത്തുന്ന ഉല്‍ക്കളുടെ മൂല്യം പ്രതീക്ഷികള്‍ക്കും അപ്പുറത്തായിരിക്കും അതുകൊണ്ടുതന്നെ ഇവയുടെ ഉടമസ്ഥതയെ ചൊല്ലി തര്‍ക്കങ്ങളും ചര്‍ച്ചകളും ഉടലെടുത്തേക്കാം. ആഗോളതലത്തിൽ, ഉൽക്കാശില വേട്ട എന്നത് ലാഭകരമായ ഒരു ‘ബിസിനസാണ്’. ഇത്തരത്തില്‍ ഉല്‍ക്കകള്‍ ഓൺലൈനിൽ വില്‍ക്കപ്പെടുകയും രാജ്യങ്ങൾക്കിടയിൽ കയറ്റി അയക്കപ്പെടുകയും ചെയ്യുന്നു. പ്രപഞ്ച രഹസ്യങ്ങളുടെ താക്കോലായിട്ടാണ് ഈ ഉല്‍ക്കാ ശിലകള്‍ കരുതപ്പെടുന്നത്. ഗവേഷകര്‍ ഇവയെ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉല്‍ക്കാ ശിലകളുടെ സ്വകാര്യ ശേഖരം സൂക്ഷിക്കുന്നവരുമുണ്ട്.
കഴിഞ്ഞ വർഷം ന്യൂസിലാൻഡില്‍ 810 ഗ്രാം ഭാരവും ആപ്പിളിന്‍റെ വലിപ്പവുമുള്ള ഉല്‍ക്കാശില പതിച്ചിരുന്നു. തകാപ്പോയ്ക്ക് സമീപമുള്ള സെൻട്രൽ സൗത്ത് ഐലൻഡിലെ സംരക്ഷിത ഭൂമിയിലാണ് ഇത് വീണത്. ഫയർബോൾസ് ഓട്ടേറോവയിലെ അംഗമായ ജാക്ക് വെറ്ററിങ്സ് എന്ന ഉല്‍ക്കകളെ തേടുന്ന സംഘത്തിലെ അംഗമാണ് ഈ ഉല്‍ക്കാശില കണ്ടെടുത്തത്. ഇത് ഉല്‍ക്കകളുടെ ഉടമസ്ഥതയെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.
വര്‍ഷങ്ങളായി ന്യൂസിലന്‍ഡാണ് ഉല്‍കാപതനത്തിന്‍റെ ഒരു കേന്ദ്രം . 2004 ജൂൺ 12ന് ഓക്‌ലൻഡിലെ ഒരു വീട്ടില്‍ മേല്‍ക്കൂര തകര്‍ത്തായിരുന്നു ഉല്‍ക്കാശില വീണത്. സോഫ തുളച്ച് ഒടുവില്‍ സ്വീകരണമുറിയിലെ തറയിലാണ് ഈ ഉല്‍ക്കാശില കണ്ടെത്തിയത്. 1.3 കിലോഗ്രാമായിരുന്നു ഇതിന്‍റെ ഭാരം രാജ്യാന്തരതലത്തില്‍ പ്രശസ്തി നേടിയ ഈ ഉല്‍ക്കാശില വാങ്ങാന്‍ ഒട്ടേറെപേര്‍ രംഗത്തെത്തി. വീട്ടുടമസ്ഥരായ ദമ്പതിമാര്‍ക്ക് വന്‍ഓഫറുകളുമായിട്ടാണ് ആളുകളെത്തിയത്. എന്നാല്‍ ദമ്പതികള്‍ ഈ ഓഫറുകള്‍ നിരസിക്കുകയും ശില ഓക്ക്‌ലൻഡ് വാർ മെമ്മോറിയൽ മ്യൂസിയത്തിന് നല്‍കുകയും ചെയ്തു.
ശരിക്കും ഉല്‍ക്കകള്‍ ആരുടെ സ്വത്താണ്?
ബഹിരാകാശത്തു നിന്ന് വരുന്നവയായതുകൊണ്ടു തന്നെ ഉൽക്കാശിലകളുടെ ഉടമസ്ഥാവകാശം നിർണ്ണയിക്കുന്നത് അവ കണ്ടെത്തുന്ന രാജ്യത്തിന്‍റെ നിയമമമാണ്. ഈ നിയമങ്ങളാകട്ടെ ഓരോ രാജ്യത്തിനും വ്യത്യസ്തമാണ്. ചില രാജ്യങ്ങള്‍ ഉൽക്കാശിലകള്‍ക്ക് മുകളിലുള്ള സ്വകാര്യ ഉടമസ്ഥാവകാശം അനുവദിക്കുമ്പോൾ മറ്റു ചില രാജ്യങ്ങള്‍ നഷ്ടപരിഹാരം പോലും നല്‍കാതെ അത് പൊതുസ്വത്തായി കണക്കാക്കുന്നു.
ന്യൂസിലൻഡില്‍ ഉൽക്കാശില എവിടെ കണ്ടെത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഉടമസ്ഥാവകാശവും. സ്വകാര്യഭൂമിയിലാണെങ്കില്‍ ഭൂമിയുടെ ഉടമസ്ഥനായിരിക്കും ഇതിന്‍റെ നിയമപരമായ ഉടമ. പൊതുഇടങ്ങളിലോ സംരക്ഷിത പ്രദേശങ്ങളിലോ ആണെങ്കില്‍ കണ്ടെത്തുന്നവര്‍ക്കായിരിക്കും ഉടമസ്ഥാവകാശം.
ഇത്തരത്തില്‍ സ്വകാര്യ സ്വത്തായി മാറുന്ന ഉല്‍ക്കകള്‍ എല്ലാം മ്യൂസിയങ്ങളിലേക്ക് എത്താറില്ല. എല്ലാവരും ഇത് സംഭാവന ചെയ്യാന്‍ തയ്യാറാകില്ല. അതേസമയം ഇവ വില്‍ക്കുന്നവരുമുണ്ട്. ഇന്ന് ഏറെ ലാഭകരമായ വരുമാന സ്രോതസ്സാണിത്. ഉൽക്കാശിലകൾക്ക് ഓൺലൈനിൽ ദശലക്ഷക്കണക്കിന് രൂപയും ലഭിക്കും. അതുകൊണ്ടുതന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽക്കാശില വേട്ട രാജ്യാന്തര തലത്തില്‍ വർദ്ധിച്ചുവരുന്നതായി കാണപ്പെടുന്നു. പ്രത്യേകിച്ചും ചൈനയിൽ. എന്നാല്‍ പല രാജ്യങ്ങളിലും ഉൽക്കാശില വേട്ടയും വില്‍പനയും നിയന്ത്രിക്കാനായി നിയമങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ ഉൽക്കാശിലകൾ അനധികൃതമായി കയറ്റുമതി ചെയ്താല്‍ കനത്ത നിയമനടപടിയും നേരിടേണ്ടി വരും.