Image: NASA/X
ഭൂമിയിലേക്ക് മടങ്ങി വരുന്നതിനായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സുനിതയും വില്‍മോറും. സ്പേസ് എക്സ് പേടകത്തില്‍ ഭൂമിയിലേക്ക് യാത്ര തിരിക്കുന്നതിന് മുന്‍പ് ഹാന്‍ഡ് ഓവര്‍ പ്രക്രിയകള്‍ പൂര്‍ത്തിയാക്കുകയാണ് ഇരുവരും. ക്രൂ–10 ബഹിരാകാശ നിലയത്തിലെത്തിയതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മടക്കയാത്രയെ കുറിച്ചും ബഹിരാകാശ നിലയത്തിലെ വാസത്തെ കുറിച്ചും ആശങ്കകളെ കുറിച്ചുമെല്ലാം സുനിത മനസ് തുറന്നു.
screengrab made from a NASA livestream(Photo by NASA / AFP)
ഒന്‍പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം മടങ്ങി ഭൂമിയിലെത്തുമ്പോള്‍ ഏറ്റവുമധികം നഷ്ടബോധം തോന്നുക എന്ത് കാര്യത്തിലാകുമെന്ന ചോദ്യം വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്നു. ഉടനടി വന്നു സുനിതയുടെ ഉത്തരം.. 'എനിക്കെല്ലാം മിസ് ചെയ്യും.. എന്‍റെയും ബുഷിന്‍റെയും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്നാമത്തെ വരവായിരുന്നു ഈ ദൗത്യം. ഒന്നിച്ച്, പരസ്പരം സഹകരിച്ചാണ് ഞങ്ങള്‍ ഈ ദൗത്യം പൂര്‍ത്തിയാക്കിയത്. ഇതിലെ ഓരോ മാറ്റങ്ങള്‍ക്കും ഞങ്ങള്‍ സാക്ഷികളാണ്. സവിശേഷമായ കാഴ്ചപ്പാട് ജീവിതത്തെ കുറിച്ചും പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്നതിനെ കുറിച്ചും പരുവപ്പെടുത്താന്‍ ഇക്കാലയളവ് സഹായിച്ചു'. നിരന്തര പ്രചോദനത്തിന്‍റെ ആ ഉന്‍മേഷം നഷ്ടമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആ ഊര്‍ജമാണ് താന്‍ ഭൂമിയിലേക്ക് കൊണ്ടുപോകുന്നതെന്നും സുനിത പറഞ്ഞു. Also Read: സുനിത കാന്‍സറിനെ പേടിക്കണോ? നാസ പറയുന്നതിങ്ങനെ..
image:x.com/AstroHague/
ബഹിരാകാശത്ത് കുടുങ്ങിപ്പോയ ഒന്‍പത് മാസം പല കാരണങ്ങള്‍ കൊണ്ടും അതിസങ്കീര്‍ണമായിരുന്നു. പ്രത്യേകിച്ചും ഭൂമിയിലുള്ള കുടംബാംഗങ്ങള്‍ക്കും ഉറ്റ സുഹൃത്തുക്കള്‍ക്കുമെന്നും സുനിത തുറന്ന് പറഞ്ഞു. അതേസമയം ബഹിരാകാശ നിലയത്തിനുള്ളില്‍ താനും വില്‍മോറും സമാധാനത്തിലായിരുന്നുവെന്നും പൂര്‍ത്തീകരിക്കാന്‍ ബൃഹത്തായ ദൗത്യം മുന്നിലുണ്ടായിരുന്നുവെന്നും അവര്‍ വിശദീകരിക്കുന്നു. എല്ലാ ദിവസവും ചെയ്തു തീര്‍ക്കുന്നതിനായി കൃത്യമായ ജോലികളും പരീക്ഷണങ്ങളുമുണ്ടായിരുന്നു. എന്ന് തിരികെ പോകുമെന്ന് അറിയില്ലായിരുന്നുവെന്നതില്‍ മാത്രമാണ് ആകെ ബുദ്ധിമുട്ട് തോന്നിയതെന്നും സുനിത പറഞ്ഞു.
സുനിതയെയും വില്‍മോറിനെയും ഭൂമിയില്‍ തിരികെ എത്തിക്കുന്നതിനായി ക്രൂ–10 സംഘം മാര്‍ച്ച് 15 നാലരയോടെ (ഇന്ത്യന്‍ സമയം)യാണ് കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നും പുറപ്പെട്ടത്. ഞായറാഴ്ച സംഘം ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുകയും ചെയ്തു. റഷ്യ, ജപ്പാന്‍, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള നാല്‍വര്‍ സംഘമാണ് സുനിതയും വില്‍മോറും ഹേഗും ഗോര്‍ബുണോവും ഭൂമിയിലേക്ക് മടങ്ങുമ്പോള്‍ ബഹിരാകാശ നിലയത്തില്‍ ഉണ്ടാവുക.
2024 ജൂണിലാണ് ഒന്‍പത് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് സുനിതയും വില്‍മോറും യാത്ര തിരിച്ചത്.ബോയിങിന്‍റെ ആദ്യ ബഹിരാകാശ പേടകത്തില്‍ മടങ്ങിവരാനാണ് ഇരുവരും തീരുമാനിച്ചിരുന്നതെങ്കിലും ത്രസ്റ്ററുകള്‍ പണിമുടക്കുകയും ഹീലിയം ചോര്‍ച്ച സംഭവിക്കുകയും ചെയ്തതോടെ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ആളില്ലാതെ പേടകം മാത്രമായി നാസ തിരികെ എത്തിച്ചു. തുടര്‍ന്ന് ഇരുവരുടെയും മടങ്ങി വരവ് അനിശ്ചിതമായി നീളുകയായിരുന്നു. ഒടുവില്‍ ആശങ്കകള്‍ക്ക് അവസാനമിട്ട് സ്പേസ് എക്സ് പേടകത്തില്‍ സുനിതയെയും വില്‍മോറിനെയും നാസ തിരികെ എത്തിക്കുകയാണ്. ബഹിരാകാശ യാത്രികര്‍ മടങ്ങിവരുന്നതിന്‍റെ ലൈവ് സ്ട്രീം നാസ ഒരുക്കുന്നുമുണ്ട്. . ഫ്ലോറിഡ തീരത്ത് യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30) സുനിതയെയും സംഘത്തെയും വഹിക്കുന്ന പേടകം പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഔദ്യോഗിക അറിയിപ്പ്.