image: NASA
രാജ്യാന്തര ബഹിരാകാശ പേടകത്തില്‍ നിന്നും ഭൂമി ലക്ഷ്യമാക്കി സുനിത വില്യംസും സംഘവും യാത്ര തുടരുകയാണ്. മടങ്ങിയെത്തിയാല്‍ കുറച്ച് കാലത്തേക്കെങ്കിലും സവിശേഷ ദിനചര്യകളാണ് ബഹിരാകാശയാത്രികരെ കാത്തിരിക്കുന്നത്. സൂക്ഷ്മനിരീക്ഷണത്തിലാകും സുനിത വില്യംസും സംഘവും. എന്നിരുന്നാലും ഓരോരുത്തരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് വേണ്ടിവരുന്ന വൈദ്യപരിശോധനകളും മാറും. വൈദ്യ പരിശോധനകള്‍ കൂടാതെ കടുത്ത വ്യായാമമുറകളും മറ്റ് പരിശീലനങ്ങളും ബഹിരാകാശയാത്രികര്‍ക്ക് നല്‍കും. ഭൂമിയില്‍ മടങ്ങിയെത്തിയാല്‍ 45 ദിവസത്തിനുള്ളില്‍ പൂര്‍വസ്ഥിതിയിലേക്ക് സാധാരണഗതിയില്‍ ബഹിരാകാശ യാത്രികരുടെ ആരോഗ്യ–ശാരീരിക സ്ഥിതി എത്തും. ഇതില്‍ നിന്നും വിഭിന്നമായി ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ അതനുസരിച്ചുള്ള പദ്ധതികള്‍ പ്രത്യേക മേല്‍നോട്ടത്തില്‍ ചെയ്യുമെന്നാണ് നാസ വിശദീകരിക്കുന്നത്.
This image made from video by NASA shows Russian astronaut Alexei Ovchinin, left, Butch Wilmore, center, and Suni Williams wait to greet newly arrived astronauts after the SpaceX capsule docked with the International Space Station, Sunday, March 16, 2025.AP/PTI(AP03_16_2025_000051A)
2020 ല്‍ പുറത്തിറക്കിയ പ്രിന്‍സിപ്പല്‍സ് ഓഫ് ക്ലിനിക്കല്‍ മെഡിസിന്‍ ഫോര്‍ സ്പേസ് ഫ്ലൈറ്റ് എന്ന പുസ്തകം അനുസരിച്ച് 20 ദിവസം ബഹിരാകാശത്ത് കഴിഞ്ഞവര്‍ പഴയ ഫിറ്റ്നസ് ഭൂമിയിലെത്തി ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടെടുക്കുമെന്നാണ് പറയുന്നത്. സുനിതയുടെയും വില്‍മോറിന്‍റെയും കാര്യത്തില്‍ ഇത് ഒന്‍പത് മാസത്തോളം നീണ്ടുപോയതിനാല്‍ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിലും കാലതാമസം നേരിട്ടേക്കും.
നാളെ പുലര്‍ച്ചെ മടങ്ങിയെത്തിയതിന് പിന്നാലെ തന്നെ ക്രൂ–9 അംഗങ്ങള്‍ക്ക് വിശദമായ ശാരീരിക പരിശോധനകളും മസാജ് തെറപ്പിയും നടത്തും. പിന്നാലെ ന്യൂറോളജിക്കല്‍ പരിശോധനകളും ഉണ്ടാകും. തലകറക്കം, തളര്‍ച്ച, നേരെ നില്‍ക്കാനും നടക്കാനും കഴിയാത്ത അവസ്ഥകള്‍ എന്നിവ ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനാണിത്. അതിന് ശേഷം ഇസിജി, കാഴ്ച ശക്തി പരിശോധന, ചര്‍മ–രക്ത–മൂത്ര പരിശോധനകള്‍ എന്നിവയും നടത്തും. ക്രൂ–സര്‍ജന്‍, ഡപ്യൂട്ടി ക്രൂ സര്‍ജന്‍, ഫ്ലൈറ്റ് സര്‍ജന്‍ എന്നിവരടങ്ങുന്ന സംഘത്തിന്‍റെ നേതൃത്വത്തിലാണ് മേല്‍പ്പറഞ്ഞ പരിശോധനകള്‍ നടത്തുക. ഇതിന് പുറമെ മാനസികാരോഗ്യ വിദഗ്ധന്‍റെ സേവനവും പത്ത് ദിവസം കൂടുമ്പോള്‍ ലഭ്യമാക്കും.
screengrab made from a NASA livestream(Photo by NASA / AFP)
മടങ്ങിയെത്തി അടുത്ത ആഴ്ച മുതല്‍ ശാരീരിക ക്ഷമത ഉറപ്പുവരുത്തുന്നതിനായി എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ വീതം വ്യായാമം നിര്‍ബന്ധാണ്. ഇതില്‍ സൈക്ലിങും തുഴച്ചിലും ഇതില്‍പ്പെടും. പുറത്തെയും കാലിലെയും പേശികളെ ശക്തിപ്പെടുത്തുന്നതിനും ശരീരത്തിന്‍റെ നില കൃത്യമാക്കുന്നതിനും സ്ട്രെച്ചിങും നടത്തവുമുള്‍പ്പടെയുള്ളവയും വ്യായാമങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്നീടുള്ള ആഴ്ച മുതല്‍ ചെറിയ രീതിയിലുള്ള ഓട്ടവും വെള്ളത്തില്‍ പന്ത് തട്ടിയുള്ള വ്യായാമവും ആവശ്യമാണ്.
മടങ്ങിയെത്തിയതിന് ശേഷമുള്ള എല്ലാ ദിവസവും മെഡിക്കല്‍, ഫിസിയോ തെറപ്യൂട്ടിക് വിദഗ്ധന്‍ എന്നിവരുമായി സ്വകാര്യ കോണ്‍ഫറന്‍സും ബഹിരാകാശയാത്രികര്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. ഈ കോണ്‍ഫറന്‍സില്‍ വച്ചാണ് അടുത്ത ദിവസം എന്തെല്ലാം ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കുക. ബഹിരാകാശത്തേക്ക് പോകുന്നതിന് മുന്‍പുണ്ടായിരുന്ന ശാരീരികക്ഷമത വീണ്ടെടുത്താല്‍, പഴയ ജീവിതത്തിലേക്ക് മടങ്ങാന്‍ അനുമതി നല്‍കും.