File Photo (PTI/ Atul Yadav)
ചരിത്രയാത്രയ്ക്കൊടുവില് ഭൂമിയിലെത്തിയിരിക്കുകയാണ് സുനിത വില്യംസും ബുഷ് വില്‍മോറും. പുലര്‍ച്ചെ 3.27 ഓടെ മെക്സിക്കന്‍ ഉള്‍ക്കടലില്‍ സ്പ്ലാഷ് ഡൗണ്‍. പിന്നാലെ പേടകത്തോടെ കപ്പിലിലേക്കും അവിടെ നിന്ന് ഹൂസ്റ്റണിലെ പ്രത്യേക കേന്ദ്രത്തിലേക്കും സുനിതയും സംഘവുമെത്തി. ഒന്‍പത് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് പോയ സുനിതയും വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇരുവരും മറ്റ് രണ്ട് ബഹിരാകാശ യാത്രികര്‍ക്കൊപ്പം ഭൂമി തൊട്ടിരിക്കുന്നു. മടങ്ങി വരവില്‍ 2016 ല്‍ സുനിത നല്‍കിയ അഭിമുഖമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. Also Read: നിറപുഞ്ചിരി, കൈവീശി സുനിത
രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കുള്ള യാത്രയില്‍ താന്‍ ഭഗവദ്ഗീത കൊണ്ടുപോയിരുന്നുവെന്നും ഇനി പോയാല്‍ കൊണ്ടുപോകാന്‍ ആഗ്രഹമുള്ളത് ഗണപതിയുടെ ചെറിയ വിഗ്രഹമാണെന്നും അവര്‍ എന്‍ഡിടിവിക്ക് അന്ന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഗണപതി തന്‍റെ ഭാഗ്യദേവനാണെന്നും താന്‍ തികഞ്ഞ ഭക്തയാണെന്നും അവര്‍ വെളിപ്പെടുത്തി. ഗണപതി ഭഗവാന്‍ തനിക്കൊപ്പമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും വഴിനടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. Read More: വിണ്ണില്‍ നിന്നും മണ്ണ് തൊട്ട് സുനിതയും സംഘവും; സേഫ് ലാന്‍ഡിങ്
കടുത്ത സമോസപ്രിയയായ സുനിത ബഹിരാകാശ നിലയത്തിലേക്കും പ്രിയ പലഹാരം കൊണ്ടുപോയി വാര്‍ത്തകളിലിടം പിടിച്ചിരുന്നു. സമോസ കാണുമ്പോഴെല്ലാം തനിക്ക് വീട് ഓര്‍മ വരുമെന്നായിരുന്നു സുനിതയുടെ നര്‍മം കലര്‍ത്തിയ മറുപടി. ആദ്യ ബഹിരാകാശ യാത്രയ്ക്കായി തയ്യാറെടുക്കുമ്പോള്‍ വീടിനെ ഓര്‍മിപ്പിക്കുന്ന കുറച്ച് കാര്യങ്ങളെ കുറിച്ച് ചോദിച്ചു, അന്നാണ് സമോസയുടെ കാര്യം പറഞ്ഞത്. അദ്ഭുതമെന്ന് പറയട്ടെ, ബഹിരാകാശനിലയത്തിലേക്കുള്ള യാത്രയില്‍ സമോസയും പായ്ക്ക് ചെയ്ത് തന്ന് നാസ ഞെട്ടിച്ചു– സുനിത ഓര്‍ത്തെടുത്തു.
ആ സമോസയ്ക്കുമുണ്ടൊരു മലയാളി ബന്ധം!
ഡിസ്കവറി ദൗത്യത്തില്‍ പങ്കെടുത്തപ്പോഴാണ് സുനിതയ്ക്കും സഹയാത്രികരായ മൈക്കല്‍ ലോപസിനും മിഖായില്‍ ടൂറിനും ഇഷ്ടഭക്ഷണം കൊണ്ടുപോകാന്‍ അനുമതി ലഭിച്ചത്. യുഎസില്‍ അന്നും ഇന്നും സുലഭമാണ് സമോസ. ഹൗസ് ഓഫ് സ്‌പൈസസ് എന്ന സ്‌ഥാപനമാണ് ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ സമോസ ഇറക്കുമതി ചെയ്യുന്നത്. ഹൗസ് ഓഫ് സ്‌പൈസസ് ഓരോ മാസവും 14 ലക്ഷം സമോസ സമാഹരിച്ചിരുന്നത് നമ്മുടെ കൊച്ചിയിലെ സെസില്‍ പ്രവര്‍ത്തിച്ചിരുന്ന നിക്കാസു ഫ്രോസൻ ഫുഡ്‌സ് ഇന്‍റര്‍നാഷനൽ എന്ന സ്‌ഥാപനത്തിൽനിന്നുമാണ്. സുനിതയ്ക്കായെത്തിച്ചത് കൊച്ചിയിലുണ്ടാക്കിയ സമോസയാണെന്ന് എംഡിയടക്കം അന്ന് വ്യക്തമാക്കിയിരുന്നു.
ആഘോഷത്തിമിര്‍പ്പില്‍ മെഹ്സാന
ഗുജറാത്തിലെ മെഹ്സാനയില്‍ നിന്നും 1957 ലാണ് സുനിതയുടെ പിതാവ് ദീപക് പാണ്ഡ്യ യുഎസിലേക്ക് കുടിയേറിയത്. സുനിത സുരക്ഷിതമായി ഭൂമിയിലെത്താന്‍ പ്രാര്‍ഥനകളുമായാണ് മെഹ്സാന ഗ്രാമമൊന്നാകെ കാത്തിരുന്നത്. ദീപാവലിക്കെന്നത് പോലെ ആഘോഷമൊരുക്കി നാട് സ്വീകരണം ഒരുക്കി. അഖണ്ഡ ജ്യോതി തെളിയിച്ചാണ് നാട്ടുകാര്‍ പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നത്. സുനിത സാധാരണ ജീവിതത്തിലേക്ക് മടങ്ങിയാലുടന്‍ പിതാവിന്‍റെ സ്വന്തം നാട്ടിലേക്ക് ക്ഷണിക്കാനാണ് നാട്ടുകാരുടെ തീരുമാനം.