ബഹിരാകാശ നിലയത്തില്‍ വിളഞ്ഞ മുളകുകള്‍ (Image : NASA)
കഴിഞ്ഞ ദിവസം നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്‍റര്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. രാജ്യാന്തര ബഹിരാകശ നിലയത്തില്‍ വിളവെടുപ്പിനു പാകമായി നില്‍ക്കുന്ന മുളക് ചെടി. പഴുത്തു ചുവന്നു തുടുത്തതും പച്ചനിറത്തിലുള്ളതുമായ മുളക് നിറഞ്ഞ ചെടി വലിയ കൗതുകമാണുണര്‍ത്തിയത്. കൗതുകത്തിനു പുറത്ത് ബഹിരാകാശ നിലയത്തില്‍ അതീവ ഗൗരവത്തോടെ നടക്കുന്ന ബൃഹത്തായ ഗവേഷണത്തിന്‍റെ ചെറിയ ഭാഗമാണു നാസ പുറത്തുവിട്ടത്. ഭൂമിക്കു പുറത്തൊരു കൃഷിസ്ഥലം സാധ്യമോ? ബഹിരാകാശ നിലയത്തില്‍ കാര്‍ഷിക ഗവേഷണങ്ങളുടെ ഭാഗമായി ഒട്ടേറെ ചെറുചെടികളാണ് വളര്‍ത്തിയെടുത്തത്.
ബഹിരാകാശ നിലയത്തില്‍ വളര്‍ത്തിയ തരത്തിലുള്ള റെഡ് ലെറ്റ്യൂസ് കെന്നഡി സ്പേസ് സെന്ററില്‍
ഗോളാന്തര ജീവിതം സാധ്യമോ?
ചന്ദ്രോപരിതലത്തിലൊരു മനുഷ്യന്‍ കാലുകുത്തിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇക്കാലത്തും ദീര്‍ഘകാല ഗോളാന്തര ദൗത്യമെന്നതു മനുഷ്യന്‍റെ സ്വപ്നമായി തുടരുകയാണ്. പ്രധാന വെല്ലുവിളി യാത്രികരുടെ സുരക്ഷയാണ്. അതില്‍ തന്നെ ജീവന്‍ നിലര്‍ത്താന്‍ വേണ്ട ഭക്ഷണമാണ്. നിശ്ചിത കാലത്തേക്കുള്ള ഭക്ഷണം മാത്രമേ പേടകങ്ങളില്‍ കൊണ്ടുപോകാന്‍ കഴിയൂവെന്നതാണു പ്രധാന വെല്ലുവിളി. ഇങ്ങനെ കൊണ്ടുപോകുന്ന ഭക്ഷണത്തിന്‍റെ രുചിയും പോഷക ഗുണങ്ങളും ബഹിരാകാശ സാഹചര്യങ്ങളില്‍ അതിവേഗം ഇല്ലാതാവുന്നതാണു പ്രധാന വെല്ലുവിളി. ഇതുപോലുള്ള വെല്ലുവിളികള്‍ മറികടക്കുന്നതിന് കൂടിയാണു രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സ്പേസ് എക്സിന്റെയും റഷ്യയുടെയും റോക്കറ്റുകള്‍ നിരന്തരം ഷട്ടിലടിക്കുന്നത്. ഇതുമറികടക്കാന്‍ ബഹിരാകാശ നിലയത്തില്‍ അല്ലെങ്കില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണ പരിധിക്കു പുറത്ത് കൃഷിയൊരുക്കുകയെന്നതാണു മാര്‍ഗം. അതിനുള്ള അന്വേഷണം തുടങ്ങിയിട്ട് കാലമേറെയായി.
അമേരിക്കയുടെ ബഹിരാകാശ സഞ്ചാരി നിക്ക് ഹോഗ് ബഹിരാകാശ നിലയത്തില്‍ വിളയിച്ച കടുക് ചെടിയുമായി
സ്പേസ് ഗാര്‍ഡന്‍
രാജ്യാന്തര ബഹിരാകശ നിലയത്തില്‍ മൈക്രോ ഗ്രാവിറ്റിയില്‍ ചെടികള്‍ വളരുന്നതു സംബന്ധിച്ച ഗവേഷണങ്ങളെ ചുരുക്കി വിളിക്കുന്നതാണു സ്പേസ് ഗാര്‍ഡന്‍. ബഹിരാകാശ നിലയത്തിലെത്തുന്ന വിവിധ രാജ്യങ്ങളുടെ യാത്രികര്‍ ഇത്തരത്തിലുള്ള ഗവേഷണങ്ങളില്‍ മുഴുകുന്നുണ്ട്. മൈക്രോ ഗ്രാവിറ്റിയില്‍ ചെടികള്‍ വളര്‍ത്തുമ്പോളുണ്ടാകുന്ന ജനതിക വ്യത്യാസങ്ങള്‍, സൂര്യപ്രകാശവും വെള്ളവും പോഷണങ്ങളും മൈക്രോഗ്രാവിറ്റി സാഹചര്യത്തില്‍ ഏതുരീതിയില്‍ ചെടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നു തുടങ്ങി ഒട്ടേറെ ഗവേഷണങ്ങളാണു ഐ.എസ്.എസില്‍ നടന്നുവരുന്നത്. നിലയത്തിലെ ഓക്സിജന്‍ ഉത്പാദനം, കാര്‍ബണ്‍ ഡൈ ഓക്സൈഡ് നീക്കല്‍ എന്നിവയില്‍ ചെടികളുടെ പങ്കും ഏറെ പ്രാധാന്യത്തോടെയാണു ഗവേഷകര്‍ നോക്കുന്നത്.
പ്ലാന്റ് ഹാബിറ്റാറ്റ്– 7
നാസയുടെ പരീക്ഷണമാണു പ്ലാന്റ് ഹാബിറ്റാറ്റ്– 7. ബഹിരാകശ നിലയത്തിലെ മൈക്രോ ഗ്രാവിറ്റി സാഹചര്യത്തില്‍ ചെടികളും അവയുമായി ബന്ധപ്പെട്ട സൂക്ഷ്മാണുക്കളും വെള്ളത്തിന്‍റെ വിവിധ അളവുകളുമായി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഈ പഠനം. ബഹിരാകാശ നിലയത്തില്‍ നല്ലരീതിയില്‍ വളരുമെന്ന് കണ്ടെത്തിയ റെഡ് റൊമെയ്ന്‍ ലെച്യൂസ് (red romaine lettuce) ഉപയോഗിച്ചായിരുന്നു പഠനങ്ങള്‍. മൈക്രോ ഗ്രാവിറ്റിയിലും ഭൂമിയിലെ സാഹചര്യത്തിലും ലെറ്റ്യൂസ് ചെടിയുടെ വെള്ളം ആഗിരണം ചെയ്യുന്നതിന്‍റെ ഡേറ്റയാണ് വിശകലനത്തിന് വിധേയമാക്കിയത്. ലെറ്റ്യൂസിന് പുറമെ ചൈനീസ് കാബേജ്, തക്കാളി, റാഡിഷ്, മുളക് എന്നിവയും വളര്‍ത്തി വിളവെടുത്തു. ഇതോടൊപ്പം നടന്ന മറ്റു രണ്ടു പരീക്ഷണങ്ങളില്‍ ഇലക്കറികളില്‍ സൂര്യപ്രകാശത്തിന്‍റെ വ്യതിയാനങ്ങള്‍ ഏങ്ങനെ സ്വാധീനിക്കുന്നുവെന്നും നിരീക്ഷിച്ചു.
അപെക്സ്– 4
ജൈവശാസ്ത്ര ഗവേഷണ രംഗത്തു വ്യാപകമായി ഉപയോഗിക്കുന്ന കുഞ്ഞന്‍ ചെടിയാണു തലീക്രസ് (thale cress) ക്രോമോസോം എണ്ണം വളരെ കുറവായിതനാല്‍ സങ്കീര്‍ണതകളിലില്ലാതെ പഠനങ്ങള്‍ നടത്താമെന്നതാണു പ്രത്യേകത. ഈ ചെടി ബഹിരാകാശ നിലയത്തിലെത്തിച്ചുള്ള പഠനങ്ങളും പുരോഗമിക്കുകയാണ്. ഗുരുത്വാകര്‍ഷണമില്ലാത്ത സാഹചര്യത്തില്‍ ചെടിയുടെ വേരുകളുമായി ബന്ധപ്പെട്ട കോശങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങളാണു പ്രധാനമായും പഠിക്കുന്നത്. വേരുകളുടെ ജീനുകളിലുള്ള മാറ്റങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതോടെ മൈക്രോ ഗ്രാവിറ്റി സാഹചര്യങ്ങളില്‍ അതിജീവിക്കാന്‍ കഴിയുന്ന ചെടികളെ ജനറ്റിക് എന്‍ജിനിയറിങിലൂടെ വികസിപ്പിക്കാന്‍ കഴിയും.
പ്ലാന്റ് സിഗ്നലിങ്
നാസയുടെയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയായ ഇ.എസ്.എയുടെയും സംയുക്ത പഠനമാണിത്. വിത്തുകള്‍ മുളയ്ക്കുന്നതിലും വേരുകള്‍ രൂപപ്പെടുന്നതിനും സഹായിക്കുന്ന ജീനുകള്‍ മൈക്രോ ഗ്രാവിറ്റിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇവിടെ പഠന വിധേയമാക്കിയത്. ഇ.എസ്.എ. വികസിപ്പിച്ച യൂറോപ്യന്‍ മോഡുലാര്‍ കള്‍ട്ടിവേഷന്‍ സിസ്റ്റം സീഡ് കാസറ്റ്സെന്ന ഉപകരണം ഉപയോഗിച്ചാണു വിത്തുമുളപ്പിച്ചത്. വേരുപടലങ്ങള്‍ രൂപപെടുവാനും വളരുവാനും സഹായിക്കുന്ന ഓക്സിന്‍ (Auxins) എന്ന ഹോര്‍മോണിനുണ്ടാവുന്ന മാറ്റങ്ങളും കണ്ടെത്തി. ജപ്പാന്‍റെ ബഹിരാകശ ഏജന്‍സിയ ജാക്സ ഇതോടൊപ്പം മറ്റൊരു ഗവേഷണവും പൂര്‍ത്തിയാക്കി. ഗുരുത്വാകര്‍ഷമില്ലാത്ത സാഹചര്യത്തില്‍ പയര്‍, ചോളം, എന്നിവയിലെ ഓക്സിന്‍ പങ്കായിരുന്നു പഠന വിഷയം. പയറില്‍ മൈക്രോഗ്രാവിറ്റി ഹോര്‍മോണ്‍ അളവ് കുറയ്ക്കാന്‍ ഇടയാക്കുമ്പോള്‍ ചോളത്തില്‍ ഇത് നേര്‍ വിപരീതമാണന്ന നിര്‍ണായക വിവരവും ലഭിച്ചത് ഈ ഗവേഷണത്തിലാണ്.
അപെക്സ്– 03– 1
ബഹിരാകാശ വാഹനങ്ങളിലെ സാഹചര്യങ്ങള്‍ ചെടികളുടെ കോശഭിത്തി നിര്‍മാണത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നുവെന്നത് കണ്ടെത്തിയ പഠനമാണ് അപെക്സ് 03–1. ശക്തമായ കോശഭിത്തികള്‍ വേരുകളുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകമാണ്. ഇത്തരം ചെടികള്‍ വികസിപ്പിച്ചെടുത്താല്‍ ബഹിരാകാശ യാത്രകളില്‍ ഭക്ഷണയോഗ്യമായ ചെടികള്‍ ഭൂമിക്കു പുറത്തുവളര്‍ത്തിയെടുക്കാമെന്നാണ് പ്രതീക്ഷ. ഇതുവഴി യാത്രികരുടെ ഭക്ഷണബുദ്ധിമുട്ട് പരിഹരിക്കാന്‍ പരിധിവരെ സഹായിക്കുമന്നും പ്രതീക്ഷിക്കുന്നു.
ഇസ്റോയുടെ പയര്‍മണി
രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ മാത്രമല്ല ഭൂമിക്കു പുറത്ത് ചെടികള്‍ വളര്‍ത്തിയെടുക്കാനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നത്. ഇസ്റോ പി.എസ്.എല്‍.വി– സി. 60 റോക്കറ്റിന്‍റെ ഭാഗമായ പോയം– 3 പരീക്ഷണ മൊഡ്യൂളില്‍ വന്‍പയര്‍ വിത്തുമുളപ്പിച്ചിരുന്നു. ആറു വിത്തുകള്‍ മുളപ്പിച്ച് രണ്ട് ഇതളുകള്‍ വരുന്നതു വരെയുള്ള വളര്‍ച്ചയുടെ ഡേറ്റകളാണ് അന്നു ശേഖരിച്ചത്. അതിനപ്പുറത്ത് അടുത്തമാസം ബഹിരാകാശ നിലയത്തിലേക്കു പോകുന്ന ഇന്ത്യയുടെ ശുഭാന്‍ശു ശുക്ലയുടെ ഗവേഷണ പരീക്ഷണങ്ങളില്‍ ഒന്നും മൈക്രോ ഗ്രാവിറ്റിയില്‍ ചെടികളുടെ വളര്‍ച്ചയാണ്.