Image Credit / @SriLankaTweet

Image Credit / @SriLankaTweet

ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സ്‌പേസ് എക്‌സിന്റെ ഉപഗ്രഹമായ സ്റ്റാര്‍ലിങ്കിന് ശ്രീലങ്കയുടെ പ്രാഥമികാനുമതി. ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയും ഓഫിസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം ഇന്തൊനേഷ്യയില്‍ വച്ച് മസ്‌കുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. പൊതുജനങ്ങളുടെ കൂടി അഭിപ്രായം തേടിയ ശേഷമാണ് ടെലി കമ്യൂണിക്കേഷന്‍സ് റഗുലേറ്റര്‍ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടതെന്ന് പ്രസിഡന്റിന്റെ ഓഫിസില്‍ നിന്നിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ശ്രീലങ്കയുടെ ഗ്രാമീണ മേഖലകളില്‍ മെച്ചപ്പെട്ട ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനും പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസുകളുടെ കാര്യത്തിലും ഫലവത്തായ ചര്‍ച്ചകള്‍ മസ്‌കുമായുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടായതായി ശ്രീലങ്ക വ്യക്തമാക്കി. നിലവില്‍ അമേരിക്ക, കാനഡ, യു,കെ, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, പോര്‍ച്ചുഗല്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലാണ് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ലഭ്യമായിട്ടുള്ളത്. 

എന്താണ് സ്റ്റാര്‍ലിങ്ക്

ഭൗമോപരിതലത്തില്‍ നിന്ന് 550 കിലോമീറ്റര്‍ മാത്രമകലെയുള്ള ഉപഗ്രഹങ്ങളുടെ സമൂഹമാണ് സ്റ്റാര്‍ലിങ്ക്. വിദൂര പ്രദേശങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ലിങ്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഭൂമിയുടെ പരമ്പരാഗത ഉപഗ്രഹങ്ങളെ അപേക്ഷിച്ച് അറുപത് ഇരട്ടി അടുത്താണ് സ്റ്റാര്‍ലിങ്കുള്ളത്. അതുകൊണ്ട് തന്നെ ഡാറ്റ ഒരു പോയിന്റില്‍ നിന്നും അടുത്ത പോയിന്റിലേക്ക് എത്താനെടുക്കുന്ന  സമയം(ലേറ്റന്‍സി) തുലോം കുറവാണ്. ഇതാണ് അതിവേഗ കണക്ഷനും മികച്ച വിഡിയോ ക്വാളിറ്റിയും ലഭ്യമാക്കാന്‍ സ്റ്റാര്‍ലിങ്കിനെ സഹായിക്കുന്നത്. 

സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനം എങ്ങനെ?

ഇന്റര്‍നെറ്റ് ലഭിക്കുന്നതിനായി സ്റ്റാര്‍ലിങ്ക് ആന്റിന ആവശ്യമാണ്. അതിനൊപ്പം ഒരു റൂട്ടറും എസി കേബിളുമുണ്ടാകും. നന്നായി ആകാശം ദൃശ്യമാകുന്ന തുറസായ സ്ഥലത്താവണം ഡിഷ് സ്ഥാപിക്കേണ്ടത്. മരച്ചില്ലകളും, മേല്‍ക്കൂരയുമടക്കമുള്ളവ അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുന്നതിന് തടസമാണെന്നും സ്റ്റാര്‍ലിങ്ക് പറയുന്നു. സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളില്‍ നിന്നുള്ള റേഡിയോ തരംഗങ്ങളെ മുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന യൂസര്‍ ടെര്‍മിനലിലെ ഡിഷ് സ്വീകരിക്കുകയും ഈ റേഡിയോ തരംഗങ്ങളെ ഡിജിറ്റല്‍ ഡാറ്റയാക്കി മാറ്റുകയും ചെയ്യുന്നു. ഗ്രൗണ്ട് സ്‌റ്റേഷനിലേക്ക് എത്തുന്ന ഡിജിറ്റല്‍ ഡാറ്റയാണ് ഇന്റര്‍നെറ്റായി മാറുന്നത്. വീടുകളില്‍ സ്ഥാപിക്കുന്ന ഡിഷുകള്‍ മാറ്റി സ്ഥാപിച്ചാലും ഇന്റര്‍നെറ്റ് സേവനത്തിന് തടസമുണ്ടാകില്ല. പക്ഷേ ഇത്തരത്തില്‍ സ്റ്റാര്‍ലിങ്ക് ഡിഷുകള്‍ മാറ്റി സ്ഥാപിച്ച് ഉപയോഗിക്കുന്നതിന് മാസം നിശ്ചിത തുക നല്‍കേണ്ടതുണ്ട്. 

25 -220 Mbps ആണ് സ്റ്റാര്‍ലിങ്ക് ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്പീഡെന്ന്  സ്‌പേസ് എക്‌സ് പറയുന്നു. എന്നാല്‍ 100 Mbps സ്പീഡിന് മുകളില്‍ ലഭിക്കുന്നുണ്ടെന്ന് ഉപയോക്താക്കള്‍ പറയുന്നു. അപ്ലോഡ് ചെയ്യുന്നതിനായി 5-220 Mbps സ്പീഡ് ലഭ്യമാണെന്നും കമ്പനി വ്യക്തമാക്കുന്നു. ഊക്ലയുടെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ മീഡിയന്‍ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ സ്പീഡ് 76.36 Mbps ആണെന്നോര്‍ക്കണം.

യു.എസില്‍ 120 ഡോളറാണ് (10,000ത്തിലേറെ രൂപ) ഒരു മാസത്തേക്ക് ഇന്റര്‍നെറ്റിനായി സ്റ്റാര്‍ലിങ്ക് ഈടാക്കുന്നത്. എന്നാല്‍ ഉപയോക്താവ് തിരഞ്ഞെടുക്കുന്ന പ്ലാന്‍ അനുസരിച്ച് ഇത് 5000 ഡോളര്‍ വരെ ഉയരാം. ഇന്റര്‍നെറ്റ് ലഭിക്കാനുള്ള കിറ്റ് വാങ്ങുന്നതിനായി 500 മുതല്‍ 2500 ഡോളര്‍ (ഏകദേശം 41,000-2 ലക്ഷം) വരെ ചിലവാകും. 

ENGLISH SUMMARY:

Sri Lanka gives primary approval for Elon Musk's Starlink internet. USA, Canada, UK, France, the Netherlands, Denmark, Portugal, Australia, New Zealand are some of the countries where Starlink is currently available.