TOPICS COVERED

ഗ്രൗണ്ട് ടെസ്റ്റിനിടെ അബദ്ധത്തില്‍ ഉയര്‍ന്നു പൊങ്ങി ചൈനീസ് സ്വകാര്യ കമ്പനിയുടെ ബഹിരാകാശ റോക്കറ്റ്. പിന്നാലെ ഭൂമിയിലേക്ക് പതിച്ച റോക്കറ്റ് കുന്നിന്‍ മുകളില്‍ തീഗോളമായി മാറുകയും ചെയ്തു. ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുപ്രകാരം ആളുകൾ താമസിക്കുന്ന മലയോര മേഖലയിലാണ് സംഭവം. പ്രാഥമിക അന്വേഷണത്തിൽ ആളപായമൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

സ്പേസ് പയനിയർ എന്നറിയപ്പെടുന്ന ചൈനീസ് കമ്പനിയായ ബീജിംഗ് ടിയാൻബിംഗിന്‍റെ ടിയാൻലോങ്-3 എന്ന റോക്കറ്റാണ് അബദ്ധത്തിൽ വിക്ഷേപിക്കപ്പെട്ടത്. റോക്കറ്റും വിക്ഷേപണത്തറയും തമ്മിലുള്ള ബന്ധത്തിലെ സാങ്കേതിക തകരാര്‍ മൂലമാണ് റോക്കറ്റ് അപ്രതീക്ഷിതമായി കുതിച്ചുയര്‍ന്നത്. പിന്നാലെ ശേഷി നഷ്ടപ്പെട്ട് റോക്കറ്റ് വനപ്രദേശത്ത് പതിക്കുകയായിരുന്നു. സമീപത്തെ കുന്നിന്‍ മുകളിലാണ് റോക്കറ്റ് പതിച്ചത്. ഉടന്‍ തന്നെ റോക്കറ്റ് തീഗോളമായി മാറി പൊട്ടിത്തെറിച്ചു.

മധ്യ ചൈനയിലെ ഗോങ്‌യി നഗരത്തിലെ മലയോര മേഖലയിലാണ് സംഭവം. സ്പേസ് പയനിയർ തങ്ങളുടെ ഔദ്യോഗിക വീചാറ്റ് അക്കൗണ്ടിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പരീക്ഷണത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റോക്കറ്റ് പതിച്ചത് സുരക്ഷിത മേഖലക്കുള്ളിലായിരുന്നെങ്കിലും സമീപ പ്രദേശങ്ങളിലും തീപടര്‍ന്നു. 

കഴിഞ്ഞ അഞ്ച് വർഷങ്ങളായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സ്വകാര്യമേഖലയിലെ റോക്കറ്റ് നിർമ്മാതാക്കളാണ് സ്പേസ് പയനിയർ. കമ്പനിയുടെ പുനരുപയോഗിക്കാവുന്ന റോക്കറ്റുകളാണ് ടിയാൻലോംഗ്-3, സ്കൈ ഡ്രാഗൺ 3 എന്നിവ. വിക്ഷേപണത്തിന് ശേഷം റോക്കറ്റ് അവശിഷ്ടങ്ങൾ താഴേക്ക് വീഴുന്നത് ചൈനയിൽ അപൂര്‍വമല്ല. എന്നാല്‍ പരീക്ഷണത്തിനിടയ്ക്ക് റോക്കറ്റ് തകര്‍ന്നുവീഴുന്നത് അപൂർവമാണ്. 

ENGLISH SUMMARY:

Tianlong-3 space rocket being developed by Space Pioneer accidentally launched during a test in China