FILE PHOTO: A picture illustration shows a YouTube logo reflected in a person's eye June 18, 2014. The picture was flipped horizontally. REUTERS/Dado Ruvic/Illustration/File Photo

TOPICS COVERED

ഉടൻ പ്രീമിയം അക്കൗണ്ട് എടുക്കുക, ഇല്ലെങ്കിൽ പരസ്യം കാണാൻ തയ്യാറാകുക. ഉപഭോക്താക്കളോടുള്ള യൂട്യൂബിന്റെ നയം കുറേക്കാലമായി ഇതാണ്. മൂന്നുമിനുട്ട് വീഡിയോ കാണുന്നതിനിടയിൽ പരമാവധി പരസ്യങ്ങൾ കുത്തിക്കയറ്റിയിരുന്ന യൂട്യൂബ് പുതിയ തന്ത്രവുമായി രം​ഗത്തെത്തിയിരിക്കുകയാണിപ്പോൾ.യൂട്യൂബ് പ്രീമിയം ഉപഭോക്താക്കളല്ലാത്ത സൗജന്യ വരിക്കാർ വീഡിയോ കാണുന്നതിനിടയിൽ പോസ്( നിർത്തിവെച്ചാൽ) ചെയ്താലും പരസ്യം കാണിക്കാനാണ് തീരുമാനം.

പോസ് ആഡ് എന്നാണ് കമ്പനി ഇതിനിട്ടിരിക്കുന്ന പേര്.  യൂട്യൂബ് കമ്മ്യൂണിറ്റി മാനേജറായ ഒലുവ ഫലോഡുൻ ആണ്  സൗജന്യ വരിക്കാരെ വെട്ടിലാക്കുന്ന പുതിയ തന്ത്രത്തെപ്പറ്റി വെളിപ്പെടുത്തിയത്. പരസ്യങ്ങൾ തടയാൻ ആഡ് ബ്ലോക്കറുകൾ ഉപയോ​ഗിക്കുന്നവർക്കുള്ള നിയന്ത്രണങ്ങൾ കമ്പനി നേരത്തെ കൊണ്ടുവന്നിരുന്നു.

യൂട്യൂബിന് പരസ്യം നൽകുന്ന കമ്പനികളെല്ലാം തന്നെ പുതിയ നീക്കത്തെ കൈയടിച്ച് സ്വാ​ഗതം ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ചുരുക്കം ചില അക്കൗണ്ടുകളിൽ ​ഗൂ​ഗിൾ ഇത് പരീക്ഷിച്ചിരുന്നു. വിജയമാണെന്ന് കണ്ടതോടെയാണ് പ്രീമിയം അല്ലാത്ത എല്ലാ അക്കൗണ്ടുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. 

സാധാരണ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ രസംകൊല്ലിയായി വരുന്ന പരസ്യങ്ങൾ ഇനി സ്മാർട്ട് ടിവികളിലും ഫോണുകളിലും വീഡിയോ കണ്ട് പോസ് ചെയ്ത് നിർത്തുമ്പോൾ പ്രത്യക്ഷപ്പെടും. പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിൽ വൈവിധ്യം പരീക്ഷിക്കുന്ന ചുരുക്കം ചില കമ്പനികളിൽ ഒന്നാണ് യൂട്യൂബ്. സ്കിപ്പ് ചെയ്യാൻ സാധിക്കാത്ത ദൈർഘ്യം കൂടിയ പരസ്യങ്ങൾ, ബ്രാൻഡ് ക്യൂ ആർ കോഡുകൾ, പിക്ചര്‍ ഇൻ പിക്ചർ ആഡുകൾ തുടങ്ങിയവ അവയിൽ ചിലത് മാത്രം.    

പരസ്യങ്ങളില്ലാതെ യൂട്യൂബ് അസ്വദിക്കണമെങ്കിൽ പ്രീമിയം എടുക്കുക തന്നെ വേണം. ഉപഭോക്താക്കളെക്കൊണ്ട് എങ്ങനെയും അത് തോന്നിപ്പിക്കുകയെന്നതാണ് യൂട്യൂബിന്റെ ആവശ്യവും. 149 രൂപ മുതലാണ്  യൂട്യൂബ് പ്രീമിയം പ്ലാനുകൾ ആരംഭിക്കുന്നത്.ഇത് വ്യക്തി​ഗത പ്ലാനാണ്. 299 രൂപയുടെ ഫാമിലി പ്ലാൻ, 89ന്റെ സ്റ്റുഡന്റ് പ്ലാൻ എന്നിവയാണ് പ്രതിമാസ പ്ലാനുകൾ. വാർഷിക പ്ലാനിന് 1490രൂപയാണ് ചാർജ് ചെയ്യുന്നത്. നാല് മാസത്തേക്ക് 459രൂപയ്ക്കും പ്രീപെയ്ഡായി 159രൂപയ്ക്കും റീചാർജ് ചെയ്ത് പ്രീമിയം വരിക്കാരാകാൻ സാധിക്കും.  

ENGLISH SUMMARY:

youtube introduces pause ad feature