ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് പേടിസ്വപ്നമാണിന്ന്. എന്നാല്‍ ഐഫോണ്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ രക്ഷപ്പെട്ടു എന്ന് വിചാരിക്കാനും പറ്റില്ല . ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഐഫോണുകള്‍ iOS 18ലേക്കും ഐപാഡുകള്‍ iPadOS 18ലേക്കും ഉടന്‍ അപ്ഡേറ്റ് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രത്തിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്‍റെ (CERT) നിര്‍ദേശം.
iOS 18 ന് മുന്‍പുള്ള സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളും iPadOS 18-ന് മുമ്പുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐപാഡുകളും MacOS 14.7-ന് മുമ്പുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന മാക്കുകളും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. പുതിയ സോഫ്റ്റ് വെയറിലേക്ക് അപ്ഡേറ്റ് ചെയ്യാത്ത ഫോണുകളില്‍ ധാരാളം തകരാറുകള്‍ കണ്ടെത്തിയതായും ടീം റിപ്പോര്‍ട്ട് ചെയ്യുന്നു. പഴയ സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നും വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഇത്തരം ഫോണ്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ സൈബര്‍ തട്ടിപ്പിനും ഇരയായേക്കാം.
iOS 18-ലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ, ഐഫോണുകൾക്ക് പുതിയ കസ്റ്റമൈസേഷൻ ഫീച്ചറുകൾ, മെച്ചപ്പെട്ട കൺട്രോൾ സെൻ്റർ, ഫേസ് ഐഡി ഉപയോഗിച്ച് ആപ്പുകൾ ലോക്ക് ചെയ്യാനുള്ള കഴിവ് എന്നിവയുൾപ്പെടെയുള്ള ഒട്ടേറെ ഫീച്ചറുകള്‍ ലഭിക്കും, യോഗ്യതയുള്ള iPhone-കള്‍ക്കും iPad-കള്‍ക്കും Apple ഇൻ്റലിജൻസ് ഫീച്ചര്‍ ലഭിക്കും. സോഫ്‌റ്റ്‌വെയറിൻ്റെ ഏറ്റവും പുതിയ പതിപ്പുകളിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ വിഷൻ പ്രോ, ആപ്പിൾ ടിവി, ആപ്പിൾ വാച്ച്, സഫാരി ഉപയോക്താക്കളെപ്പോലും സിഇആർടി-ഇൻ ശുപാർശ ചെയ്തിരുന്നു.