തമിഴ്നാട്ടിലെ ടാറ്റ ഇലക്ട്രോണിക്‌സിന്റെ ഐ ഫോണ്‍ നിര്‍മ്മാണ ശാലയിലെ വൻ അഗ്നിബാധയെ തുടർന്ന് വൈദ്യസഹായം തേടിയത് 10 പേർ. ഇതിൽ 2 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
തമിഴ്നാട് ഹോസുരിലെ ആപ്പിൾ ഫോണ്‍ നിര്‍മ്മാണ ശാലയിലാണ് ഇന്നലെ രാവിലെ തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമില്ല. ആപ്പിളിന്റെ ഐഫോൺ വിതരണ ശൃംഖലയെ ഇത് എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടറിയണം.
രാജ്യത്ത് ഐ ഫോണ്‍ അസംബ്ലിങ്ങിൽ വലിയ മുന്നേറ്റം നടത്തുന്ന കമ്പനിയാണ് ടാറ്റ. തീപിടിത്തമുണ്ടാകുമ്പോൾ, പ്ലാന്റിൽ 1,500 ജീവനക്കാരാണ് ഉണ്ടായിരുന്നത്. അവരെ അപ്പോൾ തന്നെ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു.
ഇന്ത്യയില്‍ ഐ ഫോണ്‍ 16 മോഡലുകള്‍ എത്തിയതോടെ വിപണി പിടിച്ചടക്കാനുള്ള തീവ്രശ്രമത്തിലാണ് ടാറ്റ ഇലക്ട്രോണിക്‌സ്. തീപിടിത്തത്തെപ്പറ്റി അന്വേഷണം നടത്തുമെന്നാണ് ടാറ്റ ഗ്രൂപ്പ് അറിയിക്കുന്നത്. പ്ലാന്റിലെ നാശനഷ്ടങ്ങളെ കുറിച്ചുള്ള കണക്കുകൾ പുറത്തുവന്നിട്ടില്ല.
ഐഫോണ്‍ 16 പ്രോ സിരീസുകള്‍ താരതമ്യേനെ കുറഞ്ഞ വിലയിലാണ് ഇന്ത്യയില്‍ ലഭ്യമാക്കിയത്. കാലിഫോര്‍ണിയയിലെ ആസ്ഥാനത്ത് നടന്ന ലോഞ്ചിലായിരുന്നു ഐഫോണ്‍ 16 സിരീസ് ഫോണുകള്‍ പുറത്തുവിട്ടത്. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ നിരവധി സവിശേഷതകളോടെയാണ് പുതിയ ഫോണ്‍ ആപ്പിൾ അവതരിപ്പിച്ചത്.