ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഹെഡ് ഫോൺ, സ്മാർട്ട് വാച്ച്, സ്മാർട്ട് റിംഗ് തുടങ്ങിയവയെല്ലാം പ്രവര്‍ത്തിക്കുന്നത് ബ്ലൂടൂത്ത് അടക്കമുള്ള വയർലെസ് ടെക്നോളജി ഉപയോഗിച്ചാണ്. ഇവ വഴിയുള്ള കമ്യൂണിക്കേഷന്‍ നടക്കുന്നത് അന്തരീക്ഷത്തിലൂടെയാണ് എന്നര്‍ഥം. അത് പക്ഷേ ആർക്കുവേണമെങ്കിലും ലഭ്യമാകും. സുരക്ഷിതം വയേര്‍ഡ് കമ്യൂണിക്കേഷന്‍ തന്നെയാണ്, പക്ഷേ ഇക്കാലത്ത് വയറുകള്‍ അഥവാ കേബിളുകള്‍ തൂക്കിയിട്ട് നടക്കാനാകില്ല. എന്താണൊരു പരിഹാരം? വയര്‍ലസിനും കേബിളിനും പകരം നമ്മുടെ ശരീരം തന്നെ ഒരു കണക്ടര്‍ ആയി മാറിയാലോ...അതാണ് വൈ.ആര്‍.
നമ്മുടെ ശരീരം തുടർച്ചയായി വൈദ്യുതിതരംഗങ്ങള്‍ നിർമ്മിക്കുകയും സംവേദനം ചെയ്യുകയും ചെയ്യുന്നു. ചിന്ത, കാഴ്ച, കേള്‍വി, ചലനം എല്ലാം ഇത്തരം സിഗ്നലുകളിലൂടെയാണ്. നമ്മുടെ തലച്ചോറിനെ ഒരു കമ്പ്യൂട്ടർ സിപിയു ആയി കാണുക. ആ സിപിയു ശരീരത്തെ മുഴുവൻ നിയന്ത്രിക്കുന്നത് വയർലെസ് ടെക്നോളജിയിലൂടെ അല്ല മറിച്ച്, നാഡീവ്യൂഹം എന്ന വയറുകളിലൂടെയാണ്. ഈ വയറുകൾ സുരക്ഷിതമായി ഉപയോഗപ്പെടുത്തുന്ന പുതിയ ടെക്നോളജി വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതുറക്കുകയാണ്. ശരീരത്തിലെ ഇലക്ട്രിക്കൽ സിഗ്നലുകൾക്കൊപ്പം ഡിജിറ്റൽ സിഗ്നലുകള്‍ കടത്തിവിടുന്ന ടെക്നോളജി. അമേരിക്കയിലെ ഇന്ത്യാന ആസ്ഥാനമായ ഇക്സാന എന്ന സ്റ്റാർട്ടപ്പാണ് ഇതിന് പിന്നിൽ.
Also Read; സ്റ്റാര്‍ഷിപിന്‍റെ ബൂസ്റ്റർ ഭാഗം തിരിച്ചെത്തി; ചരിത്രമെഴുതി സ്പേസ് എക്സ്
അമേരിക്കയിലെ പെർഡ്യൂ സർവ്വകലാശാല അധ്യാപകനായിരുന്ന ശ്രേയസ് സെൻ എന്ന ഇന്ത്യക്കാരന്‍റെ തലയിൽ ഉദിച്ച ആശയമാണ് ഇക്സാന. ഇന്ത്യക്കാരായ അങ്കിക് സർക്കാർ, ഷോവൻ മൈതെ എന്നിവരാണ് സ്റ്റാർട്ടപ്പിന്‍റെ മറ്റ് അമരക്കാർ. സാംസങ് അടക്കമുള്ള കമ്പനികളാണ് സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. എട്ടുവർഷമായി നടക്കുന്ന പരീക്ഷണങ്ങൾ ഫലപ്രാപ്തിയിലേക്ക് എത്തുകയാണ്.
Also Read; പ്ലേ സ്റ്റോര്‍ അനധികൃത കുത്തകയെന്ന് കോടതി; അപ്പീലുമായി ഗൂഗിള്‍
നിലവിലുള്ള ഉപകരണങ്ങളിൽ ഇക്സാന ചിപ്പുകൾ സ്ഥാപിച്ചാൽ വൈ.ആർ ലഭ്യമാക്കാം. ഹെഡ് ഫോൺ, സ്മാർട്ട് വാച്ച് തുടങ്ങിയ ഉപകരണങ്ങളിൽ ശരീരത്തിൽ നിന്ന് സിഗ്നൽ ശേഖരിക്കാൻ ശേഷിയുള്ള പ്രതലം ഉൾപ്പെടുത്തിയാൽ മാത്രം മതി. ഉപകരണങ്ങളെ ഒരു യുഎസ്ബി കേബിൾ എങ്ങനെ ബന്ധിപ്പിക്കുന്നോ അതുപോലെതന്നെ ശരീരം ബന്ധിപ്പിക്കുന്നു.
Also Read; 'ജീവൻ നിലനിർത്താനുതകുന്ന കണ്ടെത്തൽ'; പ്രോട്ടീൻ ഗവേഷണങ്ങൾക്ക് രസതന്ത്ര നൊബേൽ
റേഡിയോ വേവ്സ് അടിസ്ഥാനമാക്കിയ വയർലെസ് ടെക്നോളജിയാണ് ഈ നൂറ്റാണ്ടിൽ നമ്മൾ ഏറ്റവുമധികം ഉപയോഗിക്കുന്നത്. അവയെക്കാൾ ആയിരം മടങ്ങ് സുരക്ഷിതവും, ശക്തവുമാണ് വയറുകള്‍. പുതിയ വൈ.ആർ ടെക്നോളജിയിൽ നമ്മുടെ ശരീരത്തെ വയറായി ഉപയോഗിക്കുന്നു, ഒരു കോപ്പർ വയറിന്‍റെ അത്ര ക്ഷമത ലഭിക്കില്ലെങ്കിലും, വയർലെസ് ടെക്നോളജിയെക്കാൾ കാര്യക്ഷമമാണ്. മനുഷ്യ ശരീരത്തെ ഒരു നെറ്റ്‌വർക്ക് ആക്കുകയാണ് വൈ.ആർ. അതിന് മൂന്ന് നേട്ടങ്ങളുണ്ട്. 1. ഡേറ്റ സുരക്ഷ. 2. ബ്ലൂ ടൂത്തിനെക്കാൾ ഇരട്ടി വേഗം. 3. ഉപകരണങ്ങൾക്കുവേണ്ട ഊർജ്ജത്തിന്‍റെ അളവ് കുറയ്ക്കല്‍. അധികം ചാര്‍ജ് ചെയ്യേണ്ടെന്ന് ചുരുക്കം.
റേഡിയോ സിഗ്നൽ, വൈഫൈ, ബ്ലൂടൂത്ത്, പണം ഇടപാടിൽ ഉപയോഗിക്കുന്ന എൻ.എഫ് എന്നിവ നമുക്ക് പരിചിതമാണ്. പക്ഷേ ഇവയെല്ലാം വായുവിലൂടെയാണ് ബന്ധപ്പെടുന്നത്. അതായത് ഈ ഉപകരണങ്ങൾ നമ്മുടെ വിവരങ്ങൾ അന്തരീക്ഷത്തിൽ നാലുപാടും തുറന്നു വിടുന്നു. എൻക്രിപ്ഷനിലൂടെ സുരക്ഷിതമാണെന്ന് അവകാശപ്പെടാമെങ്കിലും, വിദഗ്ധരായ ഹാക്കർമാർക്ക് ഇവയെല്ലാം തട്ടിയെടുക്കാം. കൂട്ടത്തിൽ ബ്ലൂടൂത്താണ് ഏറ്റവും സുരക്ഷ കുറഞ്ഞത്. നമ്മുടെ ബ്ലൂടൂത്ത് ഹെഡ്സെറ്റ് മറ്റ് ഫോണുകളില്‍ കണക്ട് ആവുന്നത് പതിവാണ്. ഇനി വൈ.ആറിലേക്ക് വരുമ്പോൾ ഒരു വിവരവും അന്തരീക്ഷത്തിലേക്ക് നൽകുന്നില്ല എന്നതാണ് പ്രത്യേകത. വിവരങ്ങൾ മുഴുവൻ നമ്മുടെ ശരീരത്തിലാണ്. നമ്മളെ ഒരാൾ സ്പർശിക്കാതെ ഈ വിവരങ്ങൾ കൈമാറില്ല. ഇനി ആരെങ്കിലും നമ്മളെ ഹാക്ക് ചെയ്യുകയാണെങ്കിൽ, ശരീരത്തിൽ സ്പർശിക്കണം, അതുകൊണ്ട് ആരാണെന്ന് എളുപ്പത്തിൽ തിരിച്ചറിയാനും ആകും.
നിലവിൽ നിർമ്മിച്ചിട്ടുള്ള വൈ.ആർ ചിപ്പിലൂടെ 4ോ എംബിപിഎസ് സ്പീഡ് ആണ് ലഭിക്കുന്നത്. അത് 20 വരെ ഉയർത്താനാകും. നമ്മൾ ഉപയോഗിക്കുന്ന ബ്ലൂടൂത്ത് സിസ്റ്റങ്ങളിൽ ശരാശരി രണ്ട് എംപിപിഎസ് ആണ് വേഗം. ഉപകരണങ്ങളുടെ ബാറ്ററി ലൈഫ് വൈ.ആർ ദീർഘിപ്പിക്കും. വൈഫൈ അടക്കമുള്ളവ അന്തരീക്ഷത്തിലേക്ക് വിവരങ്ങൾ നൽകുന്നതിനാൽ കൂടുതൽ ഊർജ്ജം ആവശ്യമാണ്. എന്നാൽ നമ്മുടെ ശരീരത്തെ ഉപയോഗിക്കുന്ന വൈ ആറിന് കുറഞ്ഞ ഊർജ്ജമേ ആവശ്യമുള്ളൂ. ഒപ്പം പേസ്മേക്കർ അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങള്‍ കൂടുതല്‍ കാലം ഉപയോഗിക്കാനും കഴിയും.
ഷെയ്ക്ക് ഹാൻഡുകൾ പോലും വിരളമാകുന്ന കാലത്ത് ഇനി വിവരങ്ങൾ കൈമാറാൻ മുട്ടി ഉരുമ്മി ഇരിക്കേണ്ട അവസ്ഥയാകുമോ. ഒപ്പം പരിചയമില്ലാത്തവരുടെ അടുത്തുപോലും പോകാത്ത സ്ഥിതിയിലേക്കും വൈ.ആർ നമ്മളെ എത്തിച്ചേക്കാം. വൈഡ് ഏരിയ നെറ്റ്‍വർക്ക്, ലോക്കൽ ഏരിയ നെറ്റ്‌വർക്ക്, എന്നിവയ്ക്കൊപ്പം ഇനിമുതൽ ബോഡി ഏരിയ നെറ്റ്‌വർക്കും ഉണ്ടാവുകയണ്. അവ സൃഷ്ടിക്കുന്ന ഗുണങ്ങളും ദോഷങ്ങളും കാത്തിരുന്നു തന്നെ അറിയണം