തട്ടിപ്പ് ക്ഷണക്കത്തിന്‍റെ രൂപത്തില്‍ വാട്സാപ്പില്‍ എത്തിയാലോ ? അതും സംഭവിച്ചുകഴിഞ്ഞു.ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ഒരു ഫയലിന്‍റെ രൂപത്തിലാണ് തട്ടിപ്പുകാര്‍ വാട്സാപ്പിലേക്ക് ഈ സ്പെഷ്യല്‍ വിവാഹ ക്ഷണക്കത്ത് അയക്കുക. ലിങ്കില്‍ ക്ലിക്ക് ചെയ്യേണ്ട താമസം എല്ലാ വ്യക്തിഗത വിവരങ്ങളും തട്ടിപ്പുകാരന്‍റെ കൈയില്‍ ഭദ്രമായിരിക്കും. ഹിമാചല്‍ പ്രദേശ് പൊലീസിലെ സൈബര്‍ വിഭാഗം അജ്ഞാത നമ്പറുകളിൽ നിന്നുള്ള ഇത്തരം സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാട്സാപ്പ് വിവാഹ ക്ഷണക്കത്ത് തട്ടിപ്പ് എങ്ങനെ ?
അറിയാത്ത നമ്പറിൽ നിന്നും ഒരു മെസേജ് വരും.അതില്‍ ഒരു വിവാഹ ക്ഷണക്കത്തും അതോടൊപ്പം ചില ഫയലുകളും കാണാം.വിവാഹ ക്ഷണങ്ങൾ വ്യക്തിപരവും പ്രിയപ്പെട്ടവര്‍ നേരിട്ട് അയക്കുന്നതുമായതിനാല്‍ വാട്സാപ്പ് യൂസറിന്‍റെ വിശ്വാസ്യത എളുപ്പം നേടാനാകും. മെസേജില്‍ ഒരു ലിങ്ക് നല്‍കിയിട്ടുണ്ടാകും.അതില്‍ ക്ലിക്ക് ചെയ്താല്‍ അല്ലെങ്കിൽ അയച്ച ഇൻഫെക്ടഡ് ഫയൽ ഡൗൺലോഡ് ചെയ്താൽ വ്യാജ വെബ്സൈറ്റിലേക്കോ പേയ്‌മെന്‍റ് പോർട്ടലിലേക്ക് റീഡയറക്‌റ്റ് ചെയ്യാൻ വഴിയൊരുക്കും. ഈ രീതിയിൽ, സൈബർ കുറ്റവാളികൾ ഉപഭോക്താവിന്‍റെ സ്വകാര്യ വിവരങ്ങൾ എടുക്കുകയും, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ എന്നിവ കൈവശപ്പെടുത്തുകയും ചെയ്യും. സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് ഫോണിന്‍റെ ഉടമസ്ഥനെന്ന വ്യാജേന തട്ടിപ്പ് നടത്താനുള്ള സാധ്യതയുമുണ്ട്.
തട്ടിപ്പില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം?
ഇന്ത്യയിൽ, ഓൺലൈൻ തട്ടിപ്പുകൾ, ഡാറ്റാ ലംഘനങ്ങൾ, സൈബർ ആക്രമണങ്ങള്‍ എന്നിവ സൈബർ സുരക്ഷാ നിയമം 2000-ലെ ഇൻഫർമേഷൻ ടെക്നോളജി (IT) ആക്ട് പ്രകാരം കുറ്റകരമാണ്. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് മൂന്ന് വർഷം വരെ ജയില്‍ ശിക്ഷയും പിഴയും ലഭിക്കും.
സൈബർ തട്ടിപ്പുകള്‍ക്കിരയായാല്‍ പ്രാദേശിക സൈബർ സെല്ലിലോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ട(cybercrime.gov.in)ലിലോ പരാതിപ്പെടാം. പരാതിയില്‍ തട്ടിപ്പിന്‍റെ വിശദാംശങ്ങളും സ്ക്രീൻഷോട്ടുകളും ട്രാന്‍സാക്ഷന്‍ വിവരങ്ങളും ചേര്‍ക്കാന്‍ ശ്രദ്ധിക്കണം.