TOPICS COVERED

പ്രധാനപ്പെട്ട മൂന്ന് ഫോണുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി ആപ്പിള്‍. ഐഫോണ്‍ 14ന്‍റെ വില്‍പ്പന ഇതിനോടകം പല രാജ്യങ്ങളില്‍ നിന്നും നിരോധിച്ചിരുന്നു. ചാര്‍ജിങ്ങിനായി ലൈറ്റ്നിങ് പോര്‍ട്ടുകള്‍ വരുന്ന ഫോണുകള്‍ പിന്‍വലിക്കുകയെന്നതാണ് ആപ്പിളിന്‍റെ പ്രധാന ലക്ഷ്യം എന്ന് കരുതപ്പെടുന്നു.ഐഫോണ്‍ 14, 16ന്‍റെ റിലീസിന് ശേഷം പിന്‍വലിക്കുമെന്ന് അഭ്യൂഹങ്ങളണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് യൂറോപ്പിലും മറ്റ് രാജ്യങ്ങളുലും ഐഫോണ്‍ 14 ഉള്‍പ്പടെയുള്ള മൂന്ന് ഫോണുകളുടെ വില്‍പ്പന നിര്‍ത്താനുള്ള നീക്കം. ഐഫോണ്‍ 14നൊപ്പം 14പ്ലസ് , എസ്.ഇ സീരീസിലെ തന്നെ ഏറ്റവും പുതിയ ഫോണായ എസ്.ഇ-3 (തേര്‍ഡ് ജനറേഷന്‍) തുടങ്ങിയവയുടെ വില്‍പ്പനയും നിര്‍ത്തിയേക്കും. ഈ ഡിവൈസുകള്‍ ആപ്പിളിന്‍റെ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നും ഒഴിവാക്കി കഴിഞ്ഞു.

എന്നാല്‍ ഉപഭോക്താക്കള്‍ക്ക് മാര്‍ക്കറ്റുകളില്‍ നിന്നും ഈ ഫോണുകള്‍ വാങ്ങാനും കഴിയില്ല. ലൈറ്റ്നിങ് പോര്‍ട്ടുകളുടെ ഉപയോഗം കുറയ്ക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍റെ നിര്‍ദേശത്തിന് പിന്നാലെയാണ് ആപ്പിളിന്‍റെ ഈ നടപടി. 2022-ൽ പാസാക്കിയ യൂറോപ്യൻ യൂണിയന്‍റെ വിധിയെ അടിസ്ഥാനമാക്കിയായിരുന്നു ഈ നിയന്ത്രണം. യൂണിയന്‍ അംഗമായ 27 അംഗരാജ്യങ്ങളില്‍ വില്‍ക്കുന്ന സ്മാർട്ട്‌ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി ഉപയോഗിക്കണമെന്നായിരുന്നു വിധി. ആപ്പിൾ തുടക്കത്തിൽ ഈ വിധിയെ വെല്ലുവിളിച്ചെങ്കിലും ഒടുവിൽ അത് പാലിച്ചു. ഐഫോണ്‍ 14, ഐഫോണ്‍ 14 Plus, ഐഫോണ്‍ SE (മൂന്നാം തലമുറ) എന്നിവയ്ക്ക് USB-C പോർട്ടുകൾ ഇല്ലാത്തതിനാൽ വില്‍പന നിര്‍ത്തിവെയ്ക്കുകയല്ലാതെ ആപ്പിളിന് വേറെ മാര്‍ഗമില്ല.

ഇതിനുപിന്നാലെ പല രാജ്യങ്ങളിലും ലൈറ്റ്നിങ് പോര്‍ട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ പിന്‍വലിക്കാനുള്ള തിരക്കിലാണ് ആപ്പിള്‍ കമ്പനി. ഓസ്ട്രിയ, ഫിൻലാൻഡ്, ബെൽജിയം, ഡെൻമാർക്ക്, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, അയർലൻഡ്, നെതർലാൻഡ്‌സ്, സ്വീഡൻ എന്നിവിടങ്ങളിലും ഈ ഐഫോണുകളുടെ വിൽപ്പന കമ്പനി നിർത്തിവച്ചുകഴിഞ്ഞു. രസകരമായ സംഭവമെന്തെന്നാല്‍ യൂറോപ്യൻ യൂണിയനിൽ അംഗമല്ലാത്ത സ്വിറ്റ്സർലൻഡിലും ഈ മൂന്ന് ഐഫോൺ മോഡലുകളുടെ വിൽപ്പന നിരോധിച്ചിരിക്കുന്നു. നോർത്തേൺ അയർലണ്ടിലും ഉപഭോക്താക്കൾക്ക് ഇനി ഈ ഡിവൈസുകള്‍ വാങ്ങാന്‍ സാധിക്കില്ല. അതേസമയം, ഐഫോണ്‍ 17 എയറിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നുകഴിഞ്ഞു, ഈ മോഡൽ ആപ്പിളിന്‍റെ ഇതുവരെയുള്ള ഇറങ്ങിയ മോഡലുകളിലെ ഏറ്റവും കനം കുറഞ്ഞ ഐഫോണായി കണക്കാക്കപ്പെടുന്നു. അടുത്ത വർഷം സെപ്റ്റംബറിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

ENGLISH SUMMARY:

apple discontinues three iphones including iphone 14 in certain markets