വാട്സാപ് ഉപയോഗിക്കുന്നതിനിടയില്‍ എന്തെങ്കിലും തടസം നേരിട്ടാല്‍ എന്തുചെയ്യും? ഒന്നുകില്‍ ഗൂഗിള്‍ ചെയ്ത് അങ്ങനെയൊരു പ്രശ്നം ഇതിനുമുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും അല്ലെങ്കില്‍ അടുത്ത അപ്ഡേറ്റ് വരെ കാത്തിരിക്കും. അല്ലേ? ഇനി അതിന്‍റെ ആവശ്യമില്ലെന്നാണ് വാട്സാപ് പറയുന്നത്. ഉപഭോക്താക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വാട്സാപ് വെബില്‍ 'ചാറ്റ് വിത്ത് അസ്' ഫീച്ചര്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് മെറ്റ.
ലോകത്തെമ്പാടും കോടിക്കണക്കിന് പേര്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്സാപ്. രണ്ട് ബില്യണില്‍ അധികം സജീവ ഉപഭോക്താക്കളാണ് ആപ്പിനുള്ളത്. കൂടുതല്‍ ആളുകള്‍ വാട്സാപ്പ് ഉപയോഗിക്കാനുള്ള പ്രധാന കാരണം കൈകാര്യം ചെയ്യാനുള്ള എളുപ്പമാണ്. ആര്‍ക്കും പ്രായഭേദമന്യേ ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്പിന്‍റെ ഘടന തന്നെ. ഫോട്ടോകളില്‍ നിന്നും സ്റ്റിക്കര്‍ ഉണ്ടാക്കല്‍, ചാറ്റുകള്‍ പ്രത്യേക ലിസ്റ്റുകളാക്കല്‍ തുടങ്ങി വ്യത്യസ്തമായ പല ഫീച്ചറുകളും വാട്സാപ് ഉപഭോക്താക്കള്‍ക്കായി നല്‍കാറുണ്ട്. കഴിഞ്ഞ വര്‍ഷം വാട്സാപിന്‍റെ പ്രധാന അപ്ഡേറ്റ് എ.ഐ ( ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ) സപ്പോര്‍ട്ട് ആയിരുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് സംശയ ദൂരീകരണത്തിനും റിയലിസ്റ്റിക് ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനും സഹായകരമായി. ഇപ്പോള്‍ മെറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഹ്യൂമന്‍ ചാറ്റ് അസിസ്റ്റന്‍റുകളെ ആപ്പിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഇത് വഴി ഉപഭോക്താക്കള്‍ക്ക് വാട്സാപ് ഉപയോഗത്തിനിടെ എന്തെങ്കിലും തടസം സംഭവിച്ചാല്‍ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവുമായി നേരിട്ട് സംസാരിക്കാന്‍ സാധിക്കും.
കസ്റ്റമര്‍ കെയറിനോട് സംസാരിക്കാന്‍ ഉപഭോക്താവ് റിക്വസ്റ്റ് അയക്കുന്നപക്ഷം ഇത് ആക്ടീവാകും. വാട്സാപ് തിരിച്ച് മെസേജ് അയച്ച് എന്താണ് പ്രശ്നമെന്ന് ചോദിക്കും. എ.ഐ ചാറ്റ്ബോട്ടോ, ഓട്ടോമേറ്റഡ് മെസെഞ്ചറോ ആയിരിക്കും ഉപഭോക്താവിന്‍റെ ചോദ്യത്തിന് പ്രതികരിക്കുക. രണ്ടോ മൂന്നോ മെസേജുകള്‍ക്ക് ശേഷം വാട്സാപ് തന്നെ ഒരു ഹ്യൂമന്‍ റെസ്പോണ്ടറിനോട് സംസാരിക്കാനുള്ള ഓപ്ഷന്‍ വാഗ്ദാനം ചെയ്യും. പ്രശ്നം ഗൗരവമേറിയതാണെങ്കില്‍ വാട്സാപ് ഒരു എക്സിക്യൂട്ടിവിനെ പ്രശ്ന പരിഹാരത്തിനായി ചുമതലപ്പെടുത്തുകയും ചെയ്യും. നിലവില്‍ ഫ്രീക്വന്‍റ്ലി ആസ്ക്ഡ് ക്വസ്റ്റ്യന്‍സ് (FAQ) വായിച്ചാണ് ഉപഭോക്താക്കള്‍ പ്രശ്നപരിഹാരം കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന പുതിയ ഇൻ-ആപ്പ് കസ്റ്റമർ കെയർ റെസ്‌പോൺസ് ഫീച്ചർ ഓട്ടോമേറ്റഡ് ചാറ്റ്‌ബോട്ടുകളുമായി ഇടപഴകുന്നതിനേക്കാൾ വേഗത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കും.