മൊബൈൽഫോണുകളും ലാപ്ടോപ്പുകളും കുട്ടികളുടെ നിയന്ത്രണത്തിലായപ്പോൾ ഗെയിമിന്റെ മായിക ലോകത്തിലാണ് കുട്ടികള്‍. സാങ്കൽപിക ലോകത്ത് വെടിവെച്ചും ബോംബിട്ടും വിജയിച്ചു മുന്നേറാമെന്ന് കരുതി തളര്‍ന്നു വീഴുകയാണ് ഇളംമനസുകള്‍. ഒരിക്കലും അവസാനിക്കാത്ത കളികള്‍ ആത്മഹത്യയിലേക്കും ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കും കടക്കെണിയിലേക്കും തളളിവിടുന്നു.
പബ്ജിയുടെ നിരോധനത്തോടെ കളംപിടിച്ച ഫ്രീഫയർ ഗെയിം. തീർത്തും അക്രമാസക്തമായ പശ്ചാത്തലത്തിലൂടെ സാങ്കൽപിക ലോകത്തേക്ക് എത്തിക്കുകയാണ്. പരസ്പരം വെടിവെച്ചും ബോംബിട്ടും മുന്നേറാന്‍ വെമ്പുന്ന കൗമാരക്കാരും യുവാക്കളും.
ഗ്രാഫിക്സിന്റെ അതിപ്രസരം നിറഞ്ഞ കളിയില്‍ അടിക്കടി നൽകുന്ന ടാസ്കുകള്‍ ഓൺലൈൻ ഗെയിമുകൾ കളിക്കാൻ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നു. ലക്ഷ്യത്തിലെത്തിയാൽ അതോടെ കളിനിർത്താമെന്ന് കരുതുമെങ്കിലും മിക്കതും അനന്തമാണ്. ഒന്നു പൂർത്തിയാക്കിയാൽ അടുത്ത ടാസ്ക് എത്തും. സൗജന്യമായി ഗെയിം കളിക്കാം എന്നാണ് പറയുന്നതെങ്കിലും പ്രലോഭനക്കെണിയില്‍ പണം നഷ്ടപ്പെടും. പലതരം തോക്കുകൾ കൊണ്ടുള്ള വെടിവയ്പിൽ എതിരാളിയുടെ തല പിളർക്കുന്നതും ചോര ചിന്തുന്നതുമൊക്കെ നേരിട്ടുള്ള ദൃശ്യം പോലെയാണു കുട്ടികൾക്കു മുന്നിൽ തെളിയുക. ഇതു കുട്ടികളിലെ ആക്രമണോത്സുകത വർധിപ്പിക്കുന്നു.