കേരളത്തില്‍ പുത്തന്‍ നേട്ടവുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്). കേരള സര്‍ക്കിളില്‍ ബിഎസ്എന്‍എല്‍ ഏഴ് ലക്ഷം ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ പൂര്‍ത്തിയാക്കി(ഭാരത് ഫൈബര്‍). ചരിത്ര നേട്ടത്തില്‍ കേരളത്തിന് നന്ദി പറഞ്ഞ ബിഎസ്എന്‍എല്‍, കേരള സര്‍ക്കിളിലെ മികച്ച ടീമിന്‍റെ അതിശയകരമായ നേട്ടമാണിതെന്ന് ട്വീറ്റ് ചെയ്തു.
പത്തനംതിട്ട ബിസ്നസ് ജില്ലയില്‍ മാത്രം 50,000 ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് കണക്ഷനുകളാണ് ബിഎസ്എന്‍എല്‍ നേടിയത്. ജില്ലയില്‍ ശബരിമല തിര്‍ഥാടന കാലത്തടക്കം കമ്പനി നല്‍കുന്ന സേവനങ്ങള്‍ക്ക് ആന്‍റോ ആന്‍റണി എം.പി നന്ദി പറഞ്ഞു. നഷ്ട കണക്കുകള്‍ നികത്തി ഈ സാമ്പത്തിക വര്‍ഷം 262 കോടി ലാഭത്തിലായതില്‍ കമ്പനിയെ അദേഹം അഭിനന്ദിക്കുകയും ചെയ്തു.
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് സര്‍വീസ് സേവനദാതാക്കളാണ് ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്‍റെ ഫൈബര്‍-ടു-ദി-ഹോം സേവനമാണ് ഭാരത് ഫൈബര്‍ എന്ന പേരുകളില്‍ അറിയപ്പെടുന്നത്. ഫൈബര്‍ ഒപ്റ്റിക് സാങ്കേതികവിദ്യയിലൂടെ ഹൈ-സ്‌പീഡ് ഇന്‍റര്‍നെറ്റും മറ്റ് കണക്റ്റിവിറ്റി സൗകര്യങ്ങളുമാണ് ഭാരത് ഫൈബര്‍ വാഗ്ദാനം ചെയ്യുന്നത്.
ബിഎസ്എന്‍എല്‍ എഫ്‌ടിടിഎച്ച് 2 എംബിപിഎസ് മുതല്‍ 300 എംബിപിഎസ് വരെ വേഗം പ്ലാനുകള്‍ അനുസരിച്ച് നല്‍കുന്നുണ്ട്. വോയിസ് ടെലിഫോണി, ഐപിടിവി സേവനങ്ങളും ഭാരത് ഫൈബര്‍ വഴി ബിഎസ്എന്‍എല്‍ ബ്രോഡ്‌ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.