ഹൈപ്പര്‍ ലൂപ്പ്... ഭാവി തലമുറയെ യാത്രാ വിപ്ലവത്തിലേക്ക് നയിക്കുക ഹൈപ്പര്‍ലൂപ്പിന്‍റെ വരവാകും. 2013–ല്‍ ഇലോണ്‍ മസ്ക് ഇട്ട ആശയത്തിന്‍റെ വിത്ത് ലോകമൊട്ടാകെ ഏറ്റെടുത്തു. ഒപ്പം രാജ്യവും.
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഹൈപ്പർലൂപ് ട്യൂബ് ആണ് ഐഐടി മദ്രാസിൽ വികസിപ്പിക്കുന്നതെന്നും അധികം വൈകാതെ ലോകത്തിലെ ഏറ്റവും നീളമേറിയ ട്യൂബ് ആക്കി മാറ്റുമെന്നുമാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം പറഞ്ഞത്. 410 മീറ്റർ നീളമുള്ള ട്യൂബ് ആണ് ഐഐടിയിലെ ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിക്കുന്നത്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മുഴുവൻ പരീക്ഷണ സംവിധാനവും വികസിപ്പിച്ചത്. ഇതുവരെ നടത്തിയ പരീക്ഷണങ്ങൾ വിജയിച്ചതിനാൽ അധികം വൈകാതെ തന്നെ ഇന്ത്യയിൽ ഹൈപ്പർലൂപ് ഗതാഗതം ആരംഭിക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മണിക്കൂറിൽ 1,000 കിലോമീറ്ററിലേറെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന അഞ്ചാം തലമുറ ഗതാഗത മാർഗമാണ് ഹൈപ്പർലൂപ്. ട്യൂബ് രൂപത്തിലുള്ള ഹൈപ്പർലൂപ്പിനകത്തെ പോഡ് ആണ് അതിവേഗം സഞ്ചരിക്കുക. മാഗ്‌നറ്റിക് ഫീൽഡിന്‍റെ സഹായത്തോടെ, ട്രാക്കിലൂടെ സഞ്ചരിക്കുന്നതിനു പകരം ട്രാക്കിൽ നിന്ന് ഉയർന്നാണു പോഡ് കുതിക്കുക. റെയിൽവേയുമായി ചേർന്ന് 2022ലാണ് ഐഐടിയിൽ ഗവേഷണത്തിന് തുടക്കമിട്ടത്. മണിക്കൂറിൽ 1,100 കിലോമീറ്ററിലേറെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന രാജ്യത്തെ ആദ്യ ഹൈപ്പർലൂപ് പരിശോധനാ ട്രാക്ക് കഴിഞ്ഞ ഡിസംബറിലാണ് പൂർത്തിയാക്കിയത്.