പെൺസുഹൃത്തിനോട് മിണ്ടിയതിന്‍റെ പേരില്‍, യുവാവിനെ ഇരുമ്പ് വടി കൊണ്ട് മര്‍ദിച്ച്, ആ ദൃശ്യം വാട്ട്സാപ്പ് സ്റ്റാറ്റസാക്കി കാപ്പാ കേസ് പ്രതി. അടിയേറ്റ യുവാവിന്‍റെ ഫോണെടുത്ത് അതിലെ വാട്ട്സാപ്പിലാണ് മര്‍ദന ദൃശ്യം സ്റ്റാറ്റസാക്കിയത്. മുളവുകാടാണ് സംഭവം.
ശ്രീരാജാണ് യുവാവിനെ മർദിച്ച് അവശനാക്കി, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ഇരുമ്പ് വടി കൊണ്ടുള്ള ക്രൂര മര്‍ദനം. പ്രാണരക്ഷാര്‍ഥം യുവാവ് ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
ശ്രീരാജിന്‍റെ പെണ്‍സുഹൃത്തുമായി സംസാരിച്ചു എന്ന നിസാര കാരണം പറഞ്ഞാണ് യുവാവിനെ അടിച്ചും തൊഴിച്ചും അവശനാക്കിയത്. യുവാവ് ഉറക്കെ നിലവിളിക്കുമ്പോള്‍, ഒച്ചയെടുത്താന്‍ നാക്കും ചെവിയും മുറിക്കും എന്നാണ് ശ്രീരാജ് ആക്രോശിക്കുന്നത്.
തന്‍റെ പെണ്‍സുഹൃത്തിന്‍റെ വീടും ശ്രീരാജ് അടിച്ചുതകര്‍ത്തു. യുവതിയുടെ കാലില്‍ കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തു. പൊലീസ് പിടികൂടിയതോടെ, ‘പണി’ സിനിമയിലെ ദൃശ്യം അനുകരിച്ചാണ് മര്‍ദിച്ചതെന്നാണ് ഇയാളുടെ മൊഴി. പെൺ സുഹൃത്തിനുള്ള മുന്നറിയിപ്പെന്നാണിതെന്നും ശ്രീരാജ് പറയുന്നു.
നാല് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട താന്തോന്നി തുരുത്തിലുള്ളയാളാണ് പ്രതി. സാധാരണ പൊലീസ് എത്തുമ്പോള്‍ ഇവന്‍ വെള്ളത്തില്‍ ചാടി രക്ഷപ്പെടാറാണ് പതിവ്. ഇത്തവണ മുന്‍കരുതലോടെ എത്തിയ പൊലീസ് തന്ത്രപൂര്‍വം പ്രതിയെ കുരുക്കുകയായിരുന്നു. മര്‍ദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ശ്രീരാജിനെ മുളവുകാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.