ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണെന്ന് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ. എ ഐ സാങ്കേതികവിദ്യ ഒരു സുവര്‍ണകാലഘട്ടം തീര്‍ക്കുമെന്ന് പിച്ചൈ അഭിപ്രായപ്പെട്ടു. എ ഐയെ വേണ്ടവിധം ഉപയോഗപ്പെടുത്താത്തതാണ് ഏറ്റവും വലിയ അപകടമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കി. പാരീസില്‍ നടന്ന എ ഐ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു സുന്ദര്‍ പിച്ചൈ. എ ഐ വികസനത്തിനായി ഗൂഗിള്‍ 75 ബില്യണ്‍ ഡോളര്‍ മുടക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.
എഐയുടെ മുഴുവന്‍ സാധ്യതകളെയും ഉപയോഗപ്പെടുത്താന്‍ ആവശ്യമായ നാല് പ്രധാന ഘടകങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. നവീകരണവും വ്യാപനവും പ്രോത്സാഹിപ്പിക്കൽ, അടിസ്ഥാന സൗകര്യമൊരുക്കല്‍ , തൊഴില്‍ മേഖലയെ എഐയുമായി പൊരുത്തപ്പെടുത്തല്‍, ബോധപൂര്‍വ്വവും ഉത്തരവാദിത്വത്തോടെയുമുള്ള മുന്നേറ്റം എന്നിവയാണവ. എ ഐയുടെ സാധ്യതകള്‍ മനസിലാക്കുന്നതിനോടൊപ്പം തന്നെ പരിമിതികളെക്കുറിച്ചും വ്യക്തമായ ബോധം വേണം.കൃത്യത സംബന്ധിച്ച പ്രശ്നങ്ങൾ, ദുരുപയോഗ സാധ്യതകൾ, ഡിജിറ്റൽ ഡിവൈഡിലൂടെ വരുന്ന അപകടങ്ങള്‍ എന്നിവ ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വിജയകരമായ എഐ നയം രൂപീകരിക്കാന്‍, ആപത്തുകള്‍ തടയാന്‍ സൂക്ഷ്മത പുലർത്തുമ്പോഴും, ഒരിക്കലും നവീകരണവും പുരോഗതിയും തടയരുത്, പുതിയ നിയമങ്ങൾ സൃഷ്ടിക്കുന്നതിനുപകരം നിലവിലുള്ള നിയമങ്ങൾ വച്ച് പ്രശ്നപരിഹാരം നടത്തണം, രാജ്യങ്ങൾക്കിടയിൽ ഐക്യദാർഢ്യം പുലർത്തണം, സർക്കാരുകൾ എഐ നിക്ഷേപങ്ങൾക്കും ആശങ്കകൾക്കും സുതാര്യമായ സമീപനം സ്വീകരിക്കണം എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും പിച്ചൈ അഭിപ്രായപ്പെട്ടു.നാമിപ്പോഴും എ ഐയുടെ പ്രാരംഭ കാലഘട്ടത്തിലാണെങ്കിലും നമ്മുടെയൊക്കെ ജീവിതകാലത്തെ ഏറ്റവും വലിയ മാറ്റങ്ങവിലൊന്നായി എ ഐ മാറുമെന്നും ഗൂഗിള്‍ സി ഇ ഒ കൂട്ടിച്ചേര്‍ത്തു.
ഗൂഗിള്‍ ഡീപ് മൈന്‍ഡ് സി.ഇ.ഒ ഡെമിസ് ഹസാബിസ് ചൈനയിൽ നിന്നുള്ള ഡീപ് സീക്ക് എഐ മോഡലിനെ പ്രശംസിച്ചു. ചൈനയിൽ നിന്നുള്ള ഏറ്റവും മികച്ച പ്രവർത്തനം ആണിത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഞ്ചിനീയറിംഗ് നിലയിലും ഭൂമിശാസ്ത്രപരമായ (geopolitical) പ്രാധാന്യത്തിലും ഡീപ്സീക്ക് ഏറെ മുന്നിലാണെന്നും ഹസാബിസ് പറഞ്ഞു. എന്തൊക്കെയാണെങ്കിലും ടെക്നോളജിക്കൽ തലത്തിൽ അത്ര വലിയൊരു മാറ്റമല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.